'സുഡാപ്പി ഫ്രം ഇന്ത്യ' കഫിയ ധരിച്ച ചിത്രവുമായി ഷെയ്‌ന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി
Entertainment
'സുഡാപ്പി ഫ്രം ഇന്ത്യ' കഫിയ ധരിച്ച ചിത്രവുമായി ഷെയ്‌ന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th May 2024, 2:15 pm

നടന്‍ ഷെയ്ന്‍ നിഗം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കഫിയ ധരിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം ഷെയിൻ നൽകിയ ക്യാപ്ഷനാണ് ശ്രദ്ധ നേടിയത്. ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്നാണ് ഷെയിന്‍ തന്റെ ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിട്ടുള്ളത്.

രാഷ്ട്രീയ വിഷയങ്ങളില്‍ ധൈര്യപൂര്‍വം നിലപാട് പറയുന്ന വ്യക്തിയാണ് ഷെയ്ന്‍. പലപ്പോഴും അതിന്റെ പേരില്‍ ഷെയിന്‍ സോഷ്യല്‍ മീഡിയകളില്‍ സൈബര്‍ ആക്രമണം നേരിട്ടിട്ടുമുണ്ട്. അതിന്റെ ഏറ്റവും ഒടുവിലുള്ള ഉദാഹരണമായിരുന്നു നടന്‍ ഉണ്ണിമുകുന്ദനുമായി ബന്ധപ്പെട്ട വിവാദം. പുതിയ ചിത്രമായ ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ പ്രൊമോഷന്റെ ഭാഗമായി ഷെയിന്‍ ഉണ്ണി മുകുന്ദനെ കുറിച്ച് തമാശയായി പറഞ്ഞ ഒരു കാര്യം ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.

ഇതോടെ ഷെയ്‌നെ സുഡാപ്പിയെന്ന് മുദ്രകുത്തികൊണ്ട് ചില വലതുപക്ഷ പ്രൊഫൈലുകള്‍ രംഗത്തെത്തി. ഇതോടെ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി ഷെയ്ന്‍ മുന്നോട്ടുവന്നു.

വീഡിയോ മുഴുവന്‍ കാണാതെയാണ് ആളുകള്‍ വിമര്‍ശിക്കുന്നതെന്നും മതവിദ്വേഷത്തിനായി കാത്തിരിക്കുന്നവരെ മലയാളികള്‍ അവജ്ഞയോടെ തള്ളണമെന്നും ഷെയിന്‍ നിഗം ആവശ്യപ്പെട്ടു.

ഇത് ആദ്യമായല്ല താരത്തിനെതിരെ ഇത്തരത്തില്‍ സൈബര്‍ അറ്റാക്ക് നടക്കുന്നത്. മുമ്പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും(സി.എ.എ) ഷെയിന്‍ മുന്നോട്ട് വന്നിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡിങ്ങാവുന്ന ‘ഓള്‍ ഐസ് ഓണ്‍ റഫ’ ഹാഷ് ടാഗ് ക്യാമ്പയിനിലും ഷെയിന്‍ പങ്കാളിയായിട്ടുണ്ട്.

ഈയിടെ നടന്‍ മമ്മൂട്ടിക്കെതിരെയും ഇത്തരത്തില്‍ വലിയ രീതിയില്‍ സുഡാപ്പി പരാമര്‍ശങ്ങള്‍ ചിലര്‍ ഉയര്‍ത്തിയിരുന്നു. പുഴു എന്ന ചിത്രം ചെയ്തത് മമ്മൂട്ടിയുടെ നിര്‍ബന്ധം കാരണമാണെന്ന സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ പങ്കാളി ആരോപണത്തിന് പിന്നാലെയായിരുന്നു ഇത്.

പുഴു സവര്‍ണ്ണ ജാതിയെ അപമാനിക്കുന്ന ചിത്രമാണെന്നും മമ്മൂട്ടി എന്തുകൊണ്ടാണ് അത് തെരഞ്ഞെടുത്തതെന്ന് തനിക്ക് മനസ്സിലായില്ലെന്നും ഇയാള്‍ പറഞ്ഞതോടെയാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്.

മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്ന് വിളിച്ചുകൊണ്ടുള്ള വിദ്വേഷപ്രചരണങ്ങളും നടന്നു. ഇത്തരത്തില്‍ മമ്മൂട്ടിയെ വരെ പേര് നോക്കി സുഡാപ്പിയും ജിഹാദിയുമാക്കിയുള്ള പ്രചരണങ്ങളും സോഷ്യല്‍മീഡിയില്‍ ഉയര്‍ന്നുവന്നു. ഇതിനൊക്കെയുള്ള മറുപടിയാണ് ഷെയിന്‍ നിഗത്തിന്റെ സ്റ്റാറ്റസ് എന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

വെറുമൊരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഇതിനെ കാണേണ്ടതില്ലെന്നും പലര്‍ക്കുമുള്ള ഒരു മറുപടിയാണ് തന്റെ പോസ്റ്റിലൂടെ ഷെയ്ന്‍ നല്‍കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

 

Content Highlight: Shane Nigam’s New Instagram Story