'എക്സ് എം.പി ബോര്‍ഡ്': ജാഗ്രതക്കുറവുണ്ടായി, നിര്‍വ്യാജമായ ഖേദം അറിയിക്കുന്നുവെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ
Kerala News
'എക്സ് എം.പി ബോര്‍ഡ്': ജാഗ്രതക്കുറവുണ്ടായി, നിര്‍വ്യാജമായ ഖേദം അറിയിക്കുന്നുവെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th June 2019, 9:07 pm

തിരുവനന്തപുരം: എക്‌സ് എം.പി എന്ന് എഴുതിയ കാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതില്‍ തെറ്റ് സമ്മതിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം ഏറ്റെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതില്‍ ജാഗ്രതകുറവുണ്ടായെന്ന് സമ്മതിച്ച ഷാഫി പോസ്റ്റ് പിന്‍വലിക്കുന്നതായും അറിയിച്ചു.

പോസ്റ്റ് കണ്ട് തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും നിര്‍വ്യാജമായ ഖേദം അറിയിക്കുന്നുവെന്നും ഷാഫി പറഞ്ഞു. തെറ്റിദ്ധരിക്കപ്പെട്ടയാളുടെ നമ്പറില്‍ വിളിച്ച് ഖേദം രേഖപ്പെടുത്തിയെന്നും ഷാഫി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം രജിസ്‌ട്രേഷന്‍ ഇന്നോവ കാറിലെ Ex MP ബോര്‍ഡുമായി ബന്ധപ്പെട്ട പോസ്റ്റ് പിന്‍വലിക്കുന്നു. അത് വ്യാജമായിരുന്നു എന്ന് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നു. ഇത് സംബന്ധിച്ച് പല പോസ്റ്റുകളും വന്നതിന് ശേഷവും ഉത്തരവാദിത്തപ്പെട്ട ഒരു നിഷേധക്കുറിപ്പൊ വാര്‍ത്തയോ വരാത്തത് കൊണ്ട് അത് ഒറിജിനല്‍ ആണെന്ന് കരുതിയ ജാഗ്രതക്കുറവ് സംഭവിക്കാന്‍ പാടില്ലാത്തത് ആയിരുന്നു.

എന്റെ പോസ്റ്റ് കണ്ട് തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും നിര്‍വ്യാജമായ ഖേദം അറിയിക്കുന്നു. ആരുടെയും പേര് പറയാതെ ഇട്ട പോസ്റ്റ് ആയിരുന്നെങ്കിലും ഇത് കാരണം തെറ്റിദ്ധരിക്കപ്പെട്ട അദ്ദേഹത്തിന്റെ നമ്പറില്‍ വിളിച്ച് ഖേദം രേഖപ്പെടുത്തി. സ്റ്റാഫ് അംഗമാണ് ഫോണില്‍ സംസാരിച്ചത്.