ലോര്‍ഡ് താക്കൂര്‍ എന്ന തന്റെ വിളിപ്പേര് വെറുതെയല്ല എന്ന് ഒരിക്കല്‍ക്കൂടി അടിവരയിടുന്ന പ്രകടനമാണ് ഷര്‍ദുല്‍ താക്കൂര്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പുറത്തെടുത്തത്. അജിന്‍ക്യ രഹാനെക്കൊപ്പം കൈകോര്‍ത്ത് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയാണ് താക്കൂര്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ രക്ഷകനായത്.
വിക്കറ്റ് കീപ്പര്‍ എസ് ഭരത്തിന് ശേഷം എട്ടാമനായി കളത്തിലിറങ്ങിയ താക്കൂര്‍ രഹാനെക്കൊപ്പം ചേര്‍ന്ന് നിര്‍ണായകമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇന്ത്യ ഫോളോ ഓണില്‍ നിന്നും രക്ഷപ്പെട്ടത് താക്കൂറിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ കൂടിയാണ്.
109 പന്തില്‍ നിന്നും 51 റണ്‍സ് നേടിയാണ് താക്കൂര്‍ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്. ആറ് ബൗണ്ടറിയുടെ അകമ്പടിയോടെയാണ് താക്കൂര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഈ അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും താക്കൂറിനെ തേടിയെത്തിയിരുന്നു. തുടര്‍ച്ചയായ മൂന്ന് ടെസ്റ്റില്‍, ഓവലില്‍, സന്ദര്‍ശകര്‍ക്കായി അര്‍ധ സെഞ്ച്വറി തികയ്ക്കുന്ന താരമെന്ന റെക്കോഡാണ് ഷര്‍ദുല്‍ താക്കൂര്‍ സ്വന്തമാക്കിയത്. ഇതിന് മുമ്പ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് താക്കൂര്‍ ഇതിന് മുമ്പ് അര്‍ധ സെഞ്ച്വറി നേടിയത്.
A gritty, solid and determined 100-run partnership comes up between @ajinkyarahane88 and @imShard 👏👏
ക്രിക്കറ്റിന്റെ ചരിത്രത്തിലെ രണ്ട് ഇതിഹാസ താരങ്ങള്‍ മാത്രമാണ് ഈ നേട്ടം ഇതിന് മുമ്പ് സ്വന്തമാക്കിയത്. 1930-34 കാലഘട്ടത്തില്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനും 1985-89 കാലഘട്ടത്തില്‍ അലന്‍ ബോര്‍ഡറും മാത്രമാണ് ഈ നേട്ടത്തിന് പിന്നില്‍. ഇവരോടൊപ്പമാണ് താക്കൂര്‍ ഇപ്പോള്‍ തന്റെ പേരും ഏഴുതിച്ചേര്‍ത്തിരിക്കുന്നത്.
ഇതിന് പുറമെ 2019ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ച ശേഷം ഏഴാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഇംഗ്ലണ്ട് മണ്ണില്‍ ഏറ്റവുമധികം അര്‍ധ സെഞ്ച്വറി നേടുന്ന താരമാകാനും താക്കൂറിന് സാധിച്ചു.
രഹാനെ 129 പന്തില്‍ നിന്നും 89 റണ്‍സ് നേടിയപ്പോള്‍ താക്കൂര്‍ 109 പന്തില്‍ നിന്നും 51 റണ്‍സും നേടി. 51 പന്തില്‍ നിന്നും 48 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ ഇന്നിങ്‌സും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
ഓസീസിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍, സ്‌കോട് ബോളണ്ട്, മിച്ചല്‍ സ്റ്റാര്‍ക്, എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. നഥാന്‍ ലിയോണാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
വമ്പന്‍ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസീസിനും മികച്ച തുടക്കമല്ല ലഭിച്ചത്. ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെ ആദ്യ വിക്കറ്റായി ഡേവിഡ് വാര്‍ണര്‍ പുറത്തായപ്പോള്‍ 24ാം റണ്‍സില്‍ ഉസ്മാന്‍ ഖവാജയും പുറത്തായി.
എട്ട് പന്തില്‍ നിന്നും ഒറ്റ റണ്‍സ് നേടി വാര്‍ണര്‍ മടങ്ങിയപ്പോള്‍ 39 പന്തില്‍ നിന്നും 13 റണ്‍സ് നേടിയാണ് ഖവാജ പുറത്തായത്. ഡേവിഡ് വാര്‍ണറിനെ മുഹമ്മദ് സിറാജും ഉമേഷ് യാദവ് ഖവാജയെയും പുറത്താക്കി.
നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 31ന് രണ്ട് എന്ന നിലയിലാണ്. 43 പന്തില്‍ നിന്നും മാര്‍നസ് ലബുഷാനും ഒരു പന്തില്‍ നിന്നും മൂന്ന് റണ്‍സ് നേടി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.
Content Highlight: Shardul Thakur joins Sir Donald Bradman and Allen Border in an elite list