ആ മഴ പ്രസംഗം തുണക്കുന്നു: സത്താറയില്‍ എന്‍.സി.പി നേതാവിന്റെ ഭൂരിപക്ഷം 41,000 കടന്നു
national news
ആ മഴ പ്രസംഗം തുണക്കുന്നു: സത്താറയില്‍ എന്‍.സി.പി നേതാവിന്റെ ഭൂരിപക്ഷം 41,000 കടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2019, 1:35 pm

എന്‍.സി.പി സ്ഥാനാര്‍ഥി ശ്രീനിവാസ് പാട്ടീലിന്റെ ഭൂരിപക്ഷം ഉയര്‍ന്നു. ബി.ജെ.പി സ്ഥാനാര്‍ഥി ഉദയന്‍രാജെ ഭോസലെയെ പിന്നിലാക്കി 41,255 വോട്ടുകള്‍ക്കാണ് എന്‍.സി.പി സ്ഥാനാര്‍ഥി മുന്നില്‍ നില്‍ക്കുന്നത്.

മഹാരാഷ്ട നിയമസഭ തെരഞ്ഞെടുപ്പിനോടൊപ്പം തന്നെയാണ് ശരത് പവാറിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന സത്താറ ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്നത്. എന്‍.സി.പി എം.പിയായിരുന്ന ഉദയന്‍രാജെ ബോണ്‍സ്ലെ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉദയന്‍രാജെ ബോണ്‍സ്ലെയും എന്‍.സി.പി സ്ഥാനാര്‍ത്ഥി ശ്രീനിവാസ് പാട്ടിലും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. മറാത്ത രാജാവായിരുന്ന ശിവജിയുടെ പിന്മുറക്കാരനായ ഉദയന്‍രാജെ ബോണ്‍സ്ലെ മണ്ഡലം വീണ്ടും ബി.ജെ.പിക്ക് വേണ്ടി പിടിച്ചെടുക്കുമെന്നായിരുന്നു പൊതുവേ വിലയിരുത്തിയിരുന്നത്. എന്നാല്‍ ആ സ്ഥിതി മാറിയതായാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

സത്താറയില്‍ മഴ നനഞ്ഞുകൊണ്ട് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരത് പവാര്‍ നടത്തിയ പ്രസംഗം വോട്ടര്‍മാരെ വന്‍തോതില്‍ സ്വാധീച്ചുവെന്നാണ് നീരീക്ഷകരുടെ വിലയിരുത്തല്‍.
അത് തെറ്റിയില്ലെന്നാണ് ഉയര്‍ന്ന ഭൂരിപക്ഷം തെളിയിക്കുന്നത്.

സത്താറ ജില്ലയിലെ ജനങ്ങള്‍ക്ക് പവാറിനോടുള്ള ഇഷ്ടം വീണ്ടും തിരിച്ചുപിടിച്ചുവെന്നും അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ അവര്‍ വിലമതിക്കുന്നുവെന്നും നിരീക്ഷകര്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സത്താറ മണ്ഡലം എക്കാലത്തെയും ശരത് പവാറിന്റെ കോട്ടയായാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡലത്തിലെ ആറ് നിയോജക മണ്ഡലങ്ങളില്‍ നാലും എന്‍.സി.പിയുടെ കയ്യിലാണ്. ഒരെണ്ണം കോണ്‍ഗ്രസിന്റെ കയ്യിലും. ഒരു സീറ്റ് മാത്രമാണ് ശിവസേനയുടെ കയ്യിലുള്ളത്.

ശരത് പവാറിന് വലിയ തിരിച്ചടിയായിരുന്നു ബോണ്‍സ്ലെയുടെ രാജി. അത് കൊണ്ട് തന്നെ ബോണ്‍സ്ലെയെ പരാജയപ്പെടുത്തി മണ്ഡലം തിരികെ പിടിക്കുക എന്നത് ശരത് പവാറിന്റെ അഭിമാന പ്രശ്നമാണ്.