വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ട്രെന്‍ഡ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 416 റണ്‍സിനാണ് പുറത്തായത്.
സെഞ്ച്വറി നേടിയ ഒല്ലി പോപ്പ് ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. 167 പന്തില്‍ 121 റണ്‍സ് ആണ് താരം നേടിയത്. 15 ഫോറുകളും ഒരു സിക്‌സുമാണ് പോപ്പ് നേടിയത്. ബെന്‍ ഡക്ലറ്റ് 59 പന്തില്‍ 71 റണ്‍സും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 104 പന്തില്‍ 69 റണ്‍സും നേടി നിര്‍ണായകമായി. ബെന്‍ 14 ഫോര്‍ നേടിയപ്പോള്‍ സ്റ്റോക്‌സ് എട്ട് ഫോറുകളും നേടി.
വിന്‍ഡീസ് ബൗളിങ്ങില്‍ അല്‍സാരി ജോസഫ് മൂന്ന് വിക്കറ്റും ജയ്ഡന്‍ സീലസ്, കെവിന്‍ സിന്‍ക്ലയര്‍, കാവേം ഹോഡ്ജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ഷാമര്‍ ജോസഫ് ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 457 റണ്‍സിനാണ് പുറത്തായത്. കാവേം ഹോഡ്ജ് 171 പന്തില്‍ 120 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 19 ഫോറുകളാണ് താരം നേടിയത്. അലിക് അത്‌നാസെ 99 പന്തില്‍ 82 റണ്‍സും ജോഷ്വ ഡി സില്‍വ 122 പന്തില്‍ 82 റണ്‍സും നേടി.
എന്നാല്‍ മത്സരത്തില്‍ ഏറെ ശ്രദ്ധേയമായത് 11 നമ്പറില്‍ ഇറങ്ങി മികച്ച പ്രകടനം നടത്തിയ ഷാമര്‍ ജോസഫിന്റെ ഇന്നിങ്‌സ് ആയിരുന്നു. 27 പന്തില്‍ നിന്നും 33 റണ്‍സാണ് ഷമാര്‍ തേടിയത്. അഞ്ച് ഫോറുകളും രണ്ട് സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ഷാമര്‍ ജോസഫ് സ്വന്തമാക്കിയത്. നൂറുവര്‍ഷത്തിനിടെ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ പതിനൊന്നാം നമ്പറില്‍ ഇറങ്ങി 25+ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി മാറാനാണ് ഷാമറിന് സാധിച്ചത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഇംഗ്ലണ്ട് താരമായ ബ്രയന്‍ സ്റ്റാതം ആണ്.
ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാല് വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഗസ് അറ്റ്കിന്‍സണ്‍, ഷോയ്ബ് ബഷീര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തിയപ്പോള്‍ മാര്‍ക്ക് വുഡ്, ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ വകയായിരുന്നു ഓരോ വിക്കറ്റ്.
Content Highlight: Shamer Joseph Create A New Record in Test