ന്യൂദല്‍ഹി: ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തിയ ദല്‍ഹി യൂണിവേഴ്‌സിറ്റി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എം.പി.
നടപടി സര്‍വകലാശാലകള്‍ മുന്നോട്ട് വെക്കുന്ന മൂല്യങ്ങള്‍ക്ക് എതിരാണെന്നും രാജ്യത്തിന് തന്നെ അപമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് എന്‍.എസ്.യു ദേശീയ സെക്രട്ടറി ലോകേഷ് ചുഗ്, നിയമ വിദ്യാര്‍ത്ഥി രവീന്ദര്‍ സിങ് എന്നിവര്‍ക്കെതിരെ ദല്‍ഹി സര്‍വകലാശാല നടപടിയെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തരൂരിന്റെ ട്വീറ്റ്.
‘ദല്‍ഹി സര്‍വകലാശാല നടപടി എന്നെ ഞെട്ടിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അക്കാദമിക് ഫ്രീഡത്തിനും മേലുള്ള കടന്നുകയറ്റമാണ്.
ഒരു ജനാധിപത്യ രാജ്യത്ത് ഡോക്യുമെന്ററി കണ്ടതിന്റെ പേരില്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുന്നതൊക്കെ സര്‍വകലാശാല മുന്നോട്ട് വെക്കുന്ന മൂല്യങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്, നാണക്കേട്!, ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
As a @Delhiuniversit alum committed to academic freedom & independence of thought, I am appalled by this shocking decision. To suspend a student for two years for watching a documentary in a democracy is a disgrace & a betrayal of everything a university should stand for. Shame! pic.twitter.com/cpwVLr9OQb
ജനുവരി 27നാണ് വിലക്ക് ലംഘിച്ച് ദല്‍ഹി സര്‍വകലാശാലയില്‍ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച സര്‍വകലാശാല സമിതി ആറ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് ലോകേഷ് ചുഗിനെയും രവീന്ദര്‍ സിങ്ങിനെയും രണ്ട് വര്‍ഷത്തേക്ക് വിലക്കുകയും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
Content Highlight: Shashi tharoor mp tweet on delhi university