കേരളം മറന്നു കളഞ്ഞ ആ കേസുകള്‍ക്ക് സംഭവിച്ചത്
Gender Equity
കേരളം മറന്നു കളഞ്ഞ ആ കേസുകള്‍ക്ക് സംഭവിച്ചത്
ശ്രീഷ്മ കെ
Thursday, 27th September 2018, 11:46 pm

രാഷ്ട്രീയ കേരളത്തെയൊട്ടാകെ പ്രതിസ്ഥാനത്തു നിര്‍ത്തിയ സ്ത്രീപീഡനക്കേസുകളുടെ ഒരു നിര തന്നെയുണ്ട് കണക്കുകളില്‍. റാക്കറ്റുകളും പിന്താങ്ങല്‍ സംഘങ്ങളുമായി അധികാരമുപയോഗിച്ച് ലൈംഗിക ചൂഷണം നടത്തിപ്പോന്നിരുന്നവരുടെ കൂട്ടത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ അനവധി പ്രമുഖരാണുള്ളത്.

പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതി ചര്‍ച്ചകളില്‍ നിറയുമ്പോള്‍, ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടുള്ള സമാനമായ കേസുകളില്‍ എന്താണു സംഭവിച്ചതെന്ന് പരിശോധിക്കേണ്ടത് അനിവാര്യതയാണ്. എന്നാല്‍, വാര്‍ത്തകളില്‍ നിറയുകയും ഭരണകൂടത്തെത്തന്നെ അരക്ഷിതാവസ്ഥയിലെത്തിക്കുകയും ചെയ്ത പല കേസുകളുടെയും നാള്‍വഴികള്‍ ചികഞ്ഞു പോയാല്‍ ലഭിക്കുന്ന വിവരങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്.

കേരള ചരിത്രത്തില്‍ത്തന്നെ സുപ്രധാനമായി കണക്കാക്കപ്പെടുന്ന ബലാത്സംഗക്കേസുകളുടെ കണക്കെടുത്താല്‍, സൂര്യനെല്ലി കേസും ഐസ്‌ക്രീം പാര്‍ലര്‍ കേസും മാറ്റിനിര്‍ത്താനാവില്ല. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകള്‍ കൊണ്ട് പൊതുജനശ്രദ്ധ നേടുകയും, അധികാര പ്രയോഗത്തിന്റെ ധാര്‍ഷ്ട്യം കൊണ്ട് ഗതിമാറ്റി വിടപ്പെടുകയും ചെയ്ത ഈ രണ്ട് കേസുകളും ഈ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചയ്ക്കെടുക്കേണ്ടതുണ്ട്.

ALSO READ: 14 കാരിയെ പീഡിപ്പിച്ച കേസ്; കെ.എം.സി.സി നേതാവിനെയും ഭാര്യയേയും അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

സാമ്പത്തികമായും സാമൂഹികമായും അരക്ഷിതാവസ്ഥയിലുള്ള പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തവരുടെ കൂട്ടത്തില്‍, ഈ രണ്ടു കേസുകളിലും, ശക്തരായ രാഷ്ട്രീയ നേതാക്കളുടെ പേരുകളുണ്ടായിരുന്നു. അവരിലാരും പ്രതിപ്പട്ടികയില്‍ ഇടം നേടാതെ പോയെന്നു മാത്രമല്ല, കേസു തന്നെ ഇല്ലാതാവുകയും മറക്കപ്പെടുകയും ചെയ്തു കഴിഞ്ഞു.

സൂര്യനെല്ലി കേസ്

ഇടുക്കി ജില്ലയിലെ സൂര്യനെല്ലി സ്വദേശിനിയായ ഒന്‍പതാം ക്ലാസ്സുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോകുകയും, നാല്‍പതു ദിവസം തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്തുവെന്നതാണ് 1996ല്‍ രജിസ്റ്റര്‍ ചെയ്ത കേസ്. നാല്‍പ്പതു ദിവസത്തിനുള്ളില്‍ 37 പേര്‍ ചേര്‍ന്ന് 67 തവണയാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയും മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയും പീഡിപ്പിച്ചത്.

