ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിന് ബാറ്റിങ് തകര്‍ച്ച. രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ 45 ഓവറില്‍ ഏഴ് വിക്കറ്റിന് 129 റണ്‍സ് എന്ന നിലയിലാണ്. ടീമിലെ പ്രധാന പേരുകാരെല്ലാം ഒന്നടങ്കം പരാജയമായതാണ് വെസ്റ്റ് സോണിന് തിരിച്ചടിയായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് സോണിനും തുടക്കത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. ക്യാപ്റ്റന്‍ ഹനുമ വിഹാരിയുടെ അര്‍ധ സെഞ്ച്വറിയും യുവതാരം തിലക് വര്‍മയുടെ ഇന്നിങ്‌സും സൗത്ത് സോണിന് തുണയായി.
വിഹാരി 130 പന്തില്‍ നിന്നും 63 റണ്‍സ് നേടിയപ്പോള്‍ തിലക് വര്‍മ 87 പന്തില്‍ നിന്നും 40 റണ്‍സും നേടി മടങ്ങി. മായങ്ക് അഗര്‍വാള്‍ (28), വാഷിങ്ടണ്‍ സുന്ദര്‍ (22*) എന്നിവരാണ് സൗത്ത് സോണിന്റെ മറ്റ് റണ്‍ വേട്ടക്കാര്‍.
ഒടുവില്‍ 78.4 ഓവറില്‍ 213 റണ്‍സിന് സൗത്ത് സോണ്‍ ഓള്‍ ഔട്ടാവുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ വെസ്റ്റ് സോണിനായി ഷാംസ് മുലാനി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ധര്‍മേന്ദ്രസിന്‍ഹ് ജഡേജ, ചിന്തന്‍ ഗജ, അര്‍സന്‍ നാഗ്വാസ്വാല എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അതിത് ഷേത്താണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് സോണിനായി ഓപ്പണര്‍ പൃഥ്വി ഷാ മാത്രമാണ് മികച്ച രീതിയില്‍ ബാറ്റ് വീശിയത്. 101 പന്തില്‍ 65 റണ്‍സാണ് താരം നേടിയത്.
സൂപ്പര്‍ താരങ്ങളെല്ലാം മങ്ങിയപ്പോള്‍ ആരാധകരെ പാടെ നിരാശപ്പെടുത്തിയത് സൂപ്പര്‍ താരം സര്‍ഫറാസ് ഖാനാണ്. തന്റെ പേരിനോടോ മുന്‍കാല പ്രകടനങ്ങളോടോ ഒട്ടും നീതി പുലര്‍ത്താതെയാണ് താരം കളിക്കുന്നത്. ഫൈനലില്‍ നാല് പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെയാണ് സര്‍ഫറാസ് മടങ്ങിയത്.
സെന്‍ട്രല്‍ സോണിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും സര്‍ഫറാസ് പരാജയമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 12 പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ സര്‍ഫറാസ് രണ്ടാം ഇന്നിങ്‌സില്‍ 30 പന്ത് നേരിട്ട് ആറ് റണ്‍സ് മാത്രമാണ് നേടിയത്.
രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ 129ന് ഏഴ് എന്ന നിലയിലാണ് വെസ്റ്റ് സോണ്‍ ബാറ്റിങ് തുടരുന്നത്.
ആദ്യ ഇന്നിങ്‌സില്‍ വിദ്വത് കവേരപ്പയാണ് സൗത്ത് സോണിനായി ബൗളിങ്ങില്‍ തിളങ്ങിയത്. അഞ്ച് മെയ്ഡന്‍ ഉള്‍പ്പെടെ 16 ഓവര്‍ പന്തെറിഞ്ഞ് 44 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ വൈശാഖ് വിജയ് കുമാറും ഒരു വിക്കറ്റുമായി വി. കൗശിക്കും ബൗളിങ്ങില്‍ തിളങ്ങി.
Content highlight: Sarfaraz Khan failed in Duleep Trophy once again