വാഷിങ്ടണ്‍: സ്വമേധയാ ജോലി രാജിവെക്കുന്നവര്‍ക്ക് ഏഴ് മാസത്തെ ശമ്പളം നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ലക്ഷത്തോളം വരുന്ന ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിന് വേണ്ടിയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൈന്യം, തപാല്‍, ഇമിഗ്രേഷന്‍, ദേശീയ സുരക്ഷാ വകുപ്പുകള്‍ എന്നിവയൊഴികെ മറ്റ് വകുപ്പുകളിലെല്ലാം കൂട്ടപ്പിരിച്ചുവിടല്‍ നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. മുഴുവന്‍ സമയ ഫെഡറല്‍ ജീവനക്കാരായ ആര്‍ക്കും പിരിഞ്ഞുപോകാമെന്നും രാജി അറിയിക്കുന്നവര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ലീവ് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ച്ചയായ ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും പകരമായി ജീവനക്കാരെ സ്വേമേധയാ രാജിവെക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഡിഫെര്‍ഡ് റെസിഗ്നേഷന്‍ പ്രോഗ്രാം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത് സംബന്ധിച്ച് രണ്ട് ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ക്ക് ഔദ്യോഗികമായി മെമ്മോ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സെപ്റ്റംബര്‍ 30വരെ ശമ്പളത്തോടെ സ്വമേധയാ രാജിവെക്കാമെന്നും ഫെബ്രുവരി ആറിനകം മറുപടി നല്‍കണമെന്നും മെമ്മോയില്‍ പറയുന്നു.
പത്തുശതമാനം പേര്‍ നിര്‍ദേശം സ്വീകരിച്ചാല്‍ രണ്ട് ലക്ഷത്തോളം ജീവനക്കാരെ ഒഴിവാക്കാന്‍ സാധിക്കുമെന്നും 10,000 കോടി ഡോളര്‍ ഇത്തരത്തില്‍ ലാഭിക്കാനാകുമെന്നും വൈറ്റ് ഹൗസ് എച്ച്.ആര്‍ വിഭാഗം അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സെപ്റ്റംബര്‍ 30വരെ ശമ്പളത്തിനോ ആനുകൂല്യങ്ങള്‍ക്കോ മുട്ടുണ്ടാവില്ലെന്നും സെപ്റ്റംംബര്‍ 30ന് ശേഷം ജോലിയില്‍ തുടരാന്‍ നിശ്ചയിക്കുന്നവര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പുനല്‍കാനാകില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് നല്‍കാന്‍ കഴിയാത്തതിനാല്‍ തന്നെ ഭാവിയിലുണ്ടാവുന്ന പിരിച്ചുവിടലുകള്‍ ഇവരെ ബാധിച്ചേക്കാമെന്നും അപ്രതീക്ഷിത തിരിച്ചടികള്‍ ഉണ്ടായേക്കാമെന്നും അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlight: Seven months salary for voluntary resignations; Trump to lay off employees