മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ് നാടോടിക്കാറ്റ്. ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് സാധാരണ മലയാളിയുടെ ജീവിതമാണ് വരച്ച് കാട്ടിയത്. ദാസനും വിജയനുമായി മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച ചിത്രത്തിൽ തിലകൻ, ശോഭന, ഇന്നസെന്റ് തുടങ്ങിയ മലയാളത്തിലെ മികച്ച അഭിനേതാക്കളും ഒന്നിച്ചിരുന്നു.
പ്രേക്ഷകർ ഇന്നും റിപ്പീറ്റടിച്ച് കാണുന്ന സിനിമയുടെ ക്ലൈമാക്സിനെ കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. തിലകന് ഒരു അപകടം പറ്റിയതിനാൽ ചിത്രത്തിന്റെ ക്ലൈമാക്സിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും ആ ഷോട്ടുകൾ മറ്റൊരാളെ വെച്ച് ലോങ്ങ് ഷോട്ടായാണ് എടുത്തതെന്നും സത്യൻ അന്തിക്കാട് പറയുന്നു. എന്നാൽ ഇന്നുവരെ ആ രഹസ്യം താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അതിനനുസരിച്ച് പല സീനുകളും പൊളിച്ചെഴുതിയിരുന്നുവെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.
‘താരങ്ങളുടെ ഡേറ്റ് പ്രശ്നം കാരണം കുറച്ച് മാസങ്ങളെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. അതിനിടയിൽ എടുത്ത സീൻ എഡിറ്റ് ചെയ്ത് ഡബ്ബ് ചെയ്‌ത് ഫിനിഷ് ചെയ്‌ത് വെച്ചു. തിലകൻ ചേട്ടന്റെ ഡേറ്റ് പ്രശ്നം കാരണം ക്ലൈമാക്സ് ചിത്രീകരിച്ചിരുന്നില്ല. ചിത്രം രണ്ട് മാസം കഴിഞ്ഞ് റിലീസ് ചെയ്യാനായിരുന്നു പ്ലാൻ.
എന്നാൽ അതിനിടയിൽ ചാലക്കുടിവെച്ച് തിലകൻ ചേട്ടൻ്റെ കാർ ആക്‌സിഡന്റായി, ഡോക്ടർ മൂന്ന് മാസം അദ്ദേഹത്തിന് റെസ്റ്റ് വിധിച്ചു. അതോടെ റിലീസ് പ്ലാൻ പൊട്ടിയ മട്ടായി. പിന്നീട് തിലകൻ ചേട്ടനില്ലാതെ ക്ലൈമാക്സ് എങ്ങനെ ചിത്രീകരിക്കും എന്നതായി ഞങ്ങളുടെ അന്വേഷണം. കോഴിക്കോട് മഹാറാണിയിലെ 306-ാം നമ്പർ മുറിയിലിരുന്ന് പ്രതിസന്ധിമറികടക്കാൻ രണ്ട് ദിവസം ഞങ്ങൾ തലപുകച്ച് ആലോ ചിച്ചു.
പവനായിയെ കൊണ്ടുവരാൻ അനന്തൻ നമ്പ്യാർ തീരുമാനിക്കുന്ന സീനുണ്ട്. അതാണ് ക്ലൈമാക്സിലേക്ക് നയിക്കുന്നത്. പക്ഷേ, അത് ചെയ്യാൻ തിലകൻചേട്ടന് വരാൻ പറ്റില്ല. ഒടുവിൽ അനന്തൻ നമ്പ്യാരുടെ സഹായിയെക്കൊണ്ട് ഒരു അഡീഷനൽ ഡയലോഗ് പറയിച്ചു. ‘ഇനി അനന്തൻ നമ്പ്യാർ പറഞ്ഞത് പോലെ പവനായി വന്നാലേ രക്ഷയുള്ളൂ’. അതായിരുന്നു ആ ഡയലോഗ്.
അങ്ങനെ സീനുകൾ ഇന്റലിജന്റായി പൊളിച്ചെഴുതി. ക്ലൈമാക്സിൽ അനന്തൻ നമ്പ്യാരെ പിടിക്കുന്ന സീനുണ്ട്. ആ സീൻ വന്നപ്പോൾ തിലകൻ ചേട്ടൻ്റെ രൂപസാദൃശ്യമുള്ള കോസ്റ്റ്യൂമർ കുമാറിനെ ഡ്യൂപ്പാക്കി വൈഡിൽ ക്യാമറവെച്ചാണ് ആ സീൻ ചിത്രീകരിച്ചത്. ഇന്നുവരെ ആ രഹസ്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല, ആർക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല,’സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad About Climax oF Nadodikkatt Movie