തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കെ.എസ്.യുവിന്റെ സുപ്രധാന സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ വിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി. കൊലയാളികളെ നേതൃപദവി നല്‍കി ആദരിക്കുന്ന കെ.എസ്.യുവിനെ കേരളത്തിലെ ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായി ഒറ്റപ്പെടുത്തുമെന്ന് എസ്.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
സംഘടനാ പുനക്രമീകരണത്തിന്റെ ഭാഗമായി കൊലയാളികള്‍ക്ക് അംഗീകാരം നല്‍കുന്ന സമീപനമാണ് കെ.എസ്.യു സ്വീകരിച്ചിട്ടുള്ളതെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം. ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
‘കെ.എസ്.യുവിന്റെ വിവിധ ജില്ലാ- സംസ്ഥാന നേതൃപദവികളിലേക്കാണ് സഖാവ് ധീരജ് രാജേന്ദ്രന്‍ വധക്കേസിലെ പ്രതികളെ കെ.എസ്.യു തെരഞ്ഞെടുത്തിരിക്കുന്നത്. ധീരജ് വധക്കേസിലെ നാലാം പ്രതി നിതിന്‍ ലൂക്കോസിന് ഇടുക്കി ജില്ലാ പ്രസിഡന്റ് പദവി നല്‍കിയും, അഞ്ചാം പ്രതി ജിതിന്‍ തോമസിന് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി നല്‍കിയുമാണ് കെ.എസ്.യുവും, കെ.പി.സി.സിയും ഈ കൊലയാളികളെ ആദരിച്ചിട്ടുള്ളത്.
കേരളത്തിലെ ക്യാമ്പസുകളില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്താനും വേണമെങ്കില്‍ കൊലചെയ്യാനും പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് ഇതിലൂടെ കെ.എസ്.യു. ഉത്തരേന്ത്യയിലും മറ്റും വര്‍ഗീയ ആക്രമണങ്ങളിലെ പ്രതികള്‍ക്ക് സ്വീകരണവും അംഗീകാരവും നല്‍കുന്ന ആര്‍.എസ്.എസിന്റെ അതേ സമീപനമാണ് കേരളത്തില്‍ കെ.എസ്.യുവും കെ.പി.സി.സിയും സ്വീകരിച്ചിട്ടുള്ളത്.
ജനാധിപത്യത്തെ ഇരുട്ടില്‍ നിറുത്തുന്ന നടപടികളിലൂടെ ക്രിമിനല്‍ സംഘത്തിന് പരവതാനി വിരിക്കുന്ന കെ.എസ്.യുവിനെതിരെ ആ സംഘടനയിലെ പ്രവര്‍ത്തകര്‍ തന്നെ മുന്നോട്ട് വരും. ക്രിമിനല്‍ സംഘത്തിന് കുടപിടിക്കുന്ന കെ.എസ്.യുവിന്റെ ഈ തീരുമാനം ആ സംഘനയുടെ തന്നെ ശവപ്പെട്ടിയിലെ അവസാന ആണിയടിയാണ്,’ എസ്.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
സംഘടനാ പുനക്രമീകരണത്തിന്റെ സംസ്ഥാനത്തെ 14 കെ.എസ്.യു ജില്ലാ പ്രസിഡന്റുമാരും മാറിയിരുന്നു. ഇതിലാണ് ധീരജ് വധക്കേസിലെ പ്രതികളും ഉള്‍പ്പെട്ടിട്ടുള്ളത്.