സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രമാണ് ദേവദാസ്. ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിരാശ കാമുകനായ ദേവ്ദാസായി ഷാരൂഖ് ഖാന്‍ എത്തിയ ചിത്രം വലിയ വിജയമായിരുന്നു.
ഒരുപാട് ആളുകള്‍ തന്നോട് ആ കഥാപാത്രത്തെ അവതരിപ്പിക്കരുതെന്ന് പറഞ്ഞെന്നും എന്നാല്‍ തന്റെ അമ്മക്ക് ഇഷ്ടമാകുമെന്ന് കരുതിയാണ് ആ ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്നും ഷാരൂഖ് ഖാന്‍ പറയുന്നു. തന്റെ മാതാപിതാക്കള്‍ ആകാശത്ത് നക്ഷത്രമായി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നത് കുട്ടിത്തമുള്ള ചിന്തയാണെന്ന് അറിയാമെന്നും എന്നാല്‍ അങ്ങനെ വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചുചേര്‍ത്തു.
ദേവ്ദാസിലെ പ്രകടനത്തിന് തനിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചെന്നും എന്നാല്‍ സിനിമയിലെ കഥാപാത്രത്തെ പോലെ റിയല്‍ ലൈഫിലും താന്‍ മദ്യപാനിയായി മാറിയെന്നും കിങ് ഖാന്‍ പറയുന്നു. 77ാമത് ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ പാര്‍ഡോ അല്ല കാരിയറ അസ്‌കോണ-ലൊകാര്‍ണോ ടൂറിസം അവാര്‍ഡ് ലഭിച്ചതിന് ശേഷം ഇവന്റ് നിര്‍മാതാക്കള്‍ സംഘടിപ്പിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വലിയ സിനിമകളില്‍ ഞാന്‍ ഭാഗമായാല്‍ അത് എന്റെ അച്ഛനും അമ്മക്കും ഇഷ്ടമാകുമെന്ന് ചില കാരണങ്ങള്‍ കൊണ്ട് ഞാന്‍ കരുതിയിരുന്നു. അച്ഛനും അമ്മയും അതെല്ലാം സ്വര്‍ഗത്തില്‍ നിന്ന് കാണുന്നുണ്ടാകുമെന്നും ഞാന്‍ ചിന്തിച്ചു. ഇതെല്ലം കുട്ടിത്തമുള്ള ചിന്തയാണെന്ന് എനിക്കറിയാം. പക്ഷെ എന്നിട്ടും എന്റെ അമ്മ ആകാശത്ത് ഒരു നക്ഷത്രമായി ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, അത് ഏത് നക്ഷത്രമാണെന്ന് പോലും എനിക്ക് നന്നായി അറിയാം.
ദേവ്ദാസില്‍ ഞാന്‍ അഭിനയിക്കുകയാണെങ്കില്‍ അമ്മ അഭിനന്ദിക്കുമെന്ന് ഞാന്‍ ചിന്തിച്ചു. ദിലീപ് കുമാറിനെ പോലെ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ കലാകാരന്മാര്‍ ഉള്ളതിനാല്‍ എനിക്ക് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല, കെ.എല്‍. സൈഗാളും ഉത്തം കുമാറും നേരത്തെ തന്നെ ഈ കഥാപാത്രത്തെ മനോഹരമായി ചെയ്തുവെച്ചിരുന്നു. ഒരുപാട് മുതിര്‍ന്ന അഭിനേതാക്കള്‍ എന്നോട് ദേവ്ദാസ് ചെയ്യരുതെന്ന് പറഞ്ഞിട്ടും ഞാന്‍ ആ കഥാപാത്രത്തെ ചെയ്യാന്‍ ആഗ്രഹിച്ചു.
ആ ചിത്രത്തിലെ അഭിനയത്തിന് എനിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നെങ്കിലും ആ ചിത്രത്തിന് ശേഷം കഥാപാത്രത്തെ പോലെ ഞാനും മദ്യപാനിയായി മാറി,’ ഷാരൂഖ് ഖാന്‍ പറയുന്നു.
Content Highlight: Shah Rukh Khan says he started drinking after Devdas