ആദ്യഘട്ട അന്വേഷണത്തില്‍ത്തന്നെ പ്രതിപ്പട്ടികയിലുള്ള ധര്‍മരാജനും ഉഷയും അറസ്റ്റിലായെങ്കിലും പിന്നീടു നടന്ന ഉന്നതതല അന്വേഷണങ്ങളൊന്നും ശരിയായി മുന്നോട്ടു പോയില്ല എന്നതാണ് വാസ്തവം. അന്ന് ഐ.ജി. ആയിരുന്ന സിബി മാത്യൂസിനു നല്‍കിയ മൊഴിയില്‍ കേന്ദ്രമന്ത്രിയായിരുന്ന പി.ജെ. കുര്യന്റെയും കോട്ടയം ഡി.സി.സി സെക്രട്ടറിയായിരുന്ന ജേക്കബ് സ്റ്റീഫന്റെയും പേരുകള്‍ പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കിലും മൊഴി രേഖപ്പെടുത്തപ്പെട്ടില്ല.

മറ്റു പ്രതികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ പി.ജെ. കുര്യന്റെ പേര് പ്രതിപ്പട്ടികയില്‍ വരാതിരിക്കുന്നതാണ് നല്ലതെന്ന വിചിത്ര ഉപദേശം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കു നല്‍കിയാണ് അന്ന് അദ്ദേഹത്തെ സിബി തോമസ് ഒഴിവാക്കിയതെന്ന് സാമൂഹികപ്രവര്‍ത്തകയായ സുജ സൂസന്‍ ജോര്‍ജ് പറയുന്നു. ജൂനിയര്‍ ഉമ്മന്‍ചാണ്ടി എന്നു വരെ വിശേഷിപ്പിക്കപ്പെട്ടിരുന്ന ജേക്കബ് സ്റ്റീഫന്റെ പങ്കും വ്യക്തമായിരുന്നു.

സ്ത്രീപീഡനക്കേസുകളില്‍ ഇന്ന് ഉദ്ധരിക്കുന്ന നിയമങ്ങളില്‍ പലതും ഇല്ലാതിരുന്ന കാലത്തും അന്ന് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യപ്പെട്ട കേസായിരുന്നു സൂര്യനെല്ലി. സംസ്ഥാനത്ത് ആദ്യമായി ഒരു പ്രത്യേക കോടതി നിലവില്‍ വരുന്നത് സൂര്യനെല്ലി കേസിലാണ്. എന്നിട്ടു പോലും, ഇരുപത്തിരണ്ട് വര്‍ഷത്തിനിപ്പുറവും സൂര്യനെല്ലി കേസ് അവസാനിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ALSO READ: മാലിന്യ പ്ലാന്റുകളില്‍ നിന്ന് വൈദ്യുതി; പദ്ധതിയില്‍ വന്‍ക്രമക്കേടുകളെന്ന് റിപ്പോര്‍ട്ടുകള്‍

ജസ്റ്റിസ് ബസന്തിന്റെ ബാലവേശ്യാ പ്രയോഗം പോലുള്ള പല ക്രൂരതകളെയും അതിജീവിച്ച സൂര്യനെല്ലി പെണ്‍കുട്ടിയെ എന്നിട്ടും അധികാരദുര്‍വിനിയോഗികള്‍ വെറുതെ വിട്ടില്ല. സര്‍ക്കാര്‍ ജോലിക്കു കയറിയെങ്കിലും പണത്തട്ടിപ്പു കേസില്‍പ്പെടുത്തി വീണ്ടും ക്രൂശിക്കപ്പെടുകയായിരുന്നു.

