Advertisement
Bihar Election 2020
അധികാരം നിലനിര്‍ത്തിയതില്‍ ബി.ജെ.പിയ്ക്ക് സന്തോഷിക്കാം, യഥാര്‍ത്ഥ ഹീറോ തേജസ്വി തന്നെയെന്ന് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 12, 03:30 am
Thursday, 12th November 2020, 9:00 am

മുംബൈ: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയം എന്‍.ഡി.എയ്ക്ക് ആണെങ്കിലും യഥാര്‍ത്ഥ വിജയി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവാണെന്ന് ശിവസേന. സേന മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് ഈ പരാമര്‍ശം.

‘ബീഹാറില്‍ ഭരണയന്ത്രം തിരിക്കാനുള്ള അധികാരം ഒടുവില്‍ ബി.ജെ.പിയുടെ കൈയ്യിലെത്തി. നിതീഷ് കുമാര്‍ ഉടനെ മുഖ്യമന്ത്രിയാകും. ബീഹാറിലെ ബി.ജെ.പിയുടെ വിജയം പ്രധാനമന്ത്രിയ്ക്ക് കൂടി അവകാശപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് മാമാങ്കത്തില്‍ എന്‍.ഡി.എ വിജയക്കൊടി പാറിച്ചെങ്കിലും ശരിക്കുള്ള വിജയി 31 കാരനായ തേജസ്വി യാദവാണ്’- ലേഖനത്തില്‍ പറയുന്നു.

‘തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനെ നയിച്ച ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. ബി.ജെ.പിയ്ക്ക് ആ ഭാഗ്യമുണ്ടായില്ല. അതുകൊണ്ട് അധികാരം കൈയില്‍ നിന്നു പോകാതെ കാത്തത് ബി.ജെ.പിയ്ക്ക് ആഘോഷിക്കാം. പക്ഷെ യഥാര്‍ത്ഥ ഹീറോ ഇപ്പോഴും തേജസ്വി തന്നെയാണ്’- ശിവസേന പറഞ്ഞു.

അതേസമയം തേജസ്വിയെ പ്രശംസിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഉമാ ഭാരതി രംഗത്തെത്തിയിരുന്നു. തേജസ്വി വളരെ നല്ല ആളാണെന്നും കുറച്ചു കൂടി പ്രായമാകുമ്പോള്‍ ബീഹാറിനെ നയിക്കാന്‍ കഴിയുമെന്നാണ് ഉമാ ഭാരതി പറഞ്ഞിരിക്കുന്നത്.

ലാലു പ്രസാദ് യാദവ് ബീഹാറിനെ ജംഗിള്‍ രാജ് ആക്കിയെങ്കിലും തേജസ്വിക്ക് ബീഹാറിനെ നയിക്കാന്‍ പറ്റുമെന്ന് പറഞ്ഞ ഉമാ ഭാരതി നിലവില്‍ തേജസിക്ക് ഭരിക്കാനുള്ള പക്വത വന്നിട്ടില്ലെന്നും കുറച്ച് കാലം കഴിയുമ്പോള്‍ അതിന് സാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനെ നയിച്ച ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. 75 സീറ്റുകളിലാണ് ആര്‍.ജെ.ഡി ജയിച്ചത്. മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിച്ചത്. 43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്.

എ.ഐ.എം.ഐ.എം 5 ഉം ബി.എസ്.പി ഒന്നും സീറ്റില്‍ വിജയിച്ചു. 16 സീറ്റില്‍ ഇടതുപക്ഷവും ജയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Shivasena Praises Thejaswi Yadav After Bihar Polls