Advertisement
Cricket
ഇങ്ങനെയൊരു അടി ടി-20 ചരിത്രത്തിലാദ്യം; സഞ്ജുവിന്റെ വിശ്വസ്തന്റെ അഴിഞ്ഞാട്ടത്തിൽ ക്രിക്കറ്റ് ലോകം കോരിത്തരിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 06, 06:20 am
Friday, 6th September 2024, 11:50 am

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗയാന ആമസോണ്‍ വാറിയേഴ്‌സിന് തകര്‍പ്പന്‍ വിജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എസ്.കെ.എന്‍ പേട്രിയേറ്റ്‌സിനെ 40 റണ്‍സിനാണ് ഗയാന പരാജയപ്പെടുത്തിയത്.

വെര്‍ണര്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഗയാന ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗയാന നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് എതിരാളികള്‍ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ എസ്.കെ.എന്‍ 18 ഓവറില്‍ 226 റണ്‍സിന് പുറത്താവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഗയാനയ്ക്ക് വേണ്ടി വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍താരം ഷിമ്റോൺ ഹെറ്റ്‌മെയര്‍ 39 പന്തില്‍ 91 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 233.33 പ്രഹര ശേഷിയില്‍ 11 കൂറ്റന്‍ സിക്‌സുകളാണ് താരം നേടിയത്. ഹെറ്റ്‌മെയറിന്റെ ഇന്നിങ്‌സില്‍ ഒരു ഫോര്‍ പോലും പിറന്നിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയമായത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് വിന്‍ഡീസ് താരം സ്വന്തമാക്കിയത്. ടി-20യില്‍ ഒരു ഇന്നിങ്‌സില്‍ ഒരു ഫോര്‍ പോലും നേടാതെ പത്ത് സിക്‌സറുകൾ നേടുന്ന താരമായി മാറാനാണ് ഹെറ്റ്‌മെയറിന് സാധിച്ചത്.

ഹെറ്റ്‌മെയറിന് പുറമെ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍താരം റഹ്‌മാനുള്ള ഗുര്‍ബാസ് 37 പന്തില്‍ 69 റണ്‍സും നേടി നിര്‍ണായകമായി. നാല് ഫോറുകളും ആറ് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കീമോ പോളും കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. 14 പന്തില്‍ 38 റണ്‍സാണ് താരം നേടിയത്. നാല് ഫോറുകളും മൂന്ന് സിക്‌സുമാണ് കീമോ അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ എസ്.കെ.എന്നിനായി ക്യാപ്റ്റന്‍ ആന്ദ്രേ ഫ്‌ളച്ചര്‍ 33 പന്തില്‍ 81 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. നാല് ഫോറുകളും ഒമ്പത് സിക്‌സുമാണ് താരം നേടിയത്. ഷെര്‍ഫാൻ റൂഥര്‍ഫോര്‍ഡ് 12 പന്തില്‍ 34 റണ്‍സും മൈക്കില്‍ ലൂയിസ് 21 പന്തില്‍ 31 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

ഗയാനയുടെ ബൗളിങ്ങില്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ താഹിര്‍ മൂന്ന് വിക്കറ്റുകള്‍ നേടി നിര്‍ണായകമായി. ഡെയ്ന്‍ പ്രിട്ടോറിയസ് രണ്ട് വിക്കറ്റും കീമോ പോള്‍, റെയ്മണ്‍ റീഫര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവുമായി നാല് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ആമസോണ്‍ വാറിയേഴ്‌സ്. സെപ്റ്റംബര്‍ എട്ടിന് സെയ്ന്റ് ലൂസിയ കിങ്‌സിനെതിരെയാണ് ഇമ്രാന്‍ താഹിറിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം. ബ്യൂസ്‌ജോര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Shirmon Hetmyr Create a New Record in T20