ബാബര്‍ അടക്കമുള്ളവര്‍ ഇനി ഇവന് പുറകില്‍; പൂര്‍വികരെയും പിന്തള്ളി ഷക്കീല്‍
Sports News
ബാബര്‍ അടക്കമുള്ളവര്‍ ഇനി ഇവന് പുറകില്‍; പൂര്‍വികരെയും പിന്തള്ളി ഷക്കീല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th July 2023, 10:21 am

പാകിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി പാകിസ്ഥാന്‍ സൂപ്പര്‍ താരം സൗദ് ഷക്കീല്‍. ലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ഷക്കീല്‍ റെക്കോഡ് നേട്ടത്തിനുടമയായത്.

ലങ്കന്‍ മണ്ണില്‍ റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ ഒരു പാകിസ്ഥാന്‍ ബാറ്റര്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം സ്വന്തമാക്കിയാണ് ഷക്കീല്‍ ചരിത്രം കുറിച്ചിരിക്കുന്നത്.

ഗല്ലെയില്‍ 361 പന്ത് നേരിട്ട് പുറത്താകാതെ 208 റണ്‍സാണ് ഷക്കീല്‍ അടിച്ചുകൂട്ടിയത്. 19 ബൗണ്ടറിയുടെ അകമ്പടിയോടെ 57.52 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം പാക് സ്‌കോര്‍ ഉയര്‍ത്തിയത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

തന്റെ കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍ കൂടിയാണ് ഷക്കീല്‍ ഗല്ലെ അന്താരാഷ്ട്ര സ്‌റ്റേഡിത്തില്‍ കുറിച്ചത്.

ഇതിന് പുറമെ തുടര്‍ച്ചയായ 11 ഇന്നിങ്‌സുകളിലായി ഏറ്റവുമധികം റണ്‍സ് നേടുന്ന പാക് താരം എന്ന റെക്കോഡും ഷക്കീല്‍ തന്റെ പേരില്‍ കുറിച്ചിരുന്നു. കഴിഞ്ഞ 11 ഇന്നിങ്‌സുകളില്‍ നിന്നുമായി 788 റണ്‍സാണ് ഷക്കീല്‍ തന്റെ പേരിലാക്കിയത്. 98.5 എന്ന തകര്‍പ്പന്‍ ശരാശരിയാണ് ഷക്കീലിനുള്ളത്.

ഷക്കീലിന്റെ ഇരട്ട സെഞ്ച്വറിക്ക് പിന്നാലെ പാകിസ്ഥാന്‍ മികച്ച സ്‌കോറിലേക്കുയര്‍ന്നിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 461 റണ്‍സാണ് പാകിസ്ഥാന്‍ കൂട്ടിച്ചേര്‍ത്തത്. 149 റണ്‍സിന്റെ സോളിഡ് ലീഡും സ്വന്തമാക്കിയാണ് പാകിസ്ഥാന്‍ ലങ്കയെ രണ്ടാം ഇന്നിങ്‌സിനയച്ചത്.

ലങ്കക്കായി രമേഷ് മെന്‍ഡിസ് ഫൈഫര്‍ നേടിയപ്പോള്‍ പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റും വീഴ്ത്തി. വിശ്വ ഫെര്‍ണാണ്ടോ, കാസുന്‍ രജിത എന്നിവരാണ് മറ്റ് വിക്കറ്റ് വേട്ടക്കാര്‍.

149 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ലങ്ക മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 14 റണ്‍സ് എന്ന നിലയിലാണ്. 12 പന്തില്‍ എട്ട് റണ്‍സുമായി നിഷാന്‍ മധുശങ്ക, പത്ത് പന്തില്‍ ആറ് റണ്‍സുമായി ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ എന്നിവരാണ് ക്രീസില്‍.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കയെ ധനഞ്ജയ ഡി സില്‍വയുടെ സെഞ്ച്വറിയാണ് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 214 പന്തില്‍ നിന്നും 122 റണ്‍സ് നേടിയാണ് ഡി സില്‍വ പുറത്തായത്.

 

Content Highlight: Saud Shakeel scripts new record in Sri Lanka