ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വിരമിക്കാനിരിക്കെ പുതിയ ചീഫ് ജസ്റ്റിസിനെ ശുപാര്‍ശ ചെയ്യാതെ കൊളീജിയം. ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത കാരണമാണ് പുതിയ ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുക്കുന്നത് വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
നിലവിലെ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ഏപ്രില്‍ 23 നാണ് വിരമിക്കുന്നത്. ഇദ്ദേഹമടക്കം ആഗസ്റ്റ് മാസത്തിനുള്ളില്‍ അഞ്ച് ജഡ്ജിമാരാണ് സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുന്നത്.
2019 നവംബറിലാണ് ബോബ്ഡെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയത്. രഞ്ജന്‍ ഗൊഗോയ് വിരമിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
നിലവിലെ സീനിയോരിറ്റി ലിസ്റ്റ് പ്രകാരം ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അകില്‍ കുറേഷിയാണ് സുപ്രീംകോടതിയിലെത്തേണ്ടത്. എന്നാല്‍ ഇദ്ദേഹത്തെ പരിഗണിക്കുന്നതില്‍ കൊളീജിയത്തിലെ അഞ്ച് ജഡ്ജിമാര്‍ക്കും വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സുപ്രീംകോടതി ബെഞ്ചിലെ ഇന്ദു മല്‍ഹോത്ര ഈ വര്‍ഷം മാര്‍ച്ചില്‍ വിരമിക്കും. ജസ്റ്റിസ് അശോക് ഭൂഷണും രോഹിങ്ടണ്‍ നരിമാനും നവീന്‍ സിന്‍ഹയും ഈ വര്‍ഷം വിരമിക്കുന്നവരാണ്.
ബോബ്‌ഡെയുടെ നേതൃത്വത്തില്‍ ഇതിന് മുന്‍പ് നടന്ന കൊളീജിയം യോഗങ്ങളിലെല്ലാം ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്.
2015ലും ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു പിന്‍ഗാമിയെ നിര്‍ദേശിച്ചിരുന്നില്ല. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനുമായി ബന്ധപ്പെട്ട് സര്‍ക്കാരും കോടതിയും തമ്മിലുണ്ടായിരുന്ന അനിശ്ചിതത്വമായിരുന്നു ഇതിന് കാരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക