തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി മുസ്‌ലിം ലീഗ് അംഗത്വം നേടിയവരില്‍ സൂപ്പര്‍ സ്റ്റാര്‍സും. ഷാരൂഖ് ഖാന്‍, മമ്മൂട്ടി, ആസിഫ് അലി, മിയ ഖലീഫ തുടങ്ങിയവരാണ് അംഗത്വമെടുത്തത്.
നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ഡില്‍ ആണ് ഇവര്‍ക്ക് അംഗത്വം ഉള്ളത്.
ഓണ്‍ലൈന്‍ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് പല പ്രമുഖരുടെ പേരുകളുമുള്‍പ്പെടെയുള്ള പട്ടിക നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
കേരളത്തില്‍ ലീഗിന്റെ അംഗത്വ വിതരണം ഡിസംബര്‍ 31നാണ് അവസാനിച്ചത്. വീടുകള്‍ കയറിയിറങ്ങി അംഗത്വ വിതരണം നടത്താനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.
ഇങ്ങനെ അംഗങ്ങളാകുന്നവര്‍ ഓണ്‍ലൈനായി പേരും ആധാര്‍ നമ്പറും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറും അപ്ലോഡ് ചെയ്യണം. ഓരോ വാര്‍ഡിനും ഓരോ പാസ്വേഡും നല്‍കിയിരുന്നു.
കോഴിക്കോട്ടുള്ള ഐ.ടി കോ-ഓര്‍ഡിനേറ്റര്‍ക്കേ പിന്നീട് ഇത് തുറന്ന് പരിശോധിക്കാന്‍ സാധിക്കൂ. ഈ പരിശോധനയിലാണ് നേതൃത്വം പട്ടികയിലുള്ള സൂപ്പര്‍ സ്റ്റാര്‍സിന്റെ പേരുകള്‍ കണ്ടെത്തിയത്.
ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജിയാണ് തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ് ഓഫിസര്‍. സംഭവം ശ്രദ്ധയില്‍പെട്ടെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
സാധാരണ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് അംഗത്വ വിതരണം നടത്തുന്നത്. ചിലയിടങ്ങളില്‍ കമ്പ്യൂട്ടര്‍ സെന്ററുകളെ ഏല്‍പ്പിക്കുകയാണ്. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചതാകുമെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.
വട്ടിയൂര്‍ക്കാവ്, പാളയം തുടങ്ങിയ സ്ഥലങ്ങളിലും അംഗത്വവിതരണത്തില്‍ ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ട്.
അതേസമയം, അംഗത്വവിതരണം പൂര്‍ത്തിയായപ്പോള്‍ തലസ്ഥാനത്ത് 59,551 ആണ് പാര്‍ട്ടി അംഗങ്ങളാണ് ഉള്ളത്. സംസ്ഥാനത്ത് ലീഗിന്റെ അംഗസംഖ്യ 24.33 ലക്ഷം ആയെന്നാണ് കണക്ക്.
2016നെക്കാള്‍ 2.33 ലക്ഷം അംഗങ്ങളുടെ വര്‍ധനയുമുണ്ടായിട്ടുണ്ട്. നിലവില്‍ അംഗത്വമെടുത്തവരില്‍ 51 ശതമാനവും സ്ത്രീകളാണ്. പുരുഷ അംഗങ്ങള്‍ 49 ശതമാനം മാത്രമേയുള്ളു.
ആകെ അംഗങ്ങളില്‍ 61 ശതമാനവും 35 വയസ്സില്‍ താഴെയുള്ളരാണെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.
നവംബര്‍ ഒന്നിനാണ് ലീഗ് അംഗത്വ ക്യാമ്പെയിന്‍ ആരംഭിച്ചത്. പാര്‍ട്ടി അംഗത്വ കാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞിരുന്നു.