Advertisement
Entertainment
എന്നെ വെച്ച് ഇയാളും കാശ് ഉണ്ടാക്കുമെന്ന് ലാലിന് തോന്നി, ഇന്നസെന്റിനോട് നോ പറയാന്‍ ലാലിന് കഴിഞ്ഞില്ല: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 23, 09:42 am
Monday, 23rd December 2024, 3:12 pm

മലയാളത്തില്‍ മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യന്‍ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്. മോഹന്‍ലാല്‍, ശ്രീനിവാസന്‍, ജയറാം തുടങ്ങിയ താരങ്ങള്‍ക്ക് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്ഥാനം നേടി കൊടുക്കാന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ സഹായിച്ചിട്ടുണ്ട്.

സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ഇന്നസെന്റ്. ഇന്നസെന്റുമായുള്ള രസകരമായ ഓര്‍മ പങ്കുവെക്കുകയാണ് സത്യന്‍ അന്തിക്കാട്. നാടോടിക്കാറ്റ് എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ മദ്രാസിലെ ഒരു ഹോട്ടലില്‍ മോഹന്‍ലാലും ശ്രീനിവാസനും ഇന്നസെന്റും താനും സംസാരിച്ചിരിക്കുകയായിരുന്നെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.

അപ്പോള്‍ ഇന്നസെന്റ് മോഹന്‍ലാലിനോട് ഡേറ്റ് ചോദിച്ചെന്നും ഇന്നസെന്റിന് സിനിമ ചെയ്യാന്‍ ആണെന്ന് കരുതി മോഹന്‍ലാല്‍ ഡേറ്റ് തരാമെന്ന് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംസാരിച്ചിരിക്കാന്‍ വേണ്ടിയാണ് ഇന്നസെന്റ് മോഹന്‍ലാലിനോട് ഡേറ്റ് ചോദിച്ചതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘നാടോടിക്കാറ്റ് എന്ന സിനിമയുടെ സമയത്ത് മദ്രാസിലെ രഞ്ജിത്ത് ഹോട്ടലില്‍ ഞാനും ശ്രീനിവാസനും മോഹന്‍ലാലും എല്ലാവരും കൂടെ ഇരിക്കുകയായിരുന്നു. ഇന്നസെന്റും ഉണ്ടായിരുന്നു. അടുത്ത ഡിസംബറില്‍ നിന്റെ ഡേറ്റ് എങ്ങനെയാണെന്ന് ഇന്നസെന്റ് മോഹന്‍ലാലിനോട് ചോദിച്ചു. ഇന്നസെന്റ് പണ്ട് പ്രൊഡ്യൂസ് ചെയ്തിട്ടുള്ള ആളാണ്. ലാലിന് അപ്പോള്‍ നല്ല സ്റ്റാര്‍ഡം കേറി വരുന്ന സമയമായിരുന്നു.

എന്നെ വെച്ച് ഏതെങ്കിലും പടം ചെയ്ത് ഇയാളും കാശുണ്ടാക്കാന്‍ പോകുകയാണെന്ന ചിന്ത ലാലിന്റെ ഉള്ളിലൂടെ പോയി. അപ്പോള്‍ ലാലിന് തോന്നി ഏതെങ്കിലും സിനിമ ചെയ്യുന്നുണ്ടാകും അതിന് വേണ്ടി ചോദിക്കുന്നതായിരിക്കും എന്ന്. ചോദിക്കുന്നത് ഇന്നസെന്റ് ആയതുകൊണ്ട് ഡേറ്റ് ഇല്ല എന്ന് പറയാനും പറ്റില്ല. അങ്ങനെ എത്ര ദിവസം വേണ്ടി വരുമെന്ന് ലാല്‍ ചോദിച്ചു.

കണക്കൊക്കെ കൂട്ടിയിട്ട് മാക്‌സിമം ഒരു അഞ്ച് ദിവസം മതിയാകുമെന്ന് ഇന്നസെന്റ് പറഞ്ഞു. ‘ഇന്നസെന്റ് ചേട്ടനല്ലേ ചോദിക്കുന്നത് നമുക്ക് വഴിയുണ്ടാക്കാം, അല്ല സംവിധായകന്‍ ആരാണ്’ ലാല്‍ ചോദിച്ചു. സിനിമയെടുക്കാന്‍ ഒന്നും അല്ല വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കാനാണ് ഡേറ്റ് ചോദിച്ചതെന്ന് ഇന്നസെന്റ് മറുപടി പറഞ്ഞു,’ സത്യന്‍ അന്തിക്കാട്

Content Highlight: Sathyan  Anthikkad Talks About Innocent