Entertainment
വിവാദം കാരണം ചിത്രത്തിന്റെ പേര് മാറ്റേണ്ടി വന്നു, പുതിയ പരസ്യം കണ്ട് മമ്മൂട്ടി കയ്യും കാലുമടിച്ച് ചിരിച്ചു: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 18, 04:55 am
Thursday, 18th April 2024, 10:25 am

ശ്രീനിവാസൻ, ജയറാം, ഉർവശി തുടങ്ങി വമ്പൻ താരനിര ഒന്നിച്ച് ഇന്നും മലയാളികൾ റിപ്പീറ്റ് അടിച്ച് കാണുന്ന ചിത്രങ്ങളിൽ ഒന്നാണ് പൊന്മുട്ടയിടുന്ന താറാവ്.

രഘുനാഥ്‌ പാലേരി രചന നിർവഹിച്ച ചിത്രം സത്യൻ അന്തിക്കാട് ആയിരുന്നു സംവിധാനം ചെയ്തത്. ചിത്രത്തിന്റെ പേരിനെ കുറിച്ചുണ്ടായ പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് സത്യൻ അന്തിക്കാട്.

സിനിമക്ക് ആദ്യം നിശ്ചയിച്ചിരുന്ന പേര് പൊന്മുട്ടയിടുന്ന തട്ടാൻ എന്നായിരുന്നുവെന്ന് സത്യൻ അന്തിക്കാട് പറയുന്നു. ആ പേരിൽ പോസ്റ്റർ അടിച്ചെന്നും എന്നാൽ പിന്നീട് വിവാദമുണ്ടായപ്പോൾ അത് തിരുത്തിയെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. പേര് മാറിയപ്പോൾ ഒരു പരസ്യം ഇറക്കിയിരുന്നുവെന്നും അന്ന് മമ്മൂട്ടി അത് കണ്ട് ഒരുപാട് ചിരിച്ചെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൊന്മുട്ടയിടുന്ന താറാവ് എന്ന പേര് ഞാൻ പറയാറില്ല. ഇപ്പോഴും പൊന്മുട്ടയിടുന്ന തട്ടാൻ എന്ന് തന്നെയാണ് ഞാൻ പറയുന്നത്. ആ പേരാണ് എന്നെ ആ സിനിമയിലേക്ക് ആകർഷിച്ചത്. രഘുനാഥ് പാലേരി ഉദ്ദേശിച്ചതുമായിട്ട് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെ ചൊല്ലിയാണ് വിവാദങ്ങൾ ഒക്കെ ഉണ്ടായത്. രഘു സങ്കൽപ്പിച്ച തട്ടാൻ സൂര്യനാണ്. ആ ഷോട്ടിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത് തന്നെ. ആകാശത്തിന്റെ അങ്ങേ ചെരുവിലെ പൊന്മുട്ട സൂര്യനാണ്. ആ അർത്ഥത്തിൽ അല്ല വിവാദങ്ങൾ ഉണ്ടായത്.

 

സത്യത്തിൽ ആ പേര് വെച്ച് ഞാൻ പോസ്റ്റർ ഒക്കെ അടിച്ചിരുന്നു. അപ്പോൾ സെൻസർ ബോർഡ്കാരാണ് പറഞ്ഞത് ഒരു പരാതി ഉണ്ടെന്ന്. എന്നിട്ട് പൊന്മുട്ടയിടുന്ന താറാവ് എന്ന പേരിൽ സർട്ടിഫിക്കറ്റ് കിട്ടി. പിന്നീട് ഞാൻ ചെന്ന് പോസ്റ്ററിൽ തിരുത്തുകയാണ് ചെയ്തത്. ചില ആളുകൾ അതൊക്കെ കീറി കളയുകയൊക്കെ ചെയ്തു.

മമ്മൂട്ടി ആ പരസ്യം കണ്ടിട്ട് കയ്യും കാലുമടിച്ച് ചിരിച്ചതാണ്. ഞാൻ പേര് മാറ്റിയതുമായി ബന്ധപ്പെട്ട ക്ലീയറൻസ് കൊടുക്കണമായിരുന്നു. ‘ചില സാങ്കേതിക കാരണങ്ങൾകൊണ്ട് പൊന്മുട്ടയിടുന്ന തട്ടാൻ എന്ന പേര് പൊന്മുട്ടയിടുന്ന താറാവ് എന്നാക്കി മാറ്റിയിട്ടുണ്ട്.

ഇനി താറാവ് എന്ന് തിരുത്തി വായിക്കുക. താറാവുകൾ പ്രധിഷേധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ആ കുറിപ്പിൽ. അത് കുറിക്ക് കൊണ്ടു,’ സത്യൻ അന്തിക്കാട് പറഞ്ഞു.

 

Content Highlight: Sathyan Anthikkad Talk About Ponmuttayidunna Tharav Movie