സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് വന്ന് പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത് മലയാളത്തില്‍ സജീവമായ നടനാണ് ഷൈന്‍ ടോം ചാക്കോ. താരത്തിന്റെ 100ാമത്തെ സിനിമയായ വിവേകാനന്ദന്‍ വൈറലാണ് കഴിഞ്ഞ മാസം റിലീസായിരുന്നു. നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന തുണ്ടാണ് ഷൈനിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ ഡയലോഗ് ഡെലിവറിയുടെ പേരില്‍ താന്‍ നേരിടുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചു.
ഈയടുത്തായി ഡയലോഗ് ഡെലിവറിയുടെ കാര്യത്തില്‍ ഷൈന്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ്, അതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘വിമര്‍ശനങ്ങള്‍ ഒരിക്കലും വേദനിപ്പിക്കാറില്ല. ഒരു കഥാപാത്രത്തിന് വേണ്ട വ്യക്തത നമ്മുടെ സംഭാഷണത്തിലും ശബ്ദത്തിലും, സ്റ്റൈലിലും ഒക്കെ കൊണ്ടുവരണം. നമ്മുടെ വേഷവും അപ്പിയറന്‍സുമൊക്കെ അനുസരിച്ച് ഉണ്ടായി വരുന്നതാണ് ആ ശബ്ദം. എല്ലാ ക്യാരക്ടേര്‍സും ഒരുപോലെയല്ല. ചെറിയ ചില വ്യത്യാസങ്ങളുണ്ട്. എല്ലാ ആളുകളും അക്ഷരസ്ഫുടതയില്‍ സംസാരിക്കുന്നവരല്ലല്ലോ. നമ്മള്‍ ഇപ്പോഴൊരു കാസര്‍ഗോഡുകാരനെ കണ്ടു കഴിഞ്ഞാല്‍ അയാള്‍ പറയുന്ന വല്ലതും മനസിലാകുമോ? അവരോട് കുറച്ചുനേരം സംസാരിച്ചാല്‍ അയാള്‍ പറയുന്നത് മനസിലാവും.
ഇതേ കാര്യം ആക്ടേഴ്‌സിന്റെ വിഷയത്തില്‍ വരുമ്പോള്‍ അവരുടെ സംഭാഷണം പെട്ടെന്ന് മനസിലാവാന്‍ പ്രയാസമായിരിക്കും. പണ്ടുള്ള സിനിമകളുടെ കാര്യമെടുത്താല്‍ മാമുക്കോയ പറയുന്ന കാര്യമൊന്നും ആദ്യം മനസിലാവില്ല. പിന്നീട് ആ ശൈലി പിടി കിട്ടുമല്ലോ. അതുപോലെ സിങ്ക് സൗണ്ട് ഒക്കെ ആദ്യകാലത്ത് പ്രയാസമായിരുന്നു മനസിലാക്കാന്‍. ഇപ്പോള്‍ പക്ഷേ അത് മനസിലാക്കാന്‍ പറ്റുമല്ലോ’ ഷൈന്‍ പറഞ്ഞു.
ബിജു മേനോനാണ് തുണ്ടിലെ നായകന്‍. ഇവരെക്കൂടാതെ ജോണി ആന്റണി, കോട്ടയം നസീര്‍, വിനീത് തട്ടില്‍, ഗോകുലന്‍ എന്നിവരാണ് തുണ്ടിലെ മറ്റ് താരങ്ങള്‍. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനും ജിംഷി ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപി സുന്ദറാണ് സിനിമയുടെ സംഗീതം. ജിംഷി ഖാലിദ് ഛായാഗ്രഹണവും, നബു ഉസ്മാന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഫെബ്രുവരി 16ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Shine Tom Chacko reacts to the criticism about his dialogue delivery