2013-ല്‍ നിര്‍ഭയ കേസ് വരുന്നതുവരെ സുപ്രീം കോടതിയില്‍ കേസ് നിര്‍ജീവമായി കിടന്നു. പി.ജെ. കുര്യനെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി വീണ്ടും ആ വര്‍ഷം കോടതിയെ സമീപിച്ചിരുന്നു. മന്‍മോഹന്‍സിംഗും സോണിയാ ഗാന്ധിയുമടക്കമുള്ളവര്‍ക്ക് കത്തെഴുതുകയും ചെയ്തിരുന്നു. 2006-ല്‍ കുര്യനെ കേസില്‍ നിന്നും ഒഴിവാക്കിയത് ശരിയായില്ല എന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും കേസ് നിദ്രാവസ്ഥയിലാണുള്ളത്. കുര്യനെതിരായ നിര്‍ണായക മൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സിബി മാത്യൂസ് മുതല്‍ കുമളി ഗസ്റ്റ് ഹൗസില്‍ വച്ച് പീഡനം നേരിട്ടുവെന്ന് പെണ്‍കുട്ടി പറയുന്ന ദിവസം കുര്യന്‍ ചങ്ങനാശ്ശേരിയില്‍ താനുമായി ചര്‍ച്ചയിലായിരുന്നു എന്നു മൊഴി നല്‍കിയ എന്‍.എസ്.എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ വരെ, ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കേസില്‍ എത്രത്തോളമുണ്ടെന്നതിനു തെളിവാണ്.

ALSO READ: ഇടതുഭരണക്കാലത്തെ ‘സംഘി’പ്പൊലീസ്

കുര്യനെ കേസില്‍ നിന്നുമൊഴിവാക്കാനായി നടന്നിട്ടുള്ള രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ വെളിവാക്കലായിത്തന്നെ സുകുമാരന്‍ നായരുടെ ഇടപെടലിനെ കാണേണ്ടതുണ്ട്. ആരംഭഘട്ടം മുതല്‍ക്കേ സമൂഹത്തിന്റെയാകെ ഒറ്റപ്പെടുത്തല്‍ ഏറ്റുവാങ്ങിയിട്ടും, “എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ല” എന്ന കോടതിയുടെ ചോദ്യം അഭിമുഖീകരിക്കേണ്ടിവന്നിട്ടും കുര്യനെതിരായ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്, ഇന്ന് മുപ്പത്തിയാറു വയസ്സുള്ള യുവതിയായി മാറിക്കഴിഞ്ഞ അന്നത്തെ “പെണ്‍കുട്ടി”.

ഇത്തരം കേസുകളില്‍ അതിജീവിച്ചവരുടെ മൊഴി പ്രാഥമികമായി കണക്കിലെടുക്കേണ്ടതുണ്ടെങ്കിലും, ഒരു ഘട്ടത്തിലും അതുണ്ടായിട്ടില്ല. രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതുകൊണ്ടുമാത്രം എങ്ങുമെത്താതെ പോകുന്ന കേസുകളിലൊന്നു മാത്രമാണ് നിലവില്‍ സൂര്യനെല്ലി.

ഐസ്‌ക്രീം പാര്‍ലര്‍ കേസ്

ഏതാണ്ട് സമാനമായ കാലഘട്ടത്തില്‍ത്തന്നെ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയായ മറ്റൊരു സുപ്രധാന കേസായിരുന്നു ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്. കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.ആര്‍.എസ് ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് ശ്രീദേവി എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ നടന്നിരുന്ന സെക്സ് റാക്കറ്റ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനായി പ്രേരിപ്പിക്കുന്നു എന്ന വിവരം റൊമീള സുഖ്ദേവ് എന്‍.ജി.ഒയായ അന്വേഷിയെ അറിയിച്ചതോടെയാണ് കേസിന്റെ തുടക്കം.

ശേഷം അന്വേഷി നടത്തിയ പരിശോധനയില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ, പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തു. പാര്‍ലറും ശ്രീദേവിയുടെ വീടുമടക്കം റെയ്ഡ് ചെയ്യപ്പെട്ടെങ്കിലും, ആദ്യ ഘട്ടം മുതല്‍ ഉന്നതരുടെ ഇടപെടല്‍ പ്രകടമായിരുന്നു.

