സൗത്ത് ആഫ്രിക്കയുമായുള്ള ടി-ട്വന്റി പരമ്പര സമനിലയില്‍ കലാശിച്ചതോടെ ഡിസംബര്‍ 17ന് ഏകദിന പരമ്പരക്ക് വാണ്ടേഴ്‌സില്‍ തുടക്കമാകുകയാണ്. മൂന്ന് ടി-ട്വന്റി മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ആദ്യ മത്സരം മഴ കൊണ്ട് പോയപ്പോള്‍ 1-1ന് പരമ്പര സമനിലയിലാവുകയായിരുന്നു. പ്രോട്ടിയാസിനെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് ഉളളത്.
പ്രോട്ടീസിന് എതിരെ ഏകദിന പരമ്പര കെ.എല്‍ രാഹുലാണ് നയിക്കുന്നത്. മത്സരത്തിനു മുമ്പായിട്ടുള്ള പത്രസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയില്‍ രാഹുല്‍ മലയാളി താരം സഞ്ജു സാംസണിനെ കുറിച്ചും സംസാരിച്ചിരുന്നു.
പ്രോട്ടിയാസിനെതിരെയുള്ള ഏകദിനത്തില്‍ സഞ്ജു മിഡ് ഓര്‍ഡറില്‍ കളിക്കും എന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്.
‘അന്താരാഷ്ട്ര മത്സരത്തില്‍ മധ്യനിരയില്‍ സഞ്ജു ബാറ്റ് ചെയ്യും. അവന്‍ അഞ്ചിലോ ആറിലോ ഇറങ്ങും. വിക്കറ്റ് കീപ്പറായി ഞാന്‍ ഗ്ലൗസ് ഇടും. പക്ഷേ ഒരു സന്ദര്‍ഭം ഉണ്ടായാല്‍ സഞ്ജുവിന് ചെയ്യാന്‍ അവസരം ലഭിക്കും,’രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ കുറെ കാലങ്ങളായി സഞ്ജുവിന് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടായിരുന്നില്ല. പൊരുത്തക്കേടുകളും മറ്റും കാരണമായി ടീമിലേക്കുള്ള പ്രവേശനത്തില്‍ സഞ്ജു ഏറെ വെല്ലുവിളികള്‍ നേരിട്ടിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ മികച്ച അവസരമാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്. പരമാവധി ഈ അവസരം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അഫ്ഗാനിസ്ഥാനുമായി നടക്കാനിരിക്കുന്ന ടി ട്വന്റി പരമ്പരയിലും ഏകദിന പരമ്പരയിലും താരത്തിന് സ്ഥാനം ഉറപ്പിക്കാന്‍ കഴിയും.
കഴിഞ്ഞ ഏഷ്യാ കപ്പിലും 2023ലെ ലോകകപ്പിലും ഇപ്പോള്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടി-ട്വന്റി പരമ്പരയിലും സെലക്ടര്‍മാര്‍ സഞ്ജുവിന് ഇടം നല്‍കിയിരുന്നില്ല.
2021ലെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഏകദിന അരങ്ങേറ്റം കുറിച്ച ശേഷം സാംസണ്‍ ടീമിന് അകത്തും പുറത്തുമായി കളിക്കുകയായിരുന്നു. കരിയറില്‍ സാംസണ്‍ 13 ഏകദിനങ്ങളില്‍ നിന്നും 55.71 ശരാശരിയിലും 104 സ്ട്രൈക്ക് റേറ്റിലും 390 റണ്‍സ് നേടിയിട്ടുണ്ട്.
Content Highlight: Sanju will play in the middle order against South Africa