എസ്.എഫ്.ഐ നേതാവിനെ ആക്രമിച്ചത് ഇരുപതു പേരടങ്ങുന്ന സംഘം; ഒരാളൊഴികെ മറ്റുള്ളവര്‍ വിദ്യാര്‍ത്ഥികളല്ലായിരുന്നുവെന്ന് ദൃക്‌സാക്ഷി
Kerala News
എസ്.എഫ്.ഐ നേതാവിനെ ആക്രമിച്ചത് ഇരുപതു പേരടങ്ങുന്ന സംഘം; ഒരാളൊഴികെ മറ്റുള്ളവര്‍ വിദ്യാര്‍ത്ഥികളല്ലായിരുന്നുവെന്ന് ദൃക്‌സാക്ഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd July 2018, 9:51 am

എറണാകുളം: എറണാകുളത്ത് മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയെ വെട്ടിക്കൊലപ്പെടുത്തിയത് ഇരുപതു പേരടങ്ങുന്ന സംഘമെന്ന് ദൃക്‌സാക്ഷി. ഇവരില്‍ ഒരാള്‍ മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയാണെന്നും ബാക്കിയുള്ളവര്‍ പുറത്തുനിന്നുള്ളവരാണെന്നും ദൃക്‌സാക്ഷിയായ അനന്തു പറഞ്ഞു.

പുറത്തു നിന്നുള്ളവരെ കോളേജിനകത്തു കയറാന്‍ അനുവദിക്കാത്തതിന്റെ പേരിലാണ് തര്‍ക്കം ആരംഭിച്ചതെന്നും തര്‍ക്കത്തിനിടെ പിന്നില്‍ നിന്നും കുത്തുകയായിരുന്നുവെന്നും അനന്തു മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് ഇവര്‍. ക്യാമ്പസ്സിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ ഇടുക്കി മറയൂര്‍ സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുള്ള മൂന്നു പേര്‍ കോളജിലെ വിദ്യാര്‍ത്ഥികളല്ലെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കും.

എന്‍.ഡി.എഫ്- ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്നും, എസ്.എഫ്.ഐയെ ക്യാംപസ്സില്‍ നിന്നും തുടച്ചു നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു.

അഭിമന്യുവിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കും.