അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ സരിതാ എസ്. നായരും മത്സരിക്കുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും എറണാകുളത്തും തന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിന് പിന്നാലെയാണ് സരിത അമേഠിയില്‍ മത്സരിക്കാന്‍ ഒരുങ്ങിയത്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സരിതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നം പച്ചമുളകാണ്. തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത എസ് നായര്‍ വയനാട്ടിലും എറണാകുളത്തും നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ നേരത്തെ തള്ളിയിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദേശ പത്രിക തള്ളുന്നതെന്നായിരുന്നു വരണാധികാരിയുടെ വിശദീകരണം.
സ്വതന്ത്ര സ്ഥാനാര്‍ഥി സരിത എസ്. നായര്‍ രണ്ടുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമെന്ന് വരണാധികാരി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന്മേല്‍ അപ്പീല്‍ പോയിരിക്കുകയാണെന്ന് സ്ഥാനാര്‍ഥിയെ പ്രതിനിധാനം ചെയ്തെത്തിയ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. ഇത് തെളിയിക്കാനാവശ്യമായ രേഖ വരണാധികാരി ആവശ്യപ്പെട്ടെങ്കിലും ഉണ്ടായിരുന്നില്ല. രേഖ ഹാജരാക്കാന്‍ അനുവദിച്ച സമയം അവസാനിച്ചതിനാലാണ് പത്രിക തള്ളിയതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
2014ല്‍ ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ സ്മൃതി ഇറാനിയെ രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെടുത്തിയത്. സ്മൃതി ഇറാനിയാണ് ഇത്തവണയും ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി.