ഷാഹി മസ്ജിദില്‍ സര്‍വേ നടത്തണം; ശ്രീകൃഷ്ണ ട്രസ്റ്റിന്റെ ഹരജി തള്ളി അലഹബാദ് കോടതി
national news
ഷാഹി മസ്ജിദില്‍ സര്‍വേ നടത്തണം; ശ്രീകൃഷ്ണ ട്രസ്റ്റിന്റെ ഹരജി തള്ളി അലഹബാദ് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th July 2023, 8:30 am

അലഹബാദ്: മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിര്‍മണ്‍ ട്രസ്റ്റ് നല്‍കിയ റിട്ട് ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. ഷാദി ഈദ് ഗാഹ് പരിസരം ശാസ്ത്രീയമായി സര്‍വേ നടത്തണമെന്ന് മഥുര സിവില്‍ ജഡ്ജിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് ജസ്റ്റിസ് ജയന്ത് ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തിങ്കളാഴ്ച തള്ളിയത്.

ശ്രീ കൃഷ്ണ ജന്മഭൂമി മുക്തി നിര്‍മണ്‍ ട്രസ്റ്റിന് വേണ്ടി അധ്യക്ഷന്‍ അശുതോശ് പാണ്ഡ്യേയാണ് ഹരജി നല്‍കിയത്. എന്നാല്‍ അതിനെതിരെ പള്ളിക്കമ്മിറ്റിയും ഉത്തര്‍പ്രദേശ് സുന്നി സെന്ററല്‍ വഖഫ് ബോര്‍ഡും കോടതിയെ സമീപിച്ചിരുന്നു.

ഹരജിക്കാരുടെ അഭിഭാഷകനായ സുരേഷ് കുമാര്‍ മൗര്യയുടെയും ഉത്തര്‍പ്രദേശ് സുന്നി സെന്ററില്‍ വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ പുനിത് കുമാര്‍ ഗുപ്തയുടെയും വാദങ്ങള്‍ കേട്ടതിന് ശേഷമാണ് ഹരജിക്കാരുടെ ഹരജി കോടതി തള്ളിയത്.

ജനുവരിയില്‍ തങ്ങളുടെ താല്‍പര്യങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്തെ ഭൂപടം അടക്കം ട്രസ്റ്റ് മഥുരയിലെ സിവില്‍ ജഡ്ജിനെ സമീപിച്ചിരുന്നു. ഇപ്പോള്‍ ഷാഹി മസ്ജിദ് നിലനില്‍ക്കുന്നിടത്ത് കൃഷ്ണ ജന്മഭൂമി സ്ഥാപിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ സുന്നി വഖഫ് ബോര്‍ഡും പള്ളിക്കമ്മിറ്റിയും ഹരജി നല്‍കിയിരുന്നു. ആരാധനാലായങ്ങള്‍ 1947 ആഗസ്റ്റ് 15ല്‍ എങ്ങനെയാണോ ഉള്ളത് അതില്‍ നിന്ന് മാറ്റേണ്ടതില്ലെന്ന 1991ലെ നിയമം പറയുന്നുണ്ടെന്ന് അന്ന് പള്ളിക്കമ്മിറ്റി സിവില്‍ ജഡ്ജിനെ അറിയിച്ചിരുന്നു.

16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് തകര്‍ത്ത കത്ര കേശവദേവ് ക്ഷേത്രം ഇവിടെയുണ്ടായിരുന്നുവെന്നും അതിന് പകരം ഷാഹി മസ്ജിദ് പണിതെന്നുമുള്ള വാദം ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിയിരുന്നു. മഥുരയിലെ ഷാഹി മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ കൃഷ്ണ ജന്മസ്ഥാനത്താണ് നിര്‍മിച്ചതെന്നും ആരോപിക്കപ്പെടുന്നുണ്ട്.

content highlights: Shahi Masjid should be surveyed; The Allahabad court rejected the plea of ​​Sri Krishna Trust