ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കുമെന്നാണ് ഷാഫി പറമ്പിലിന്റെ പരിഹാസം. സേനയില്‍ ആഭ്യന്തര മന്ത്രിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥ നാടിനാപത്താണെന്നും അദ്ദേഹം പറയുന്നു.
കൊല്ലുകയും കൊലവിളിക്കുകയും പൊലീസ് വാഹനം വരെ കത്തിക്കുകയും ചെയ്യുന്ന ഗുണ്ടകളോട് മൃദു സമീപനവും നാട്ടുകാരോട് പൊലീസിന്റെ ഗുണ്ടായിസവും സ്ഥിരം ഏര്‍പ്പാടായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘പിണറായിയുടെ പേര് പറയുവാന്‍ പോലും ഭയമുള്ള സി.പി.ഐ.എം സമ്മേളനങ്ങളില്‍ നിന്ന് വരെ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടും, പൊതുമരാമത്ത് മന്ത്രി വരെ പരസ്യവിമര്‍ശനം ഉന്നയിക്കേണ്ടി വന്നിട്ടും തന്റെ പരാജയം തിരിച്ചറിയാത്ത മുഖ്യമന്ത്രി സംസ്ഥാനത്തിന് ഒരു ബാധ്യതയാണ്.
വകുപ്പില്‍ ഇടപെടുവാന്‍ കഴിയുന്ന ആരെങ്കിലും ഭരണപക്ഷത്തുണ്ടെങ്കില്‍ അവരെ ആഭ്യന്തര വകുപ്പ് എല്‍പ്പിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണം,’ ഷാഫി പറമ്പില്‍ കുറിക്കുന്നു.
തിങ്കളാഴ്ച രാവിലെയായിരുന്നു ട്രെയ്‌നില്‍ വെച്ച് പൊലീസ് മധ്യവയസ്‌കനെ മര്‍ദ്ദിച്ച സംഭവമുണ്ടായത്. മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരനെയാണ് കണ്ണൂരില്‍ നിന്ന് എ.എസ്.ഐ ക്രൂരമായി മര്‍ദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തത്.
സ്ലീപ്പര്‍ കംപാര്‍ട്ട്മെന്റില്‍ എത്തിയ പൊലീസുകാര്‍ യാത്രക്കാരോട് ടിക്കറ്റ് ചോദിക്കുകയായിരുന്നു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരന്‍ മറുപടി നല്‍കി.
തുടര്‍ന്ന് കൈയ്യിലുള്ള ടിക്കറ്റ് ബാഗില്‍ നിന്ന് എടുത്ത് നല്‍കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയായിരുന്നു. കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരന്‍ എടുത്ത ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസിന്റെ ക്രൂരത പുറത്തറിഞ്ഞത്.
മാവേലി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് പൊലീസിന്റെ മര്‍ദ്ദനമുണ്ടായത്. മര്‍ദ്ദനമേറ്റ യാത്രക്കാരനെ പിന്നീട് വടകരയില്‍ പൊലീസ് ഇറക്കിവിട്ടു. മര്‍ദ്ദനം ചോദ്യം ചെയ്തതോടെ മറ്റ് യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
അതേസമയം താന്‍ ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് യാത്രക്കാരനെ മര്‍ദ്ദിച്ച എ.എസ്.ഐ പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞത്.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അന്വേഷണത്തിന് സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പിയെ ചുമതലപ്പെടുത്തിയെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. സംഭവത്തില്‍ മനുഷ്യത്വ രഹിതമായ കാര്യങ്ങള്‍ ഉണ്ടായോ എന്നും പരിശോധിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും. കൊല്ലുകയും കൊലവിളിക്കുകയും പൊലീസ് വാഹനം വരെ കത്തിക്കുകയും ചെയ്യുന്ന ഗുണ്ടകളോട് മൃദു സമീപനവും നാട്ടുകാരോട് പൊലീസിന്റെ ഗുണ്ടായിസവും സ്ഥിരം ഏര്‍പ്പാടായിരിക്കുകയാണ്. സേനയില്‍ ആഭ്യന്തര മന്ത്രിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥ നാടിനാപത്താണ്.
പിണറായിയുടെ പേര് പറയുവാന്‍ പോലും ഭയമുള്ള സി.പി.ഐ.എം സമ്മേളനങ്ങളില്‍ നിന്ന് വരെ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടും പൊതുമരാമത്ത് മന്ത്രി വരെ പരസ്യവിമര്‍ശനം ഉന്നയിക്കേണ്ടി വന്നിട്ടും തന്റെ പരാജയം തിരിച്ചറിയാത്ത മുഖ്യമന്ത്രി സംസ്ഥാനത്തിന് ഒരു ബാധ്യതയാണ്. വകുപ്പില്‍ ഇടപെടുവാന്‍ കഴിയുന്ന ആരെങ്കിലും ഭരണപക്ഷത്തുണ്ടെങ്കില്‍ അവരെ ആഭ്യന്തര വകുപ്പ് ഏല്‍പ്പിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണം.