FB Notification
മുതിര്‍ന്ന തലമുറ വര്‍ഗീയവാദികളാകാതിരിക്കേണ്ടത് മക്കളുടെ ആവശ്യമാണ്; അവരുടെ ഫോണുകള്‍ക്കും പേരന്റിങ് കണ്‍ട്രോള്‍ വേണം
ഷിജു ആച്ചാണ്ടി
2022 Jul 22, 05:56 am
Friday, 22nd July 2022, 11:26 am

ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നു വിരമിച്ച, 75 പിന്നിട്ട, പ്രൊഫഷണല്‍ ബിരുദങ്ങളുള്ള ഒരു ബന്ധു. അല്‍പം സാമൂഹ്യ പ്രവര്‍ത്തനങ്ങളും ചില്ലറ കൃഷിയും ടി.വി കാണലുമൊക്കെയായി വിശ്രമജീവിതം ചെലവിടുകയായിരുന്നു.

ഈയിടെ കണ്ടപ്പോള്‍ ആള്‍ കടുത്ത (ക്രിസ്ത്യന്‍) വര്‍ഗീയവാദിയായി പരിണമിച്ചിരിക്കുന്നത് ശ്രദ്ധിച്ചു. ഒരു പ്രധാന കാരണം, സ്മാര്‍ട്ട് ഫോണ്‍ എന്നാണ് എന്റെ ഊഹം. അത് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് രണ്ട് മാസമേ ആയുള്ളൂ.

ഞാന്‍ ചെല്ലുമ്പോള്‍ പുള്ളി യൂട്യൂബ് കാണുകയായിരുന്നു. കോളേജ് പ്രൊഫസറായി വിരമിച്ച, നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുളള ഒരു 80കാരന്‍ മിക്കവാറും ദിവസങ്ങളില്‍ എനിക്ക് വാട്‌സാപ്പ് ഫോര്‍വേഡുകളും യൂട്യൂബ് ലിങ്കുകളും അയക്കുന്നുണ്ട്. വിഷവും വിഡ്ഢിത്തവുമാണ് അവയുടെ മുഖമുദ്ര.

ബ്ലോഗ് കാലം മുതല്‍ സോഷ്യല്‍ മീഡിയാ പുലികള്‍ പൊളിച്ചടുക്കിയ K7 മെറ്റീരിയലുകള്‍ പുള്ളി വീണ്ടും തള്ളിവിട്ട് കൊണ്ടിരിക്കുകയാണ്. വലിയ രഹസ്യങ്ങള്‍ ഇതാ ഞാന്‍ വെളിപ്പെടുത്തി തരുന്നു എന്നൊരു ത്രില്‍ അങ്ങേര്‍ അനുഭവിക്കുന്നുണ്ടെന്ന് തോന്നുന്നു.

മൊബൈല്‍ ഫോണുകള്‍ നമ്മുടെ മുതിര്‍ന്ന പൗരന്മാരെ വല്ലാതെ വഴി തെറ്റിക്കുന്നുണ്ട്. കുട്ടികള്‍ ജാഗ്രത പാലിക്കണം. അപ്പനപ്പാപ്പന്മാര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി കൊടുക്കുമ്പോള്‍ മക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനുള്ള പക്വത അവര്‍ക്കായിട്ടുണ്ടോ എന്ന് പരിശോധിക്കണം.

പേരന്റിങ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നല്ലത്. മുതിര്‍ന്ന തലമുറ വഷളായി പോകാതിരിക്കേണ്ടത് മക്കളുടെ ആവശ്യമാണ്, സമൂഹത്തിന്റെയും.

Content Highlight: Shiju Aachaandy’s write up on old generation’s style of using smart phones and how they spread misleading and false information