Advertisement
Entertainment news
ഓ പിന്നേ, അവര് എന്നെ പിന്നാലെ വന്ന് പേടിപ്പിക്കും; രാത്രി ഭാസ്‌കര പിള്ളയാകും രാവിലെ വെയിലാകും: കഥാപാത്ര മാറ്റത്തെക്കുറിച്ച് ഷൈന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 11, 04:00 pm
Sunday, 11th September 2022, 9:30 pm

ഒരേ സമയത്ത് രണ്ട് സിനിമകളില്‍ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന്റെ അനുഭവം പങ്കുവെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. കുറുപ്പ് എന്ന സിനിമയും വെയില്‍ എന്ന ചിത്രവും ഒരുമിച്ച് ചെയ്തതിനെക്കുറിച്ചാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ താരം സംസാരിക്കുന്നത്.

ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നും വേറൊരു ലൊക്കേഷനിലേക്ക് പോകുമ്പോള്‍ ക്യാരക്ടേഴ്‌സ് പിന്തുടരാറുണ്ടോ, ഹോണ്ട് ചെയ്യാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് കിടിലന്‍ കമന്റ് പറഞ്ഞുകൊണ്ടായിരുന്നു ഷൈന്‍ തന്റെ അനുഭവം പങ്കുവെച്ചത്.

”ആ പിന്നേ, അവര് എന്നെ പിന്നാലെ വന്ന് പേടിപ്പിക്കും (ചിരി). അവര് ഹോണ്ട് ചെയ്യുമെന്ന് പറഞ്ഞിട്ടില്ലല്ലോ, കൂടെ വരുമെന്നും പറഞ്ഞിട്ടില്ല. അങ്ങനെ കൂടെ വന്ന് കഴിഞ്ഞാല്‍ എങ്ങനെയാ പിന്നെ ഞാന്‍ അടുത്ത ക്യാരക്ടര്‍ ചെയ്യുക.

കുറുപ്പിലെ ഭാസ്‌കര പിള്ളയും വെയിലിലെ ജോമി മാത്യുവും ഒരുമിച്ചാണ് ചെയ്തത്. രാത്രി ഭാസ്‌കര പിള്ള ആകും രാവിലെ വെയിലാകും.

ആ രണ്ട് കഥാപാത്രങ്ങളും കണ്ടുനോക്കിയാല്‍ നിങ്ങള്‍ക്കറിയാം, രൂപസാദൃശ്യത്തില്‍ എന്തെങ്കിലുമൊക്കെ വ്യത്യാസങ്ങളേ ഉള്ളൂവെങ്കിലും ക്യാരക്ടറില്‍ അതില്ല.

ഓരോ കഥക്കനുസരിച്ചും ഓരോ കഥാപാത്രങ്ങളല്ലേ. ഒരു കലാകാരനാണല്ലോ ഇത് ചെയ്യുന്നത്. ആ കലാകാരന്‍ കഥാപാത്രങ്ങളെ ഭാസ്‌കര പിള്ളയെ പോലെ തന്നെ ചെയ്തുവെക്കില്ല.

തന്റെ കഥാപാത്രങ്ങളിലും കഥകളിലും നന്നായി വര്‍ക്ക് ചെയ്യുന്ന, തന്റെ സൃഷ്ടികള്‍ നന്നാകണം എന്നാഗ്രഹമുള്ള ഡയറക്ടേഴ്‌സിന്റെ പടങ്ങളാണ് ഇതൊക്കെ. അതുകൊണ്ടാണ് ഈ കഥാപാത്രങ്ങളൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നത്.

അല്ലെങ്കില്‍ വ്യത്യാസം വരുന്നത് വരെ അവര് ടേക്കെടുക്കും. പല ടേക്കുകളിലെ നല്ല ടേക്ക് മാത്രമാണല്ലോ നിങ്ങള്‍ കാണുന്നത്. ആ ക്യാരക്ടറായി മാറാത്ത മോശം ടേക്കുകളും ആ കൂട്ടത്തിലുണ്ടാകും,” ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

അതേസമയം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാലയാണ് ഷൈനിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. തിയേറ്ററിലെ വലിയ വിജയത്തിന് പിന്നാലെ ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്.

ടൊവിനോ തോമസ് നായകനായ തല്ലുമാലയില്‍ കല്യാണി പ്രിയദര്‍ശന്‍, ലുക്മാന്‍ അവറാന്‍, അദ്രി ജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

തിയേറ്ററില്‍ റിലീസ് ചെയ്തതിന് പിന്നാലെ തന്നെ തല്ലുമാലയിലെ തല്ലും ഡാന്‍സും പാട്ടുമെല്ലാം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ചിത്രത്തിലെ ടൊവിനോയുടെയും ഷൈനിന്റെയും ഡാന്‍സായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്.

മുഹ്‌സിന്‍ പരാരിയുടെ തിരക്കഥയിലൊരുങ്ങിയ തല്ലുമാലയുടെ സംഗീതമൊരുക്കിയിരിക്കുന്നത് വിഷ്ണു വിജയനാണ്.

Content Highlight: Shine Tom Chacko about switching from one character to another