ഷാഹി ഈദ്ഗാഹ് കേസ്: പ്രദേശത്ത് തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് ഹരജി
national news
ഷാഹി ഈദ്ഗാഹ് കേസ്: പ്രദേശത്ത് തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th May 2022, 8:41 pm

മഥുര: ഷാഹി ഈദ്ഗാഹ് കേസില്‍ മസ്ജിദിന്റെ പരിസരത്ത് തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് സിവല്‍ ജഡ്ജിക്ക് മൂന്ന് അപേക്ഷകള്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

മസ്ജിദ് മാറ്റുന്നതിനായി 2020-ല്‍ ശ്രീകൃഷ്ണ വിരാജ്മാന്‍, ലഖ്നൗ നിവാസിയായ മനീഷ് യാദവ് എന്നിവരുടെ പേരില്‍ ഫയല്‍ ചെയ്ത കേസിന്റെ ഭാഗമായാണ് കോടതിയില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചത്.

കത്ര കേശവ്‌ദേവ് ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ ഭൂമിയുടെ ഭാഗത്താണ് മസ്ജിദ് നിര്‍മിച്ചിരിക്കുന്നത് എന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. നേരത്തെ പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാര്‍ കോടതിയെ സമീപിച്ചിരുന്നു.

കേസ് ജൂലൈ ഒന്നിന് കോടതി പരിഗണിക്കും.

മസ്ജിദ് പ്രദേശത്ത് തല്‍സ്ഥിതി നിലനിര്‍ത്തുക, അസിസ്റ്റന്റ് അഡ്വക്കേറ്റ് കമ്മീഷണര്‍മാരെ നിയമിക്കുക, സര്‍വേ സമയത്ത് ജില്ലാ തല അധികാരിയുടെ സാമീപ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിക്കാര്‍ മുന്നോട്ടുവെച്ചത്. പള്ളിയ്ക്കുള്ളില്‍ ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്നും ഹരജിക്കാര്‍ ആരോപിച്ചു.

കോടതി വേനല്‍ അവധിയിലായതിനാല്‍ ഈ തെളിവുകള്‍ നഷ്ടപ്പെടാനോ കൃത്രിമം നടത്താനോ സാധ്യതയുണ്ടെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇതിനാല്‍ പ്രദേശത്ത് തല്‍സ്ഥിതി തുടരുന്നതായിരിക്കും നല്ലതെന്നും ഹരജിക്കാര്‍ പറഞ്ഞു.

പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണം കണക്കിലെടുത്ത് രണ്ട് അസിസ്റ്റന്റ് അഡ്വക്കേറ്റ് കമ്മീഷണര്‍മാരെ നിയമിക്കണമെന്നും ഹരജിക്കാര്‍ രണ്ടാമത് സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

മൂന്നാമത് സമര്‍പ്പിച്ച ഹരജിയിലാണ് ജില്ലാ തല ഉദ്യോഗസ്ഥന്റെ സമീപ്യം വേണമെന്ന് ആവശ്യം ഉന്നയിച്ചത്.

Content Highlight: Shahi Idgah case: Application filed for status quo on mosque premises