2004ല്‍ പുറത്തിറങ്ങിയ ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലും, കന്നടയിലും സജീവമാണ് ഷംന കാസിം.
എം. പത്മകുമാറിന്റെ സംവിധാനത്തില്‍ ഷംന കാസിം നായികയായ ‘വിസിതിരന്‍’ എന്ന തമിഴ് ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. എം. പത്മകുമാറിന്റെ തന്നെ മലയാള ചിത്രമായ ജോസഫിന്റെ റീമേക്കാണ് ഈ ചിത്രം. ചിത്രത്തില്‍ നായികാ കഥാപാത്രത്തെയാണ് ഷംന അവതരിപ്പിച്ചിരിക്കുന്നത്.
ചില കാരണങ്ങള്‍ കൊണ്ട് തനിക്ക് നിരസിക്കേണ്ടി വന്ന ഒരു വലിയ സിനിമയെ കുറിച്ച് ഷംന കാസിം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമയിലെ ചില രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് ആത്മവിശ്വാസക്കുറവുണ്ടായെന്നും അതുകൊണ്ട് തന്നെ ആ വലിയ പ്രൊജക്ട് തനിക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നെന്നുമാണ് ഷംന പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷംന.
‘ആ ചിത്രത്തിലെ ചില രംഗങ്ങളില്‍ അഭിനയിക്കാന്‍ എനിക്ക് ബുദ്ധിമുട്ട് തോന്നി. ന്യൂഡായി അഭിനയിക്കേണ്ട ചില ഭാഗങ്ങളുണ്ടായിരുന്നു. അത്തരം രംഗങ്ങള്‍ ഞാന്‍ ചെയ്യില്ല. എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. അത് എത്ര വലിയ സിനിമയാണെങ്കിലും അത് ചെയ്യാന്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഞാന്‍ എനിക്ക് തന്നെ വെച്ച ചില നിയന്ത്രണങ്ങളുണ്ട്,’ ഷംന കാസിം പറയുന്നു.
ആ ചിത്രം ഒ.ടി.ടി റിലീസായിരുന്നു. വളരെ നല്ല ഓഫറായിരുന്നു. പക്ഷേ സിനിമയില്‍ ആ കഥാപാത്രം ഒരു പ്രത്യേകരംഗത്ത് ന്യൂഡായി അഭിനയിക്കേണ്ടതുണ്ട്. ആ രംഗം ആ സിനിമയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതുമാണ്.
ഈ പ്രൊജക്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നതില്‍ എനിക്ക് വളരെ വിഷമമുണ്ട്, പക്ഷേ സിനിമയെ സംബന്ധിച്ച് ഇത് ഏറെ പ്രധാനപ്പെട്ട സീനുമാണ്. പക്ഷേ എനിക്കത് ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു ഞാന്‍ സംവിധായകനോട് പറഞ്ഞത്.
ഒരു ആത്മവിശ്വാസമില്ലാതെ അവിടെ പോയി അതിനെ ഞാന്‍ നശിപ്പിക്കാന്‍ പാടില്ലല്ലോ. ആ രംഗം വളരെ പ്രധാനമാണ്, പക്ഷേ എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. ആ വലിയ പ്രോജക്റ്റ് നഷ്ടമായതില്‍ എനിക്ക് വളരെ വിഷമമുണ്ട്.” ഷംന കാസിം കൂട്ടിച്ചേര്‍ത്തു.
‘വിസിതിരന്‍’ എന്ന ചിത്രത്തില്‍ ജോജു ജോര്‍ജിന്റെ വേഷം കൈകാര്യം ചെയ്യുന്നത് നടന്‍ ആര്‍.കെ. സുരേഷാണ്. സംവിധായകന്‍ ബാലയാണ് ചിത്രം നിര്‍മ്മിച്ചത്. ഷാഹി കബീര്‍ തന്നെയാണ് തിരക്കഥ. സംഭാഷണം ജോണ്‍ മഹേന്ദ്രന്‍.
സംഗീതം ജി.വി പ്രകാശ്. മധു ശാലിനി, ഭഗവതി പെരുമാള്‍, ഇളവരസു, ജോര്‍ജ്ജ് മരിയന്‍, അനില്‍ മുരളി, ജി.മാരിമുത്തു തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Content Highlight: Shamna Kasim About the Movie She Missed