നടന്‍ അനില്‍ പി നെടുമങ്ങാടിന്റെ മരണത്തിന് പിന്നാലെ അദ്ദേഹം സംവിധായകന്‍ സച്ചിയെ കുറിച്ചെഴുതിയ ഓര്‍മ്മകുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അനില്‍ പറഞ്ഞ വാക്കുകള്‍ അറംപറ്റിയെന്നായിരുന്നു പലരും ചൂണ്ടിക്കാണിച്ചത്. ഈ പ്രയോഗത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ ആര്‍.രാമാനാന്ദ്. അറംപറ്റുക എന്നത് ശുദ്ധ ഭോഷ്‌കാണെന്ന് രാമാനന്ദ് പറഞ്ഞു.
‘മരണം വളരെ സ്വാഭാവികമായ ഒരു ജീവിത പ്രക്രിയ ആണെന്നിരിക്കെ അതിനെക്കുറിച്ച് നമ്മള്‍ ദിവസവും സംസാരിക്കാം, ചിലപ്പോള്‍ ഫേസ്ബുക്കിലും എഴുതാം. നമ്മുടെ ടൈംലൈന്‍ എടുത്തുനോക്കിയാല്‍ എത്രയോ തവണ നമ്മള്‍ മരണത്തെ പരാമര്‍ശിക്കുകയോ, പ്രമേയമാക്കി കൊണ്ടു വല്ലതും എഴുതുകയോ ചെയ്തിട്ടുണ്ട്. അതെഴുതിയ പിറ്റേദിവസം നമ്മള്‍ മരിച്ചു പോയാല്‍ ഫേസ്ബുക്ക് പോസ്റ്റ് സ്‌ക്രീന്‍ഷോട്ട് എടുത്ത് കണ്ടോ അറംപറ്റി പോയത് എന്നു പറഞ്ഞു ആരെങ്കിലും ഒരു പോസ്റ്റ് ഇടും. ഷെയര്‍ തൊഴിലാളികള്‍ അത് ഷെയര്‍ ചെയ്യും, വിഡ്ഢികള്‍ മൂക്കത്ത് വിരല്‍ വെച്ച് ശരിതന്നെ ശരിതന്നെ എന്ന കോറസ് പാടും. ഏതെങ്കിലും വിധത്തില്‍ നാളെയാണ് എന്റെ മരണം എന്ന അറിവ് മനുഷ്യന്‍ ലഭിച്ചാല്‍ അതോടെ തീര്‍ന്നു!’ രാമാനന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എപ്പോള്‍ മരിച്ചാലും മരണം എന്നത് അസുഖകരമായ അനുഭവം ആയതിനാല്‍ മരണപരാമര്‍ശങ്ങള്‍ ഒഴിവാക്കാനായി അതേകുറിച്ച് പറഞ്ഞാല്‍ അറംപറ്റി പോകുമെന്ന് ഭയപ്പെടുത്തി വെച്ചിരിക്കുകയാണെന്നും രാമാനന്ദ് കൂട്ടിച്ചേര്‍ത്തു.
എവിടെയൊക്കെ മനുഷ്യന് അരക്ഷിതത്വം അനുഭവപ്പെടുന്നു അവിടെയെല്ലാം ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. ഒരുപാട് അരക്ഷിതത്വമുള്ളതിനാലാണ് സിനിമയിലും സീരിയലിലും മറ്റു കലാരംഗങ്ങളിലും രാഷ്ട്രീയത്തിലുമെല്ലാം അന്ധവിശ്വാസം നിറഞ്ഞുനില്‍ക്കുന്നതെന്നും രാമാനാന്ദ് പറഞ്ഞു.
നേരത്തെ അറംപറ്റി പ്രയോഗത്തിനെതിരെ നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. ‘ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ അയാളെഴുതിയ അവസാന പോസ്റ്റിലെ വാക്കുകളില്‍ ‘അറം പറ്റുക’ എന്ന കണ്ടുപിടുത്തം നടത്തുന്നവര്‍ അയാള്‍ ജീവിച്ചു തീര്‍ത്ത സത്യസന്ധമായ അയാളുടെ ജീവിതത്തോട് കാണിക്കുന്ന അവഹേളനമാണ്. ശുദ്ധ അസംബന്ധമാണ്. അന്ധവിശ്വാസം പ്രചരിപ്പിക്കലാണ്. അവന്‍ ജീവിച്ചിരുന്നെങ്കില്‍ ആദ്യം തല്ലുക ഇത്തരം കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവരെയായിരിക്കും,’ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തൊടുപുഴ മലങ്കര ഡാമില്‍ വെച്ചാണ് ഡിസംബര്‍ 25ന് അനില്‍ പി നെടുമങ്ങാട് മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സംവിധായകന്‍ സച്ചിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു അനില്‍ അവസാന പോസ്റ്റില്‍ പങ്കുവെച്ചിരുന്നത്. താന്‍ മരിക്കുവോളം സച്ചിയുടെ പടമായിരിക്കും ഫേസ്ബുക്ക് കവര്‍ഫോട്ടോയെന്നും അദ്ദേഹം എഴുതിയിരുന്നു. ഈ വാക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പലരും അറംപറ്റി എന്ന നിലയില്‍ പ്രചരിപ്പിച്ചത്.