ALSO READ: ഡീസല്‍ വില എണ്‍പതെത്തുന്നു; കോഴിക്കോട്ട് അടുത്ത മാസം മുതല്‍ ബസ്സുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തിവയ്ക്കും

അന്നത്തെ വ്യവസായ വകുപ്പു മന്ത്രിയും മുന്‍ മേയര്‍ രാജഗോപാലുമടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉള്‍പ്പട്ട കേസില്‍, നിര്‍ബന്ധിത വ്യഭിചാരത്തിലേര്‍പ്പെടേണ്ടിവന്ന റജീന, റോസ്ലിന്‍, ബിന്ദു, റജുല എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടിക തയ്യാറാക്കിയത്. ശ്രീദേവി, അബ്ദുല്‍ റഹ്മാന്‍, ടി.പി. ദാസന്‍, രാജഗോപാല്‍ എന്നിവരടക്കമുള്ളവരെ പ്രതിചേര്‍ത്തെങ്കിലും, മൊഴിയിലുള്‍പ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ പേര് പട്ടികയിലുള്‍പ്പെട്ടില്ല.

ഒന്‍പതു വര്‍ഷത്തോളം അന്വേഷിയും അജിതയും പോരാട്ടവുമായി മുന്നോട്ടു പോയെങ്കിലും, പെണ്‍കുട്ടികള്‍ കൂട്ടത്തോടെ മൊഴിമാറ്റിയതിനാല്‍ സുപ്രീംകോടതി കേസ് തള്ളുകയായിരുന്നു. മൊഴിമാറ്റത്തിനു പിന്നിലുള്ള യാഥാര്‍ത്ഥ്യവും മറ്റും പിന്നീട് വെളിപ്പെടുത്തലായി പുറത്തുവന്നെങ്കിലും, വിഷയത്തിന്റെ സാധുത പൊതുജനത്തിനു വ്യക്തമാണെങ്കിലും, ഐസ്‌ക്രീം കേസ് ഇപ്പോള്‍ നിലവിലില്ല.

പെണ്‍കുട്ടികളുടെ മൊഴികളില്‍ കുഞ്ഞാലിക്കുട്ടി എന്ന പേരുണ്ടായിരുന്നിട്ടും, “മുന്‍ മന്ത്രി” എന്ന പരാമര്‍ശം മാത്രമേ മാധ്യമങ്ങള്‍ നടത്തിയിരുന്നുള്ളൂ. നീരാ റാവത്തിനെപ്പോലുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യഘട്ടത്തില്‍ വളരെ ഗൗരവമായി മുന്നോട്ടു കൊണ്ടുപോയിരുന്ന അന്വേഷണം പിന്നീട് കുഞ്ഞാലിക്കുട്ടി പണമെറിഞ്ഞ് വരുതിക്കാക്കുകയായിരുന്നുവെന്ന് അന്ന് കേസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ പറയുന്നു.

താനിവിടെ ഉള്ളപ്പോള്‍ ഇത്തരമൊരു ചൂഷണം അനുവദിക്കില്ലെന്നു പറഞ്ഞിരുന്ന നീരാ റാവത്തിനെ പിന്നെ കേസില്‍ നിന്നു മാറ്റുകയായിരുന്നെന്ന് അജിത പറയുന്നു. കേസുമായി പല തരത്തില്‍ ബന്ധപ്പെട്ടിരുന്നവരെയെല്ലാം കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം പണം നല്‍കി സ്വാധീനിക്കുകയായിരുന്നു. തന്നെയും സ്വാധീനിക്കാന്‍ ശ്രമിച്ചു, പലയിടങ്ങളില്‍ നിന്നും ഭീഷണി നേരിടേണ്ടി വന്നു. എന്നിട്ടും പിന്മാറിയില്ല. പക്ഷേ, ആ കേസു തന്നെ പിന്നീട് തള്ളിപ്പോയി – അജിത പറയുന്നു.

പെണ്‍കുട്ടികള്‍ കൂട്ടത്തോടെ മൊഴിമാറ്റിയതിനു പിന്നില്‍ കുഞ്ഞാലിക്കുട്ടിയില്‍ നിന്നും ലഭിച്ച സാമ്പത്തിക സഹായമായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടിയുടെ മുന്‍ സഹായി റൗഫ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന പെണ്‍കുട്ടികള്‍ കുഞ്ഞാലിക്കുട്ടി നല്‍കിയ പണം സ്വീകരിച്ച് കേസില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ടെങ്കില്‍, അതിനെ കുറ്റപ്പെടുത്താന്‍ തനിക്കാവില്ലെന്നും അജിത പറയുന്നുണ്ട്.

