രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും പ്രതിവര്‍ഷം 6000 രൂപ; കര്‍ഷകരെ ലക്ഷ്യമിട്ട് ആദ്യ മന്ത്രിസഭാ യോഗം
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിന് മുമ്പ് ഇടക്കാല ബജറ്റിലൂടെ കൊണ്ടുവന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും ലഭിക്കും. പ്രതിവര്‍ഷം എല്ലാ കര്‍ഷകര്‍ക്കും 6000 രൂപ ധനസഹായം നല്‍കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
രാജ്യത്തെ 15 കോടിയോളം കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ള എല്ലാ കര്‍ഷകര്‍ക്കും പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കുമെന്നാണ് ഇടക്കാല ബജറ്റില്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ പരിധികള്‍ ഒഴിവാക്കി രണ്ട് കോടി കര്‍ഷകരെ കൂടി പദ്ധതിയിലേക്ക് ചേര്‍ത്തിരിക്കുകയാണെന്ന് കൃഷിമന്ത്രി പറഞ്ഞു.
12000 കോടി രൂപയാണ് ഇതിന് അധിക ചെലവ്. നേരത്തെ 75000 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരുന്നത്. മൂന്ന് ഗഡുക്കളായാണ് ആറായിരം രൂപ ലഭിക്കുക.
പ്രധാന്‍മന്ത്രി കിസാന്‍ പെന്‍ഷന്‍ യോജനയും വിപുലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 40 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ കര്‍ഷകര്‍ക്കും പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്നതാണ് പ്രധാന്‍മന്ത്രി കിസാന്‍ പെന്‍ഷന്‍ യോജന. ഇതിലൂടെ അഞ്ച് കോടി കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുമെന്ന് നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.
പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിച്ചതായിരുന്നു രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ തീരുമാനം. കൊല്ലപ്പെട്ട ജവാന്‍മാരുടെ ആണ്‍കുട്ടികള്‍ക്ക് 25 ശതമാനവും പെണ്‍കുട്ടികള്‍ക്ക് 33 ശതമാനവും സ്‌കോളര്‍ഷിപ്പ് തുകയാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളേയും പദ്ധതിയില്‍ ചേര്‍ത്തിരുന്നു.