പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തതില്‍ സന്തോഷം തോന്നി; അവിടെ നടന്ന കാര്യങ്ങള്‍ ആശങ്കപ്പെടുത്തുന്നു: ശരദ് പവാര്‍
national news
പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തതില്‍ സന്തോഷം തോന്നി; അവിടെ നടന്ന കാര്യങ്ങള്‍ ആശങ്കപ്പെടുത്തുന്നു: ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th May 2023, 11:23 pm

ന്യൂദല്‍ഹി: പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ പോകാത്തതില്‍ സന്തോഷവനാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അവിടെ നടന്ന സംഭവങ്ങളില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പവാര്‍.

‘ഞാന്‍ ചടങ്ങുകളെല്ലാം കണ്ടു. അവിടെ പോകാത്തത്തില്‍ സന്തോഷവാനാണ്. അവിടെ നടക്കുന്ന കാര്യങ്ങള്‍ കണ്ടപ്പോള്‍ ആശങ്ക തോന്നി. നമ്മള്‍ രാജ്യത്തെ പിന്നോട്ട് വലിക്കുകയാണോ?’ അദ്ദേഹം പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റുവിന് സമൂഹത്തെ കുറിച്ചുണ്ടായ കാഴ്ചപ്പാടില്‍ നിന്നും നേര്‍ വിപരീതമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ആധുനിക സമൂഹമായി മാറ്റുന്നതിന് വേണ്ടി ജവഹര്‍ലാല്‍ നെഹ്‌റുവിനുണ്ടായ കാഴ്ചപ്പാടില്‍ നിന്നും നേര്‍ വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയയും ക്ഷണിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള അവിടെ ഉണ്ടായിരുന്നു, എന്നാല്‍ രാജ്യസഭയുടെ തലവനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ ക്ഷണിച്ചില്ല. ഏതാനും ചിലര്‍ക്ക് വേണ്ടിയുണ്ടായ പരിപാടിയായാണ് ഇത് തോന്നിയത്,’ പവാര്‍ പറഞ്ഞു.

പഴയ പാര്‍ലമെന്റിനോട് പ്രത്യേക അടുപ്പമുണ്ടായിരുന്നുവെന്നും എന്നാല്‍ പുതിയ പാര്‍ലമെന്റിനെക്കുറിച്ച് പ്രതിപക്ഷത്തിനോട് ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പഴയ പാര്‍ലമെന്റിനോട് നമുക്ക് പ്രത്യേക അടുപ്പമുണ്ടായിരുന്നു. അത് പാര്‍ലമെന്റ് അംഗമായത് കൊണ്ട് മാത്രമായിരുന്നില്ല. എന്നാല്‍ ഈ പാര്‍ലമെന്റിനെക്കുറിച്ച് ഒന്നും നമ്മളോട് ചര്‍ച്ച ചെയ്തില്ല.

പ്രതിപക്ഷമില്ലാതെയുള്ള പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം അപൂര്‍ണമായ ചടങ്ങാണ്. രാജ്യത്ത് ജനാധിപത്യമില്ലെന്നാണ് ഇത് കാണിക്കുന്നത്.

മാനദണ്ഡം അനുസരിച്ച് എല്ലാ വര്‍ഷവും പാര്‍ലമെന്റിന്റെ ആദ്യ സെഷന്റെ അധ്യക്ഷന്‍ രാഷ്ട്രപതിയായിരിക്കും. രാഷ്ട്രപതിയാണ് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ചടങ്ങില്‍ നിന്ന് പ്രതിപക്ഷത്തിന് വിട്ട് നില്‍ക്കണമെന്ന് തോന്നി. ഞാന്‍ അതിനോട് യോജിക്കുകയും ചെയ്തു,’ ശരദ് പവാര്‍ പറഞ്ഞു.

പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണെന്ന് വ്യക്തമാക്കി 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ജനതാദള്‍ (യുണൈറ്റഡ്), ആം ആദ്മി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ശിവസേന (യു.ബി.ടി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരളാ കോണ്‍ഗ്രസ് (മാണി), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, വിടുതലൈ ചിരുതൈകള്‍ കച്ചി, എം.ഡി.എം.കെ, രാഷ്ട്രീയ ലോക്ദള്‍ തുടങ്ങിയ പാര്‍ട്ടികളാണ് പാര്‍ലമെന്റ് മന്ദിരോദ്ഘാടനം ബഹിഷ്‌കരിച്ചത്.

CONTENT HIGHLIGHT: SARAD PAVAR ABOUT PARLIAMENT INAUGUARTION