അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ അടിയന്തര ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍
Kerala News
അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ അടിയന്തര ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd April 2020, 3:54 pm

തിരുവനന്തപുരം: അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. കുടുംബത്തിന്റെ ദയനീയ സ്ഥിതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും പ്രത്യേക കേസായി ധനസഹായം നല്‍കാന്‍ തിരുമാനിച്ചതെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.


20 വര്‍ഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. ടെലിവിഷനുകളിലെ റിയാലിറ്റി ഷോയിലും ഷാബു സജീവ സാന്നിധ്യമായിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളിലൂടെ കലാരംഗത്തെത്തി പിന്നീട് ഉത്സവപ്പറമ്പുകളില്‍ ഒറ്റയ്ക്കും കൂട്ടായും മിമിക്രി അവതരിപ്പിച്ചുകൊണ്ട് പ്രതിഭ തെളിയിച്ച ഷാബുരാജ് രണ്ടു പതിറ്റാണ്ടിലേറെ വേദികളില്‍ നിറഞ്ഞു നിന്നു.

കലാരംഗത്ത് ശ്രദ്ധേയ താരമായി ഉയര്‍ന്നെങ്കിലും കുടുംബം സാമ്പത്തികമായി ദുരിതാവസ്ഥയിലായിരുന്നു. ആറ് വര്‍ഷമായി ഭാര്യ രോഗബാധിതയായി കിടപ്പിലാണ്. നാല് ചെറിയ കുട്ടികളുമുണ്ട്.

പഞ്ചായത്തിന്റെ ഭവന പദ്ധതിപ്രകാരം ലഭിച്ച വീടിന്റെ പണി പാതിപൂര്‍ത്തിയായ നിലയിലാണ്. കലാപരിപാടികളില്ലാത്ത സമയത്തെല്ലാം മരപ്പണിയുള്‍പ്പെടെ കൂലിവേലകള്‍ക്ക് പോയാണ് അദ്ദേഹം കുടുംബത്തിന്റെ താളം നിലനിര്‍ത്തിയിരുന്നത്.

നെഞ്ചുവേദനയെ തുടര്‍ന്ന് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: