karnataka bypolls
കര്‍ണാടകത്തില്‍ ബി.ജെ.പിയുടെ സമഗ്രാധിപത്യത്തില്‍ കുലുങ്ങാതെ ഹോസ്‌കോട്ടെ; അട്ടിമറിവിജയവുമായി ബി.ജെ.പി വിമതന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 09, 11:39 am
Monday, 9th December 2019, 5:09 pm

ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആധിപത്യത്തിലും വിജയിച്ചുകയറിയ വിമതനെക്കുറിച്ചാണ് ഇപ്പോള്‍ രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ച. ബെംഗളൂരു റൂറലിലെ 178-ാം നമ്പര്‍ മണ്ഡലമായ ഹോസ്‌കോട്ടെയിലാണ് ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളെ മറികടന്ന് ശരത് ബച്ചെഗൗഡ എന്ന മുന്‍ ബി.ജെ.പി നേതാവ് വിജയിച്ചുകയറിയത്.

11,486 വോട്ടുകള്‍ക്കാണ് ശരത് ഇവിടെ ജയിച്ചത്. അയോഗ്യനാക്കപ്പെട്ട എം.എല്‍.എ എം.ടി.ബി നാഗരാജായിരുന്നു പ്രധാന എതിര്‍സ്ഥാനാര്‍ഥി. ബി.ജെ.പി ടിക്കറ്റിലാണ് കഴിഞ്ഞതവണ കോണ്‍ഗ്രസില്‍ നിന്നു മത്സരിച്ച നാഗരാജ് ഇത്തവണ ജനവിധി തേടിയത്.

കഴിഞ്ഞതവണ കോണ്‍ഗ്രസ് ഇവിടെ വിജയിച്ചിരുന്നെങ്കിലും നാഗരാജ് കൂറുമാറി ബി.ജെ.പിയിലേക്കു പോവുകയായിരുന്നു. 2013-ലും കോണ്‍ഗ്രസിനു തന്നെയായിരുന്നു ഇവിടെ വിജയം. 7,139 വോട്ടുകള്‍ക്കായിരുന്നു അവരുടെ വിജയം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എക്‌സിറ്റ് പോളിലും ശരത്തിനു തന്നെയായിരുന്നു പലരും വിജയം പ്രവചിച്ചിരുന്നത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍തന്നെ ശരത്തിനെ ബി.ജെ.പി ഭയപ്പെട്ടിരുന്നു. അതിനു കാരണമുണ്ട്.

ഈ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്നു നടി സുമലതാ അംബരീഷിനെ വിജയിപ്പിച്ചെടുത്തത് ശരത്തിന്റെ പ്രചാരണ മികവാണ്. സുമലത പരാജയപ്പെടുത്തിയത് മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയുടെ മകന്‍ നിഖിലിനെയാണ്.

ഹോസ്‌കോട്ടെയിലെ എം.എല്‍.എയായിരുന്ന എം.ടി.ബി നാഗരാജ് അയോഗ്യനായതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസിനു വേണ്ടി കഴിഞ്ഞതവണ മത്സരിച്ച നാഗരാജിനെ ഇത്തവണ ബി.ജെ.പി മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ തനിക്ക് ഹോസ്‌കോട്ടെയില്‍ വിമതരെ വിജയിപ്പിക്കാന്‍ താത്പര്യമില്ലെന്ന് അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്ന് ശരത്തിനെ ബി.ജെ.പി പുറത്താക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യു.എസില്‍ നിന്ന് എം.എസ് പൂര്‍ത്തിയാക്കിയ ശരത്, ബെംഗളൂരുവിലെ നൂട്രാസ്യൂട്ടിക്കല്‍ കമ്പനിയില്‍ ചീഫ് എക്‌സിക്യൂട്ടീവാണ്.