ALSO READ: ഹോട്ടലുടമയുടെ മര്‍ദ്ദനത്തെ ചോദ്യം ചെയ്ത യുവാവിനെ തല്ലിച്ചതച്ചു; മര്‍ദ്ദനത്തില്‍ യുവാവിന്റെ കേള്‍വി ശക്തി നഷ്ടമായി

വലിയ സാമ്പത്തിക വാഗ്ദാനങ്ങളും, അതു സ്വീകരിക്കാന്‍ വിസമ്മതിച്ചാല്‍ നേരിടേണ്ടി വരുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും മുന്നിലുള്ളപ്പോള്‍, അവര്‍ക്കു തീര്‍ച്ചയായും മറ്റു വഴികള്‍ ഉണ്ടായിരുന്നിരിക്കില്ല. പെണ്‍കുട്ടികളുടെ അരക്ഷിതാവസ്ഥ മുതലെടുത്ത് അധികാരത്തിന്റെ സഹായത്തോടെ രക്ഷപ്പെടുന്ന ഒരു പാറ്റേണ്‍ തന്നെയാണ് ആവര്‍ത്തിക്കപ്പെട്ടത്.

കേരള ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാരുടെ ഇടപെടലിലൂടെയാണ് കേസ് അട്ടിമറിക്കപ്പെട്ടത്. കേസിലെ പ്രതിഭാഗം വക്കീല്‍ എഴുതിക്കൊടുത്ത വിധിന്യായമാണ് ഈ ജഡ്ജിമാരിലൊരാള്‍ കോടതിയില്‍ വായിച്ചതെന്ന് അന്ന് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. റൗഫിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ, അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കേസില്‍ പുനരന്വേഷണം വേണം എന്നാവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി മാത്രമാണ് നിലവിലുള്ളത്.

ALSO READ: കന്യാസ്ത്രീ സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് വിലക്കുമായി സഭ; സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെയുള്ള സഭ വിലക്കിനെതിരെ പ്രതിഷേധം ശക്തം

ഒരിക്കല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്‍കിയപ്പോള്‍ അത് കണക്കിലെടുക്കാതിരിക്കുകയും, പിന്നീട് നിര്‍ബന്ധിച്ച് മൊഴിമാറ്റിക്കുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതുണ്ട്. കേസ് തേച്ചുമായ്ച്ചു കളഞ്ഞവര്‍ക്ക് വി.എസിന്റെ ഹരജി പരിഗണിക്കപ്പെടാതെ പോകുമെന്ന് ഉറപ്പു വരുത്താനും എളുപ്പത്തില്‍ സാധിച്ചേക്കും.

ഈ രണ്ടു കേസുകളും കേരളരാഷ്ട്രീയത്തില്‍ സൃഷ്ടിച്ച ഓളങ്ങള്‍ വളരെ വലുതാകുന്നത് ഇവയക്കു ലഭിച്ച മാധ്യമ ദൃശ്യതയും തുടര്‍ ചര്‍ച്ചകളും കാരണമാണെങ്കില്‍, സമാനഗണത്തില്‍പ്പെടുത്തേണ്ട മറ്റു ചില സംഭവങ്ങളുമുണ്ട്. ഇതേ രീതിയില്‍ രാഷ്ട്രീയമായി സ്വാധീനിക്കപ്പെട്ട, അതിജീവിച്ചവളുടെ വാക്കുകള്‍ സംശയത്തോടെ മാത്രം പരിഗണിക്കപ്പെട്ട, കേസിന്റെ നിലനില്‍പ്പിനെക്കുറിച്ചു തന്നെ പാടേ മറക്കപ്പെട്ട അവയില്‍ ചിലതാണ് കിളിരൂര്‍, കവിയൂര്‍, വിതുര എന്നിവ.