അല്ലെങ്കിലേ അന്ധവിശ്വാസത്തിന് പേരുകേട്ട ഒരു മേഖലയാണ് കലാരംഗം. എന്തുകൊണ്ട് സിനിമയിലും സീരിയലിലും മറ്റു കലാരംഗങ്ങളിലും ഇത്രയും അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു എന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉള്ളൂ, വളരെ പ്രവചനാതീതമായ, അസന്തുലിതമായ, ഒരുപാട് അരക്ഷിതത്വം ഉള്ള മേഖലയാണ് ഇവയെല്ലാം. എവിടെയൊക്കെ മനുഷ്യന് അരക്ഷിതത്വം അനുഭവപ്പെടുന്നു അവിടെയെല്ലാം ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. കലാരംഗം പോലെ തന്നെ രാഷ്ട്രീയത്തിലും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ കൂടിയും കുറഞ്ഞും ഇരിക്കുന്നത് കാണാം. ‘അറംപറ്റുക’ എന്നത് ശുദ്ധ ഭോഷ്‌ക്കാണ്.
മരണം വളരെ സ്വാഭാവികമായ ഒരു ജീവിത പ്രക്രിയ ആണെന്നിരിക്കെ അതിനെക്കുറിച്ച് നമ്മള്‍ ദിവസവും സംസാരിക്കാം, ചിലപ്പോള്‍ ഫേസ്ബുക്കിലും എഴുതാം നമ്മുടെ ടൈംലൈന്‍ എടുത്തുനോക്കിയാല്‍ എത്രയോ തവണ നമ്മള്‍ മരണത്തെ പരാമര്‍ശിക്കുകയോ, പ്രമേയമാക്കി കൊണ്ടു വല്ലതും എഴുതുകയോ ചെയ്തിട്ടുണ്ട്. അതെഴുതിയ പിറ്റേദിവസം നമ്മള്‍ മരിച്ചു പോയാല്‍ ഫേസ്ബുക്ക് പോസ്റ്റ് സ്‌ക്രീന്‍ഷോട്ട് എടുത്ത് കണ്ടോ അറംപറ്റി പോയത് ! എന്നു പറഞ്ഞു ആരെങ്കിലും ഒരു പോസ്റ്റ് ഇടും ഷെയര്‍ തൊഴിലാളികള്‍ അത് ഷെയര്‍ ചെയ്യും, വിഡ്ഢികള്‍ മുക്കത്ത് വിരല്‍ വച്ച് ശരിതന്നെ ശരിതന്നെ എന്ന കോറസ് പാടും. ഏതെങ്കിലും വിധത്തില്‍ നാളെയാണ് എന്റെ മരണം എന്ന അറിവ് മനുഷ്യന്‍ ലഭിച്ചാല്‍ അതോടെ തീര്‍ന്നു!
അതുകൊണ്ട് ‘അറംപറ്റല്‍’ തികച്ചും ആകസ്മികമായ ഒരു സംഗതി മാത്രമാണ്. 100 വയസ്സായി മരിച്ചാലും മരണം ഒരു അസുഖകരമായ അനുഭവമാണ് മറ്റുള്ളവര്‍ക്ക് എന്നിരിക്കെ ‘മരണപരാമര്‍ശങ്ങള്‍’ നടത്തുന്നത് ഒഴിവാക്കാന്‍ വെറുതെ അതെ കുറിച്ച് ഒന്നും പറയണ്ട കേട്ടോ അറംപറ്റി പോകും എന്ന് പറഞ്ഞു ഭയപ്പെടുത്തി ഭയപ്പെടുത്തി, ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന അവസ്ഥയിലായി കാര്യങ്ങള്‍! മരണം ഒരു നിത്യസംഭവമാണ് മരിക്കാനാണ് നമുക്ക് കാരണങ്ങള്‍ കൂടുതല്‍ അതില്‍ ഒന്നും പെടാതെ ജീവിച്ചിരിക്കുന്നതാണ് അത്ഭുതം!
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക