ഐ.സി.സി ഏകദിന ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ബാബര്‍ അസം പുറത്തായിരുന്നു. ബാബറിന് പകരക്കാരനായി പാക് ടീമിന്റെ പുതിയ നായകനായി ഷാന്‍ മസൂദിനെ തെരഞ്ഞെടുത്തിരുന്നു.
ഇപ്പോള്‍ ഷാന്‍ മസൂദിന്റെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിനായി ഒരുങ്ങിയിരിക്കുകയാണ്.
ഈ മത്സരത്തിനു മുന്നോടിയായി പാകിസ്ഥാന്‍ ടീമിനെകുറിച്ചും മുന്‍ നായകന്‍ ബാബര്‍ അസമിനെകുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഷാന്‍ മസൂദ്.
‘പാകിസ്ഥാന്‍ ടീമിനെ മുന്നോട്ടുനയിക്കുന്നതിനെ കുറിച്ച് ഞാന്‍ ബാബറുമായി ചര്‍ച്ചകള്‍ നടത്തി. ഭാവിയില്‍ ടീമിലെ ഒരു പ്രധാന ലീഡറായി അദ്ദേഹം നിലനില്‍ക്കും. ബാബര്‍ ഒരു ക്യാപ്റ്റന്‍ മാത്രമല്ല ടീമിലെ എല്ലാ റോളും ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കും,’ ഷാന്‍ മസൂദ മത്സരത്തിന് മുന്നോടിയായി പറഞ്ഞു.
കഴിഞ്ഞ ഐ.സി.സി ലോകകപ്പില്‍ ബാബര്‍ അസമിന്റെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും നാല് വിജയവും അഞ്ച് തോല്‍വിയുമാണ് ബാബറിന്റെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ നേടിയത്.
ഈ മോശം പ്രകടനത്തിന് പിന്നാലെ ബാബറിന്റെ നായകസ്ഥാനത്തിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ബാബര്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും പിന്മാറിയത്.
അതേസമയം പുതിയ ക്യാപ്റ്റന്റെ കീഴില്‍ ഡിസംബര്‍ 14ന് ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റ് മത്സരത്തിനായി പാകിസ്ഥാന്‍ കളത്തിലിറങ്ങും. പെര്‍ത്ത് സ്റ്റേഡിയമാണ് വേദി.