മമ്മൂക്കയുടെ കൂടെ അഭിനയിച്ചിട്ട് ദുൽഖറിലേക്ക് വരുമ്പോൾ മകനെപ്പോലെ തോന്നി: ശാന്തി കൃഷ്ണ
Entertainment
മമ്മൂക്കയുടെ കൂടെ അഭിനയിച്ചിട്ട് ദുൽഖറിലേക്ക് വരുമ്പോൾ മകനെപ്പോലെ തോന്നി: ശാന്തി കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th July 2023, 8:37 am

കിങ് ഓഫ് കൊത്തയിൽ ദുൽഖറിന്റെ അമ്മയുടെ വേഷമാണ് താൻ ചെയ്യുന്നതെന്ന് നടി ശാന്തി കൃഷ്ണ. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ട് പിന്നീട് ദുൽഖറിനൊപ്പം വർക്ക് ചെയ്യുമ്പോൾ മകനെപ്പോലെ തോന്നിയെന്നും ഇതിനു മുൻപ് ദുൽഖറിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും കഥാപാത്രങ്ങൾ ഇഷ്ടപ്പെടാത്തതുകൊണ്ട് അവസരങ്ങൾ വിട്ട് കളയുകയായിരുന്നെന്നും ശാന്തി കൃഷ്ണ പറഞ്ഞു. സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘കിങ് ഓഫ് കൊത്തയിൽ ദുൽഖറിന്റെ കൂടെ അഭിനയിക്കുന്നു എന്ന് പറഞ്ഞപ്പോൾതന്നെ എനിക്ക് നല്ല സന്തോഷമായിരുന്നു. മമ്മൂക്കയുടെ കൂടെ കുറേ പടങ്ങൾ ചെയ്തിട്ട് പിന്നീട് ദുൽഖറിന്റെ കൂടെ അഭിനയിക്കുമ്പോൾ മകനെ പോലെ തോന്നി.

മമ്മൂക്കയുടെ കൂടെ ഒരുപാട് പരിപാടികളിൽ പങ്കെടുത്തപ്പോഴൊക്കെ ഞാൻ ദുൽഖറിനെ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ എന്റയടുത്ത് വന്ന് വളരെ കാര്യമായിട്ട് സംസാരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട് ഫഹദ്, ചാക്കോച്ചൻ, നിവിൻ എന്നിവരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്, ദുൽഖറിന്റെ കൂടെ മാത്രം അഭിനയിക്കാൻ പറ്റിയില്ല.

കുറുപ്പ് എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷെ എനിക്ക് ചെയ്യാൻ ആ കഥാപാത്രത്തിൽ ഒന്നും ഉള്ളതായി തോന്നിയിട്ടില്ല. അതുകൊണ്ട് ഞാൻ അന്ന് അത് വേണ്ടെന്ന് വെച്ചു. അതിനുശേഷം വീണ്ടും വന്നിരുന്നു ദുൽഖറിന്റെ കൂടെ അവസരങ്ങൾ, അതൊന്നും ചെയ്യാൻ പറ്റിയില്ല. പിന്നീട് ഇതിലേക്ക് വിളിച്ചു. രണ്ട്മൂന്ന് സീനുകളേയുള്ളു, എങ്കിലും അത് വളരെ നല്ല കഥാപാത്രമായി തോന്നി. അതുകൊണ്ട് ഞാൻ അതിന് ഓക്കേ പറഞ്ഞു.

ഇത് വളരെ സീരിയസ് കഥാപാത്രമാണ്‌ നമുക്ക് അടുത്തത് അൽപം കോമഡി കഥാപാത്രം ചെയ്യാമെന്ന് ഞാൻ ദുല്ഖറിനോട് പറഞ്ഞു.

വളരെ സ്വീറ്റ് ആയിട്ടുള്ള ആളാണ് ദുൽഖർ, വർക്ക് ചെയ്യാൻ നല്ല രസമൊക്കെയുണ്ട്,’ ശാന്തി കൃഷ്ണ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച് ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത ‘നിള’എന്ന ചിത്രമാണ് ശാന്തി കൃഷ്ണയുടെ പുതിയ ചിത്രം. ശാന്തികൃഷ്ണ, മാമുക്കോയ, വിനീത് എന്നിവരാണ് പ്രധന വേഷങ്ങളിലെത്തുന്നത്. സംവിധായിക ഇന്ദുലക്ഷ്മി തന്നെയാണ് തിരക്കഥയും ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് നാലിന് തിയേറ്ററുകളിൽ എത്തും.

അതേസമയം അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസുമാണ് നിര്‍മിക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, വട ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യും.

Content Highlights: Shanthi Krishna on Dulquer