വിതുര കേസ്

1995ല്‍ നടന്ന സംഭവത്തില്‍, വിതുര സ്വദേശിയായ അജിത എന്ന യുവതി പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. ഒന്നാം പ്രതി സുരേഷിനെയും ചലച്ചിത്ര താരം ജഗതി ശ്രീകുമാറിനെയും കൂടാതെ മുന്‍ അഡ്വക്കറ്റ് ജനറലും മാണി കോണ്‍ഗ്രസ് നേതാവുമായ കെ.സി പീറ്ററും കേസില്‍ ഉള്‍പ്പെട്ടിരുന്നു.

പ്രത്യേക കോടതിയില്‍ വാദം നടന്നിരുന്ന കേസില്‍, ആദ്യ ഘട്ടത്തില്‍ തിരിച്ചറിയല്‍ പരേഡ് നടന്നിരുന്നില്ല. പിന്നീട് പെണ്‍കുട്ടിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന കാരണം പറഞ്ഞ് മുഴുവന്‍ പ്രതികളെയും വെറുതെ വിടുകയായിരുന്നു. വര്‍ഷങ്ങളോളം നീണ്ടുനിന്ന വാദവും സമ്മര്‍ദ്ദങ്ങളും കൊണ്ടു സഹികെട്ട് വാദത്തിന് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുക പോലും ചെയ്തിരുന്നു പെണ്‍കുട്ടി.

ALSO READ: കീറ്റോ ഡയറ്റ് സര്‍വ്വ രോഗ സംഹാരിയോ?

ജഗതിയടക്കമുള്ള പ്രതികള്‍ കുറ്റങ്ങള്‍ നിഷേധിക്കുകയല്ല, മറിച്ച് പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിരുന്നോ, സമ്മതത്തോടെയായിരുന്നോ ബന്ധമുണ്ടായത് എന്നിങ്ങനെയുള്ള ചര്‍ച്ചകളിലൂടെ കേസ് പുരോഗമിക്കുകയാണുണ്ടായത്. രാഷ്ട്രീയ-വ്യാവസായിക രംഗത്തെ പ്രമുഖരുടെ ഇടപെടലുണ്ടായ കേസില്‍ എല്ലാവരും കുറ്റവിമുക്തരായതോടെ, പെണ്‍കുട്ടിക്ക് അതിക്രൂരമായി നീതി നിഷേധിക്കപ്പെട്ടു.

കിളിരൂര്‍ കേസ്

2003-2004 കാലഘട്ടത്തില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച കേസാണ് കിളിരൂര്‍ കേസ്. സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഒരു വര്‍ഷക്കാലത്തോളം വിവിധ സ്ഥലങ്ങളില്‍ വച്ചു ബലാത്സംഗത്തിനിരയാക്കി എന്നതാണ് കേസ്. പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി, 2004 ആഗസ്റ്റില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതിനു ശേഷം അണുബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കേ സ്വകാര്യ ആശുപത്രിയില്‍ വച്ചു മരിച്ചു.

ശാരിയുടെ മരണത്തിനു ശേഷമാണ് കേരള രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ കേസിലുണ്ടാകുന്നത്. മരണത്തില്‍ ഒരു വി.ഐ.പിക്ക് പങ്കുണ്ടെന്ന് വി.എസ്. അച്യുതാനന്ദന്‍ അന്ന് പ്രസ്താവിച്ചിരുന്നു. പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശാരിയുടെ രക്തത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലായിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശാരിയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ചികിത്സയിലെ പിഴവിനെക്കുറിച്ച് സി.ബി.ഐ അന്വേഷിച്ചതേയില്ല.

അന്വേഷണ ഉദ്യോഗസ്ഥ ഐ.ജി. ശ്രീലേഖ ശാരിയുടെ മൊഴി ശരിയായി രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു. വി.ഐ.പി ഇടപെടലിന്റെ തെളിവോ പരാമര്‍ശങ്ങളോ കുറ്റപത്രത്തിലില്ലെന്നു ചൂണ്ടിക്കാട്ടി സി.ബി.ഐ കോടതി വാദത്തെ പാടേ തള്ളിക്കളഞ്ഞു.

