സൗദി അറേബ്യന്‍ ക്ലബ്ബുകള്‍ തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ ശ്രമിച്ച ഏഴ് പേരില്‍ രണ്ട് പേര്‍ മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സെമയുമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഫ്‌ളോറിയന്‍ പ്ലീറ്റന്‍ബെര്‍ഗ്. റിപ്പോര്‍ട്ട് പ്രകാരം എയ്ഞ്ചല്‍ ഡി മരിയ, സെര്‍ജിയോ റാമോസ്, റോബേര്‍ട്ടോ ഫിര്‍മിനോ, റോബേര്‍ട്ട് ലെവന്‍ഡോസ്‌കി ലൂക്ക മോഡ്രിച്ച് എന്നീ താരങ്ങളെ കൂടി സൗദി അറേബ്യന്‍ ക്ലബ്ബുകള്‍ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
‘റൊണാള്‍ഡോയും ബെന്‍സെമയും ഒരു തുടക്കം മാത്രമാണ്. സൗദി അറേബ്യന്‍ ക്ലബ്ബുകള്‍ ടാര്‍ഗെറ്റ് ചെയ്ത യൂറോപ്യന്‍ താരങ്ങളുടെ പട്ടികയില്‍ റാമോസ്, ഡി മരിയ, ലെവന്‍ഡോസ്‌കി, ഫിര്‍മിനോ, മോഡ്രിച്ച് എന്നിവരുമുണ്ട്. ബെന്‍സെമയെ സ്വന്തമാക്കുകയെന്നത് സൗദി അറേബ്യയിലെ ഉന്നത് മേധാവികളുടെ പദ്ധതിയായിരുന്നു,’ പ്ലീറ്റന്‍ബെര്‍ഗ് പറഞ്ഞു.
അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് സൗദി അറേബ്യ സ്വന്തമാക്കിയവരില്‍ മെഗാ സ്റ്റാര്‍. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ റോണോയെ കഴിഞ്ഞ ഡിസംബറിലാണ് റിയാദ് കേന്ദ്രീകരിച്ച് സ്ഥിതി ചെയ്യുന്ന അല്‍ നസര്‍ ക്ലബ്ബ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സംഘര്‍ഷഭരിതമായ സാഹചര്യത്തിലൂടെ പുറത്തായ ക്രിസ്റ്റ്യാനോയെ അല്‍ നസര്‍ ഉടന്‍ സ്വന്തമാക്കുകയായിരുന്നു.
റൊണാള്‍ഡോയുടെ വരവോടെ സൗദി ലീഗിലും മറ്റും ഗണ്യമായ പുരോഗമനുണ്ടായതോടെയാണ് കൂടുതല്‍ വിദേശ താരങ്ങളെ ലീഗിലെത്തിക്കുന്നതിലേക്ക് സൗദി എത്തിയത്. കഴിഞ്ഞ ദിവസമാണ് റയല്‍ മാഡ്രിഡ് ഇതിഹാസം കരിം ബെന്‍സെമയെ അല്‍ ഇത്തിഹാദം സ്വന്തമാക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ക്രിസ്റ്റ്യാനോക്ക് അല്‍ നസര്‍ നല്‍കിയതിന് സമാനമായ വേതനം നല്‍കിയാണ് ബെന്‍സെമയെ അല്‍ ഇത്തിഹാദ് സ്വന്തമാക്കുക. എന്നാല്‍ താരവുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പുവെക്കാനാണ് അല്‍ ഇത്തിഹാദ് പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം, രണ്ട് വര്‍ഷത്തേക്ക് 2025 വരെയാണ് റൊണാള്‍ഡോയും അല്‍ നസറും തമ്മിലുള്ള കരാര്‍.
റയല്‍ മാഡ്രിഡില്‍ ഒരുമിച്ച് ബൂട്ടുകെട്ടിയിരുന്ന റൊണാള്‍ഡോയും ബെന്‍സെമയും സൗദി ലീഗില്‍ ഒരിക്കല്‍ കൂടി ഒരുമിക്കുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.