Advertisement
Film News
ഇനി ഒരു ബിസിനസ് പറ്റില്ല, അതുകൊണ്ട് വാലിബന്‍ നിര്‍മിക്കാമെന്ന് തീരുമാനിച്ചു, കിട്ടുന്ന വരുമാനം രാഷ്ട്രീയത്തിലേക്ക്: ഷിബു ബേബി ജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 08, 12:18 pm
Wednesday, 8th March 2023, 5:48 pm

രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള വരുമാനമായാണ് താന്‍ സിനിമയെ കാണുന്നതെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയും സിനിമാ നിര്‍മാതാവുമായ ഷിബു ബേബി ജോണ്‍. പൊതുരംഗത്ത് നില്‍ക്കണമെങ്കില്‍ മറ്റ് വരുമാനമാര്‍ഗങ്ങള്‍ വേണമെന്ന കാഴ്ചപ്പാടുള്ള വ്യക്തിയാണ് താനെന്നും സിനിമയിലെ വരുമാനം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സഹായകരമാവുമെന്നാണ് കരുതുന്നതെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഷിബു ബേബി ജോണ്‍ പറഞ്ഞു.

‘മലൈക്കോട്ടൈ വാലിബനില്‍ എനിക്കും നല്ല പ്രതീക്ഷയുണ്ട്. ഇടക്കാലത്ത് മോഹന്‍ലാലുമായി ഒരു സൗഹൃദമുണ്ടായി. 2021ലെ തെരഞ്ഞെടുപ്പ് പരാജയം കൂടി കഴിഞ്ഞപ്പോള്‍ കുറച്ച് സമയം കൂടി ഉണ്ട് എന്ന് കണ്ടു. പൊതുരംഗത്തേക്ക് വന്നതിന് ശേഷം സജീവമായി ഒരു ബിസിനസിലുമില്ല. ഉള്ള ബിസിനസ് മക്കളാണ് നോക്കുന്നത്. പൊതുരംഗത്ത് നില്‍ക്കണമെങ്കില്‍ മറ്റ് വരുമാനമാര്‍ഗങ്ങള്‍ വേണമെന്ന കാഴ്ചപ്പാടുള്ള വ്യക്തിയാണ് ഞാന്‍.

എന്റെ ഈ പ്രായത്തില്‍ പുതിയൊരു ബിസിനസ് പോയി കണ്ട് പിടിച്ച് അതില്‍ സമയം ചെലവഴിച്ച് മുന്നോട്ട് പോകാന്‍ പറ്റില്ല എന്ന് തോന്നിയത് കൊണ്ട് എന്റെ മനസില്‍ തോന്നിയ ഒരു മേഖലയാണ് സൗഹൃദം വെച്ചുകൊണ്ട് ഒരു സിനിമ ചെയ്യുക എന്നുള്ളത്. അതിനായി കറക്ടായിട്ടുള്ള ടീമിനെ സെറ്റ് ചെയ്തു.

ഇപ്പോള്‍ തന്നെ പലരും വിചാരിക്കുന്നത് ഞാന്‍ അങ്ങ് രാജസ്ഥാനിലാണെന്നാണ്‌. ഷൂട്ട് തുടങ്ങി ഒരു രണ്ട് ദിവസം മാത്രമേ ഞാന്‍ അവിടെ പോയിട്ടുള്ളൂ. എന്റെ സാന്നിധ്യം അവിടെ ആവശ്യമില്ല. അതിനുള്ള സംവിധാനം ഒരുക്കി ഞാന്‍ ഇവിടെ പൊതുപ്രവര്‍ത്തനത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ അത് സമാന്തരമായി അവിടെ കാര്യങ്ങള്‍ അങ്ങ്‌ നടന്ന്‌ പോകും. അതില്‍ നിന്നും ഒരു വരുമാനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അത് എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സഹായകരമാകും.

പ്രശസ്ത ഗുസ്തി ചാമ്പ്യനായ ഗ്രേറ്റ് ഗാമയായിട്ടായിരിക്കും മോഹന്‍ലാല്‍ മലൈക്കോട്ട വാലിബനില്‍ എത്തുക എന്ന വാര്‍ത്തകളോടും അദ്ദേഹം പ്രതികരിച്ചിരുന്നു. ‘ആളുകള്‍ക്ക് വലിയ ആകാംക്ഷയുണ്ട്. പ്രത്യേകിച്ച് ലാലിന്റെ ഒരു നല്ല സിനിമ ഇറങ്ങുന്നില്ല എന്ന് കുറെ നാളായി ലാല്‍ ആരാധകര്‍ മാത്രമല്ല, പൊതുസമൂഹം തന്നെ പറയുന്നുണ്ട്. ലാലിനെ പോലെ ഒരു മഹാപ്രതിഭയുടെ കഴിവിന് അനുസരിച്ചുള്ള ഒരു സിനിമ ഇറങ്ങിയില്ല. ലിജോയെ പോലെ മിടുക്കനായ ഒരാള്‍ വരുമ്പോള്‍ അതിന്റെ ആകാംക്ഷയും പ്രതീക്ഷയും ഉണ്ട്. അതുവെച്ച് കൊണ്ട് പലരും ഭാവനയില്‍ നിന്നുകൊണ്ട് പല കാര്യങ്ങളും പടച്ചുവിടുകയാണ്.

ഡയറക്ടര്‍ തീരുമാനിക്കുന്ന മുറയ്ക്ക് അതിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ തന്നെ പുറത്ത് വരും. പക്ഷേ നമുക്കൊരു പ്ലാന്‍ ആ കാര്യത്തില്‍ ഉണ്ട്. അത് ഡയറക്ടറാണ് തീരുമാനിക്കുന്നത്. എന്റെ ശ്രദ്ധയില്‍ ഇതുവരെ വന്നിട്ടുള്ളത് വസ്തുതാപരമായ കാര്യങ്ങളല്ല. പലരും കഥാപാത്രത്തെ കുറിച്ച് ഊഹിച്ച് നടത്തുന്ന പരാമര്‍ശങ്ങളാണ്,’ ഷിബു ബേബി ജോണ്‍ പറഞ്ഞു.

Content Highlight: shibu baby john about producing malaikottai valiban