ശാരിയുടെ മൊഴി തെളിവായി സ്വീകരിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ പക്ഷം. മറിച്ച്, ഒന്നാം പ്രതിയും മാപ്പു സാക്ഷിയുമായ ഓമനക്കുട്ടിയുടെ മൊഴിയാണ് പ്രതികള്‍ക്കെതിരെ നിലവിലുള്ളത്. കേസിലെ “വി.ഐ.പി” ആരാണെന്നോ, അയാളുടെ പങ്കെന്താണെന്നോ, ശാരിയുടെ മരണകാരണമെന്താണെന്നോ ഇതുവരെ അന്വേഷണമുണ്ടായില്ല. താഴെത്തട്ടിലുള്ളവര്‍ക്കു മാത്രം കഠിനതടവിനു വിധിച്ച് കോടതിയും ആ കേസിലെ വിസ്താരം പൂര്‍ത്തിയാക്കി.

കവിയൂര്‍ കേസ്

കവിയൂര്‍ ക്ഷേത്രത്തിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശികളായ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷം ഗൃഹനാഥനായ നാരായണന്‍ നമ്പൂതിരി തൂങ്ങിമരിക്കുകയായിരുന്നെന്ന് പ്രഥമദൃഷ്ട്യാ കണക്കാക്കപ്പെട്ടു. എന്നാല്‍, മരണങ്ങള്‍ക്കു പിറകില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതോടെ, അന്വേഷണങ്ങള്‍ ശക്തിപ്പെട്ടു.

ALSO READ: അയല്‍വാസിയായ യുവാവ് വധഭീഷണി മുഴക്കുന്നു; ഗൂഢാലോചനെയെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി; പൊലീസ് നടപടിയെടുത്തില്ലെന്നും ആക്ഷേപം

അനഘ അനവധി തവണ പീഡനങ്ങള്‍ക്കിരയായിരുന്നെന്നും, അനഘയുടെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി തന്നെയാണ് കുട്ടിയെ ഉപദ്രവിച്ചതെന്നുമായിരുന്നു സി.ബി.ഐ സംഘത്തിന്റെ “കണ്ടെത്തല്‍”. ഇതുറപ്പിക്കാനുള്ള ശാസ്ത്രീയ പരിശോധനകള്‍ നടക്കുകയോ തെളിവുകള്‍ ശേഖരിക്കപ്പെടുകയോ ചെയ്തില്ലതാനും. കിളിരൂര്‍ കേസിലെ ലതാ നായര്‍ അനഘയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതിനാലാണ് കേസ് ആദ്യഘട്ടത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്.

കേസില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, അനഘയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്‍കി രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തുള്ളവരും ഉന്നത പൊലീസുദ്യോഗസ്ഥരും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കാണിച്ച് ശ്രീലേഖ എന്ന പെണ്‍കുട്ടി ഹൈക്കോടതി ജഡ്ജിയായിരുന്ന ആര്‍. ബസന്തിന് കത്തയച്ചിരുന്നു. അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു കാണിച്ച് അയച്ച കത്തിനെക്കുറിച്ച് അന്വേഷണം നടക്കാത്തതെന്തെന്ന് അന്ന് കോടതി അന്വേഷണ സംഘത്തോട് ആരാഞ്ഞിരുന്നു.

സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി, മുന്‍ മന്ത്രി എം.എ ബേബിയുടെ മകന്‍ അശോക്, കോട്ടയം പൊലീസ് സൂപ്രണ്ടായിരുന്ന ഗോപിനാഥ്, ചലച്ചിത്ര നിര്‍മാതാവ് സജി നന്ത്യാട്ട്, മുന്‍മന്ത്രി പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍, ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാര്‍ എന്നിവരെല്ലാം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു അന്ന് ഉയര്‍ന്നിരുന്ന ആരോപണം.

