[]തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ വരാന്‍ പോകുന്ന സ്വയംഭരണ കോളജുകള്‍ക്ക് പരീക്ഷയിലും മൂല്യനിര്‍ണയത്തിലും പൂര്‍ണ സ്വാതന്ത്ര്യം
നല്‍കുന്ന ഓര്‍ഡിനന്‍സിന്റെ കരടിന് സര്‍ക്കാര്‍ രൂപം നല്‍കി.
സ്വയംഭരണത്തിന് അധികാരം ലഭിക്കുന്ന കോളജുകള്‍ക്ക് ചോദ്യക്കടലാസ് സ്വയം തയ്യാറാക്കി പരീക്ഷ നടത്താം. സ്വയം മൂല്യനിര്‍ണയം നടത്തി കോളജുകളുടെ ഗവേണിങ് കൗണ്‍സില്‍ അംഗീകരിക്കുന്ന മാര്‍ക്ക് ലിസ്റ്റ് സര്‍വകലാശാലയ്ക്ക് സമര്‍പ്പിക്കണം. ഇത് സര്‍വകലാശാല അംഗീകരിക്കുകയും കോളജ് ശുപാര്‍ശ ചെയ്യുന്നവര്‍ക്ക് ഡിപ്ലോമയും ഡിഗ്രിയും നല്‍കുകയും ചെയ്യും.
പരീക്ഷയില്‍ ക്രമക്കേട് നടന്നാല്‍ കര്‍ശനനടപടിയെടുക്കാന്‍ സര്‍വകലാശാലയ്ക്ക് അധികാരമുണ്ടാകും. സ്വയംഭരണാധികാരം റദ്ദാക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്യാം. ക്രമക്കേട് കാട്ടുന്നവരില്‍ നിന്ന് പിഴയീടാക്കാനും വ്യവസ്ഥയുണ്ട്.
എം.ജി, കാലിക്കറ്റ്, കേരള സര്‍വകലാശാലകളുടെ നിയമങ്ങള്‍ ഭേദഗതി ചെയ്താണ് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. പാഠ്യപദ്ധതിയും അധ്യയനരീതിയും മൂല്യനിര്‍ണയത്തിന്റെ ഘടനയും ഉള്‍പ്പെടെയുള്ള അക്കാദമിക് കാര്യങ്ങളില്‍ കോളജിന് സ്വയം തീരുമാനമെടുക്കാം.
സര്‍ക്കാര്‍ കോളജുകള്‍ക്കും മാനേജ്‌മെന്റ് കോളജുകള്‍ക്കും സ്വയംഭരണാധികാരം നല്‍കാന്‍ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. സര്‍വകലാശാലകള്‍ക്ക് അഫിലിയേറ്റ് ചെയ്ത കോളജുകള്‍ക്ക് മേലുള്ള അതേ അധികാരങ്ങള്‍ തന്നെ സ്വയംഭരണ കോളജുകള്‍ക്ക് മേലും ഉണ്ടാകും.
ഈ കോളജുകള്‍ യു.ജി.സി നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകള്‍ക്കും പരിശോധിക്കാം. വൈസ് ചാന്‍സലര്‍ നിയമിക്കുന്ന വിദഗ്ധരും സിന്‍ഡിക്കേറ്റംഗങ്ങളും അടങ്ങുന്ന ഉപസമിതിയ്ക്കാണ് പരിശോധന നടത്താന്‍ അധികാരം. കോളജിലെ സൗകര്യങ്ങളും പരിശോധിക്കാവുന്നതാണ്.
സ്വയംഭരണാധികാര ചട്ടലംഘനം, പ്രവേശനത്തിലെ ക്രമക്കേടുകള്‍, മോശം അക്കാദമിക് നിലവാരം, ഫീസ് സംബന്ധിച്ച തര്‍ക്കങ്ങള്‍, പരീക്ഷാ നടത്തിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ സമിതിക്കാണ് നല്‍കേണ്ടത്.
അര്‍ഹമായ കോളജുകള്‍ തിരഞ്ഞെടുത്ത് സ്വയംഭരണാധികാരം നല്‍കുന്നതിന് യു.ജി.സിയോട് ശുപാര്‍ശ ചെയ്യാന്‍ അപ്രൂവല്‍ കമ്മറ്റി ഉണ്ടാകും. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഉപാധ്യക്ഷനും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കണ്‍വീനറുമായിരിക്കും. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍, ധന-നിയമകാര്യ സെക്രട്ടറിമാര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധി എന്നിവരായിരിക്കും സമിതിയിലെ അംഗങ്ങള്‍.