Advertisement
Entertainment
സിങ്കവും ടൈഗറും തിരിച്ചെത്തുന്നു? ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 13, 06:03 am
Saturday, 13th April 2024, 11:33 am

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു രജിനികാന്ത് നായകനായ ജയിലര്‍. ബീസ്റ്റ് എന്ന പരാജയചിത്രത്തിന് ശേഷം സംവിധായകന്‍ നെല്‍സണ്‍ സൗത്ത് ഇന്ത്യയിലെ സൂപ്പര്‍സ്റ്റാറുകളെ അണിനിരത്തി ഒരുക്കിയ ചിത്രം 600 കോടിയോളം കളക്ട് ചെയ്തിരുന്നു.

മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷറോഫ് എന്നിവര്‍ അതിഥിവേഷത്തില്‍ എത്തിയ സിനിമ മാസ് സിനിമാപ്രേമികള്‍ക്ക് ഗംഭീര അനുഭവമായിരുന്നു. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി രജിനിയുടെ ഹൈവോള്‍ട്ടേജ് പ്രകടനം ആരാധകര്‍ക്ക് കാണാന്‍ സാധിച്ചു.

ജയിലറിന് ശേഷം നെല്‍സന്റെ അടുത്ത ചിത്രം ഏതെന്ന ചര്‍ച്ചകള്‍ക്കിടെ സമൂഹമാധ്യമങ്ങളില്‍ പുതിയൊരു റൂമര്‍ വന്നിരിക്കുകയാണ്. ജയിലറിന്റെ രണ്ടാം ഭാഗമാണ് നെല്‍സന്റെ അടുത്ത പ്രൊജക്ട് എന്നാണ് പുതിയ റൂമര്‍. ആദ്യഭാഗത്തില്‍ സൂചിപ്പിച്ചുപോയ മുത്തുവേല്‍ പാണ്ഡ്യന്റെ പൊലീസ് ജീവിതവും, മാത്യു, നരസിംഹ എന്നിവരുടെ ഫ്‌ളാഷ്ബാക്കുമാകും പുതിയ ചിത്രത്തിന്റെ കഥയെന്നുമാണ് റൂമറുകള്‍. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗികസൂചനകള്‍ ഒന്നും വന്നിട്ടില്ല.

അതിനോടൊപ്പം മറ്റൊരു പൊലീസ് കഥയുടെ തുടര്‍ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായ സിങ്കത്തിന്റെ നാലാം ഭാഗം ചിന്തയിലുണ്ടെന്ന് സംവിധായകന്‍ ഹരി ഒരു അഭിമുഖത്തില്‍ പറഞ്ഞു. സൂര്യക്ക് വേണ്ടി ഒരു കഥ തയാറായിട്ടുണ്ടെന്നും ഇനിയൊരു പൊലീസ് കഥ ചെയ്യുന്നുണ്ടെങ്കില്‍ അത് സിങ്കത്തിന്റെ തുടര്‍ഭാഗമാകുമെന്നും സിങ്കം 4 എന്ന് പേരിട്ട് യാതൊരു ബന്ധവുമില്ലാത്ത കഥ ചെയ്യാന്‍ താത്പര്യമില്ലെന്നും ഹരി കൂട്ടിച്ചേര്‍ത്തു.

2010ല്‍ റിലീസായ സിങ്കത്തിനും 2013ല്‍ റിലീസായ സിങ്കം 2വിനും ഗംഭീര അഭിപ്രായമയാിരുന്നു ലഭിച്ചത്. എന്നാല്‍ മൂന്നാം ഭാഗം ശരാശരിയില്‍ ഒതുങ്ങി. ടൈഗറും സിങ്കവും വീണ്ടും വരുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Sequel of Jailer and Singam in discussion