ALSO READ: അഭയ മുതല്‍ ജലന്ധര്‍ വരെ; ക്രൈസ്തവ സഭയെ പിടിച്ചുലച്ച ലൈംഗികപീഡനക്കേസുകള്‍

സി.ബി.ഐയുടെ അന്വേഷണം തൃപ്തികരമല്ലെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും കോടതി പലവട്ടം നിരീക്ഷിച്ചെങ്കിലും, പുരോഗതിയൊന്നുമുണ്ടായില്ല. ഓളമടങ്ങിയപ്പോള്‍ എല്ലാവരും മറന്നുപോയ കേസുകളില്‍ ഒന്നുമാത്രമായി കവിയൂര്‍ കേസ് ഒതുങ്ങുകയും ചെയ്തു.

ഇതുവരെ ചര്‍ച്ച ചെയ്ത കേസുകളുമായി പ്രകടമായ വ്യത്യാസമുണ്ടെങ്കിലും, രാഷ്ട്രീയ രംഗത്ത് ഏറെ പ്രതിസന്ധികള്‍ സൃഷ്ടിച്ച മറ്റൊരു കേസ് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ശശിയുമായി ബന്ധപ്പെട്ടതാണ്. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഭാര്യയെ പ്രകൃതി ചികിത്സാകേന്ദ്രത്തില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു ഈ കേസ്. ക്രൈം വാരിക എഡിറ്റര്‍ ടി.പി. നന്ദകുമാറായിരുന്നു പരാതിക്കാരന്‍.

ആരോപണത്തെത്തുടര്‍ന്ന് 2011 ജൂലായില്‍ ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ശശിക്കെതിരെ പരാതി നല്‍കിയ കണ്ണൂരിലെ രണ്ടു പ്രമുഖ നേതാക്കളും പിന്നീട് പ്രതികാര നടപടികള്‍ക്ക് ഇരകളായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരാതിയുമായി ആദ്യം രംഗത്തെത്തിയ കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി സി.കെ.പദ്മനാഭനെ സാമ്പത്തികത്തട്ടിപ്പിന്റെ പേരില്‍ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ നേതാവിന് പാര്‍ട്ടി അംഗത്വം തന്നെ നഷ്ടപ്പെട്ടു.

ALSO READ: കേരളത്തില്‍ അവയവദാനങ്ങള്‍ നടക്കുന്നില്ല: സോഷ്യല്‍ മീഡിയ നുണ പ്രചരണങ്ങളുടെ ഫലം

ശേഷം തെളിവില്ലാത്തതിനാലും, പി. ശശി തന്നോട് മോശമായി പെരുമാറിയില്ലെന്ന പരാതിക്കാരിയുടെ മൊഴി കണക്കിലെടുത്തും, കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ഈയടുത്താണ് പി. ശശിയെ പാര്‍ട്ടി തിരിച്ചെടുത്തത്.

സമീപകാലത്തുണ്ടായ ഇത്തരം കേസുകള്‍ കടന്ന് പി.കെ. ശശിയിലെത്തി നില്‍ക്കുമ്പോള്‍, പരാതിക്കാരികളുടെ വാക്കുകളെ മുഖവിലയ്ക്കെടുക്കാത്തതും രാഷ്ട്രീയനേതാക്കള്‍ അധികാരമുപയോഗിച്ച് കേസു തന്നെ ഇല്ലാതാക്കിക്കളയുന്നതും ഒരു പുതിയ സംഭവമല്ലെന്ന് നിരീക്ഷിക്കേണ്ടിവരുന്നു. അതിക്രമത്തെ അതിജീവിച്ചവര്‍ നല്‍കുന്ന മൊഴി പ്രാഥമികമായി പരിഗണിക്കണമെന്നിരിക്കേ, ഉന്നതരെ ഭയന്നും വഴങ്ങിയും അതിനു മടിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ എല്ലാ കേസുകളിലും ഒരു പൊതുഘടകമാണു താനും. ഒരു കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ കേസുകള്‍ക്ക് എന്തു സംഭവിച്ചു എന്നന്വേഷിക്കുന്നത്, ഇനിയെങ്കിലും ജാഗ്രത പുലര്‍ത്താന്‍ പ്രേരിപ്പിച്ചേക്കും.

WATCH THIS VIDEO: