പാകിസ്ഥാനെ മലര്‍ത്തിയടിച്ച് 'അമേരിക്കയുടെ ഇന്ത്യക്കാരന്‍'; ഇത് 14 വര്‍ഷത്തിന്റെ പ്രതികാരത്തിന്റെ കഥ!
Sports News
പാകിസ്ഥാനെ മലര്‍ത്തിയടിച്ച് 'അമേരിക്കയുടെ ഇന്ത്യക്കാരന്‍'; ഇത് 14 വര്‍ഷത്തിന്റെ പ്രതികാരത്തിന്റെ കഥ!
ശ്രീരാഗ് പാറക്കല്‍
Friday, 7th June 2024, 5:38 pm

14 വര്‍ഷം മുമ്പ് ആ ചെറുപ്പക്കാരനെ ബാബര്‍ അസം ഇന്ത്യന്‍ ജേഴ്‌സിയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് അമേരിക്കയ്ക്ക് വേണ്ടി പാകിസ്ഥാനെ തകര്‍ത്താണ് അവന്‍ ബാബറിന് മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്.

2024 ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെയുള്ള അമേരിക്കയുടെ ചരിത്ര വിജയത്തോടെ ഇന്ത്യന്‍ വംശജനായ സൗരഭ് നേത്രാവല്‍ക്കര്‍ 14 വര്‍ഷം മുമ്പുള്ള തന്റെ പ്രതികാരവും വീട്ടിയിരിക്കുകയാണ്. അതിന്റെ കഥ തുടങ്ങുന്നത് ഇന്ത്യയില്‍ വെച്ചു തന്നെയാണ്. മുംബൈക്കാരനായ നേത്രാവല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള ചുവടുവെപ്പില്‍ ആഭ്യന്തര മത്സരങ്ങളിലും അണ്ടര്‍ 19 മത്സരങ്ങളിലും സജീവമായിരുന്നു.

2008-2009 കൂച്ച് ബഹാന്‍ ട്രോഫിയില്‍ ഈ ഇടംകയ്യന്‍ ബൗളര്‍ ആറു മത്സരങ്ങളില്‍ നിന്നും 30 വിക്കറ്റുകളാണ് നേടിയത്. അവിടെനിന്നും ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ എത്താനും ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനും ഏറെ സമയമെടുത്തില്ല. അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയാണ് നേത്രാവല്‍ക്കര്‍ ക്രിക്കറ്റ് ലോകത്ത് തന്റെ കയ്യൊപ്പ് എഴുതിച്ചേര്‍ക്കുന്നത്.

എന്നാല്‍ ലോകകപ്പില്‍ ചിരവൈരിയായ പാകിസ്ഥാനു മുന്നില്‍ 2010 ജനുവരി 23ല്‍ നടന്ന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യ 23 ഓവറില്‍ ഉയര്‍ത്തിയ 114 റണ്‍സ് രണ്ട് വിക്കറ്റും മൂന്ന് പന്തും അവശേഷിക്കെ പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു. അന്ന് ഇന്ത്യക്ക് വേണ്ടി നേത്രാവല്‍ക്കറും പന്തിറിഞ്ഞിട്ടുണ്ടായിരുന്നു. 5 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം വെറും 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് സൗരഭിന് നേടിയത്. 3.20 എന്ന തകര്‍പ്പന്‍ എക്കണോമിയിലാണ് താരം അന്ന് പന്തെറിഞ്ഞത്.

മത്സരത്തിന്റെ ഡെത്ത് ഓവറിലേക്ക് താരത്തിന് സ്‌പെല്‍ ലഭിച്ചില്ലായിരുന്നു. സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ നാല് പന്തില്‍ രണ്ട് റണ്‍സായിരുന്നു പാകിസ്ഥാന് വിജയിക്കാന്‍ വേണ്ടത്. എന്നാല്‍ ഒരു ഫോര്‍ നേടി ഹമ്മദ് അസം പാകിസ്ഥാനെ വിജയിപ്പിക്കുകയായിരുന്നു. അന്ന് പാകിസ്ഥാന് വേണ്ടി ഓപ്പണ്‍ ചെയ്ത ബാബര്‍ അസം പൂജ്യം റണ്‍സിനായിരുന്നു പുറത്തായത്. നന്നായി പന്തെറിഞ്ഞിട്ടും അന്ന് പാകിസ്ഥാനോട് പരാജയപ്പെട്ടതില്‍ സൗരഭ് ഏറെ നിരാശയിലായിരുന്നു. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പാകിസ്ഥാനും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടി ഓസ്‌ട്രേലിയ വിജയിച്ച് കിരീടം നേടുകയും ചെയ്തിരുന്നു.

മികച്ച ബൗളറായിരുന്നിട്ടും ഇന്ത്യയ്ക്കുവേണ്ടി സൗരഭ് നേത്രാവല്‍ക്കറിന് വീണ്ടും കളിക്കാന്‍ സാധിച്ചില്ലായിരുന്നു. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കാന്‍ സാധിക്കുമായിരുന്നിട്ടും സീനിയര്‍ താരങ്ങളായ അജിത്ത് അഗാക്കളുടെയും സഹീര്‍ഖാന്റെയും സാന്നിധ്യം ആ യുവതാരത്തിന് വിലങ്ങു തടിയാവുകയായിരുന്നു.

പിന്നീട് തന്റെ ക്രിക്കറ്റ് കരിയര്‍ ഉപേക്ഷിച്ച് അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി എടുക്കുകയായിരുന്നു സൗരഭ്. ശേഷം 2015ല്‍ ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ സൗരഭിന് ബിരുദാനന്തര ബിരുദത്തിന് പ്രവേശനവും ലഭിച്ചു. ക്രിക്കറ്റിലേക്കുള്ള തന്റെ പുനര്‍ജന്മം അവിടെ നിന്നായിരുന്നു. നേത്രാവല്‍ക്കര്‍ വിനോദത്തിന് വേണ്ടി വീണ്ടും തന്റെ കളി തുടങ്ങി. അമേരിക്കയ്ക്ക് വേണ്ടി 2018 ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.

പിന്നീട് ലോകകപ്പിന് ആതിഥേയത്വം വഹിച്ച അമേരിക്കക്ക് വേണ്ടി പന്തെറിയാന്‍ ഈ ഇടം കയ്യിന്‍ സ്റ്റാര്‍ ബൗളര്‍ കളിക്കളത്തില്‍ ഇടിമിന്നലായി തിരിച്ചെത്തുകയായിരുന്നു. അമേരിക്കയുടെ ആദ്യ മത്സരത്തില്‍ കാനഡക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് അമേരിക്ക ടി-ട്വന്റി ലോകകപ്പിന് തുടക്കം കുറിക്കുന്നത്. വിക്കറ്റ് ഒന്നും നേടാതെ രണ്ട് ഓവറില്‍ 16 റണ്‍സായിരുന്നു സൗരഭ് ആദ്യ മത്സരത്തില്‍ വഴങ്ങിയത്.

എന്നാല്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അമേരിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് സമനില പിടിച്ചത്. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ തിരിച്ചുവരവാണ് നേത്രാവല്‍ക്കര്‍ നടത്തിയത്.

ഓപ്പണര്‍ മുഹമ്മദ് റിസ്വാനെ പറഞ്ഞയച്ചാണ് താരം ആദ്യ വിക്കറ്റ് നേടിയത്. മദ്യനിരയില്‍ ബാറ്റ് ചെയ്ത് 18 റണ്‍സ് നേടിയ ഇഫ്തിഖര്‍ അഹമ്മദിനെ എല്‍.ബി.ഡബ്ലിയുവിലൂടെ പുറത്താക്കിയാണ് സൗരഭ് രണ്ടാം വിക്കറ്റ് കൈക്കലാക്കുന്നത്. സമനിലയില്‍ കലാശിച്ച മത്സരത്തില്‍ 4.50 എന്ന ഏറ്റവും മികച്ച എക്കണോമിയില്‍ പന്തറിഞ്ഞതും സൗരഭ് ആയിരുന്നു.

ഒടുവില്‍ ആവേശകരമായ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സും നേടി. നിര്‍ണായക ഓവറില്‍ പാകിസ്ഥാന്റെ ആമിര്‍ സമ്മര്‍ദത്തിന് അടിമപ്പെട്ടപ്പോള്‍ യു.എസ്.എ ബാറ്റര്‍മാര്‍ അത് വൃത്തിയായി മുതലെടുത്തു. ആറ് പന്തും നേരിട്ട ആരോണ്‍ ജോണ്‍സ് 11 റണ്‍സ് നേടിയപ്പോള്‍ ഏഴ് റണ്‍സാണ് എക്സ്ട്രാ ഇനത്തില്‍ പിറന്നത്. ഒടുവില്‍ സൂപ്പര്‍ ഓവറില്‍ അമേരിക്കയ്ക്ക് വേണ്ടി സൗരഭ് നേത്രാവല്‍ക്കറാണ് പന്തെറിയാന്‍ എത്തിയത്.

അവസാന ഓവറിലെ രണ്ടാം പന്തില്‍ സൗരഭ് നേത്രാവല്‍ക്കറിനെ ഇഫ്തിക്കര്‍ അഹമ്മദ് നാല് റണ്‍സ് അടിച്ചപ്പോള്‍ മൂന്നാമത്തെ പന്തില്‍ വിക്കറ്റും നേടി. നാലാം പന്തില്‍ എല്‍.ബിയില്‍ നാലു റണ്‍സ് പോയപ്പോള്‍ അഞ്ചാം പന്തിലും ആറാം പന്തിലും മൂന്ന് റണ്‍സാണ് താരം വഴങ്ങിയത്.

സൂപ്പര്‍ ഓവറില്‍ രണ്ട് വൈഡ് അടക്കം 13 റണ്‍സിനാണ് നേത്രാവല്‍ക്കര്‍ പാകിസ്ഥാനെ വരിഞ്ഞു കെട്ടി ചരിത്രവിജയം സ്വന്തമാക്കുന്നത്. ഇതോടെ 2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാനോട് തോല്‍ക്കേണ്ടി വന്ന സൗരഭിന്റെ പ്രതികാരവും സഫലമായിരിക്കുകയാണ്. മാത്രമല്ല ലോകകപ്പില്‍ പാകിസ്ഥാനോട് വിജയിക്കുന്ന മൂന്നാമത്തെ അസോസിയേറ്റ് ടീമാകാനും അമേരിക്കക്ക് സാധിച്ചും.

 

 

Content Highlight: Saurabh Netravalkar’s Another Story Against Pakistan

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