Entertainment
ജോസഫ്, ഷോര്‍ട്ട് സ്‌റ്റോറിയുടെ അത്രയേ ഉള്ളൂവെന്ന് പറഞ്ഞു; കഥ മമ്മൂക്ക കേട്ടിട്ടില്ല: ഷാഹി കബീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 24, 02:09 am
Monday, 24th February 2025, 7:39 am

എം. പത്മകുമാര്‍ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജോസഫ്. ഷാഹി കബീര്‍ രചന നിര്‍വഹിച്ച സിനിമയില്‍ നായകനായത് ജോജു ജോര്‍ജ് ആയിരുന്നു. ഒരു റിട്ടയേര്‍ഡ് പൊലീസുകാരന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ജോജുവിന് പുറമെ ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, ആത്മിയ, ജോണി ആന്റണി, സുധി കോപ്പ, മാളവിക മേനോന്‍, മാധുരി ബ്രഗന്‍സ തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ജോസഫിലെ അഭിനയത്തിന് ജോജു മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം നേടിയിരുന്നു.

എന്നാല്‍ ഈ സിനിമ ആദ്യം മമ്മൂട്ടിക്ക് വേണ്ടിയായിരുന്നു പ്ലാന്‍ ചെയ്തതെന്ന് പറയുകയാണ് ഷാഹി കബീര്‍. എന്നാല്‍ കഥ മമ്മൂട്ടി കേട്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ മാനേജര്‍ ആയ ജോര്‍ജായിരുന്നു ആ കഥ കേട്ടതെന്നും ഷാഹി പറയുന്നു.

കഥ കേട്ട ശേഷം ജോര്‍ജ് അതൊരു ഷോര്‍ട്ട് സ്‌റ്റോറിയുടെ അത്രയേ ഉള്ളൂവെന്ന് പറയുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാഹി കബീര്‍. പിന്നീട് വണ്‍ ലൈന്‍ എഴുതിയെങ്കിലും മമ്മൂട്ടിയെ കാണാനോ സംസാരിക്കാനോ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

ജോസഫ് മമ്മൂക്കക്ക് വേണ്ടി തന്നെയായിരുന്നു എഴുതിയത്. ആദ്യത്തെ സംവിധായകന്‍ പറഞ്ഞിട്ടായിരുന്നു അത്. പക്ഷെ കഥ മമ്മൂക്ക കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ മാനേജര്‍ ആയ ജോര്‍ജായിരുന്നു ആ കഥ കേട്ടത്. അദ്ദേഹം കേട്ട ശേഷം ഇത് ഒരു ഷോര്‍ട്ട് സ്‌റ്റോറിയുടെ അത്രയേ ഉള്ളൂവെന്ന് പറഞ്ഞു.

നമ്മള്‍ ഒരു കഥ പറയുമ്പോള്‍ വലിച്ചു നീട്ടി പറയാതെ ഷോര്‍ട്ട് ആയിട്ട് പറഞ്ഞതാണ്. അങ്ങനെ ഞാന്‍ അത് വണ്‍ ലൈന്‍ ആയി എഴുതി കൊണ്ടുവരാമെന്ന് പറഞ്ഞു. വണ്‍ ലൈന്‍ എഴുതിയെങ്കിലും അതിനെ കുറിച്ച് പിന്നെ മമ്മൂക്കയോട് സംസാരിക്കാനോ അദ്ദേഹത്തെ കാണാനോ സാധിച്ചില്ല.

പിന്നെ ആ ഐഡിയ ജോജുവിന്റെ അടുത്തെത്തി. ആ സമയത്ത് എനിക്ക് കുറച്ചുകൂടെ ഫ്രീഡം കിട്ടി. മമ്മൂക്ക ആകുന്നതിനേക്കാളും വേറൊരു ഫ്രീഡത്തില്‍ ഈ സിനിമയുടെ കഥ എഴുതാന്‍ എനിക്ക് സാധിച്ചു,’ ഷാഹി കബീര്‍ പറഞ്ഞു.

Content Highlight: Shahi Kabir Talks About Mammootty And Joseph Movie