national news
മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി വർധിക്കുന്നു; ദൽഹി, കൊൽക്കത്ത, ഹൈദരാബാദ് അധികാരികൾക്ക് സമൻസ് അയച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 27, 02:00 pm
Thursday, 27th February 2025, 7:30 pm

ന്യൂദൽഹി: മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി വർധിക്കുന്നതിന് പിന്നാലെ ദൽഹി, കൊൽക്കത്ത, ഹൈദരാബാദ് അധികാരികൾക്ക് സമൻസ് അയച്ച് സുപ്രീം കോടതി. പ്രസ്തുത നഗരങ്ങളിൽ അധികാരികൾ മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണിയും അഴുക്കുചാലുകൾ വൃത്തിയാക്കലും ഇല്ലാതാക്കുന്നതിനുള്ള വ്യക്തമായ പദ്ധതി തയാറാക്കാത്തതിൽ സുപ്രീം കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. വിഷയത്തിന്മേലുള്ള അടുത്ത വാദം കേൾക്കലിൽ ഈ അധികാരികൾ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി നിർത്തിയെന്ന് അവകാശപ്പെട്ടിട്ടും, കൊൽക്കത്ത, ദൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ തോട്ടിപ്പണി മൂലമുള്ള മരണങ്ങൾ ഉണ്ടായിട്ടുണ്ട്, അതിൽ കോടതി അധികൃതരിൽ നിന്ന് വിശദീകരണം തേടുകയായിരുന്നു.

ഇന്ത്യയിൽ തോട്ടിപ്പണി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഒരു റിട്ട് ഹരജിയെ തുടർന്നാണ് സുപ്രീം കോടതിയുടെ നിർദേശങ്ങൾ. ജനുവരി 29ന്, ദൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവയുൾപ്പെടെ ആറ് മെട്രോപൊളിറ്റൻ നഗരങ്ങളിൽ തോട്ടിപ്പണിയും ഓട വൃത്തിയാക്കലും ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് നിരോധിച്ചിരുന്നു.

കൂടാതെ, ഓരോ മെട്രോപൊളിറ്റൻ നഗരത്തിലെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അല്ലെങ്കിൽ തത്തുല്യ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥൻ ഫെബ്രുവരി 13നകം അവരുടെ നഗരത്തിൽ തോട്ടിപ്പണി എപ്പോൾ നിർത്തലാക്കപ്പെട്ടു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിയ കൃത്യമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.

മുംബൈയിലെയും ചെന്നൈയിലെയും അധികാരികൾ തൃപ്തികരമായ സത്യവാങ്മൂലം സമർപ്പിച്ചു. മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി, അഴുക്കുചാൽ വൃത്തിയാക്കൽ എന്നിവയ്ക്ക് പകരം ഉപയോഗിക്കുന്ന യന്ത്രങ്ങളെയും ഉപകരണങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകാൻ ഫെബ്രുവരി 19ന് കോടതി മറ്റുള്ള നഗരങ്ങളിലെ അധികാരികളോട് നിർദേശിച്ചു. എന്നാൽ ബെംഗളൂരു, കൊൽക്കത്ത, ദൽഹി , ഹൈദരാബാദ് എന്നിവിടങ്ങളിലെ അധികാരികൾ തൃപ്തികരമായ പ്രതികരണങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടു. അതിനാൽ അടുത്ത വാദം കേൾക്കലിൽ അവിടങ്ങളിൽ നിന്നുള്ള അധികാരികളും എത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി എപ്പോൾ നിർത്തിയെന്നതിനെക്കുറിച്ച് ഹൈദരാബാദിന്റെ മറുപടിയിൽ വ്യക്തതയില്ലെന്ന് കോടതി പറഞ്ഞു. കൂടാതെ, കഴിഞ്ഞ വർഷം നഗരത്തിൽ തോട്ടിപ്പണി മൂലം മൂന്ന് മരണങ്ങൾ ഉണ്ടായി. ഹൈദരാബാദ് മെട്രോപൊളിറ്റൻ വാട്ടർ & സീവറേജ് ബോർഡിന്റെ മാനേജിങ് ഡയറക്ടറോട് അടുത്ത ഹിയറിങ്ങിൽ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ സമർപ്പിച്ച സത്യവാങ്മൂലവും തൃപ്തികരമല്ലെന്ന് കോടതി കണ്ടെത്തി. ദൽഹിയിൽ, ദൽഹി ജൽ ബോർഡ് സമർപ്പിച്ച സത്യവാങ്മൂലത്തിലും വ്യക്തതയില്ലെന്ന് കോടതി കണ്ടെത്തി, കഴിഞ്ഞ വർഷം തോട്ടിപ്പണി മൂലം ദൽഹിയിലുണ്ടായ ഏഴ് മരണങ്ങളെക്കുറിച്ചും വിശദീകരിച്ചിട്ടില്ല. ബെംഗളൂരുവിലാകട്ടെ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല.

 

Content Highlight: SC Summons Delhi, Kolkata, Hyderabad Authorities Over Manual Scavenging Deaths