അന്ന് ടൊവിയോട് ഇനി ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞു: സഞ്ജു ശിവറാം
Entertainment
അന്ന് ടൊവിയോട് ഇനി ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞു: സഞ്ജു ശിവറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st September 2024, 2:10 pm

സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് എ.ആര്‍.എം. അഥവാ ‘അജയന്റെ രണ്ടാം മോഷണം’. ടൊവിനോ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ആദ്യമായി ടൊവിനോ മൂന്ന് വേഷങ്ങളില്‍ എത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കല്‍ എന്റര്‍ടെയ്നറായ എ.ആര്‍.എം. പൂര്‍ണമായും ത്രീഡിയിലാണ് ഒരുക്കുന്നത്.

തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കൃതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇവര്‍ക്ക് പുറമെ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി, സഞ്ജു ശിവറാം എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഇനി ഇങ്ങനെയൊരു സിനിമ ചെയ്യരുതെന്ന് താന്‍ ടൊവിനോയോട് പറഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സഞ്ജു ശിവറാം. അത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് ഈ സിനിമ ടൊവിനോ ചെയ്തതെന്നും സഞ്ജു പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിനോട് സംസാരിക്കുകയായിരുന്നു നടന്‍.

‘അജയന്റെ രണ്ടാം മോഷണം സിനിമയുടെ ഷൂട്ടിങ് 2022ലാണ് തുടങ്ങിയത് എന്നാണ് എനിക്ക് തോന്നുന്നത്. മൂന്ന് വര്‍ഷത്തോളമായി എല്ലാവരും ഈ സിനിമയുടെ ഭാഗമായിട്ട്. എ.ആര്‍.എമ്മെന്ന മൂന്ന് അക്ഷരത്തില്‍ എത്താന്‍ മൂന്ന് കൊല്ലമെടുത്തു.

ഞാന്‍ മുമ്പ് ടൊവിയോട് പറഞ്ഞ ഒരു കാര്യമുണ്ട്. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ സമയത്താണ് ഞാനത് പറഞ്ഞതെന്ന് തോന്നുന്നു. ‘ടൊവി, നീ ഇനി ഇങ്ങനെയൊരു സിനിമ ചെയ്യരുത്’ എന്ന് ഞാന്‍ അവനോട് പറഞ്ഞു. കാരണം അത്ര കഷ്ടപ്പെട്ടിട്ടാണ് ആ സിനിമ ടൊവി ചെയ്തത്.

ഇങ്ങനെയൊരു സിനിമ ചെയ്യരുത് എന്നല്ല ചെയ്യാന്‍ പാടില്ല എന്നാണ് പറഞ്ഞത്. കാരണം അവന്‍ അവനെ അത്രത്തോളം കഷ്ടപ്പെടുത്തിയ ഒരു സിനിമ ഞാന്‍ വേറെ കണ്ടിട്ടില്ല. ഞാന്‍ അവിടെ ഷൂട്ടിങ്ങിന്റെ സമയത്ത് കണ്ട കാര്യങ്ങളാണ് ഓരോന്നും.

രാത്രി നമുക്ക് ചിലപ്പോള്‍ ഫുള്‍നൈറ്റ് ഷൂട്ട് ചെയ്യാനുണ്ടാകും. ഷൂട്ടിങ്ങിന് വേണ്ടി ടാന്‍ ചെയ്താണ് ടൊവിയെത്തുക. രാത്രി മേക്കപ്പൊക്കെ കളഞ്ഞ് വരുമ്പോഴേക്കും സമയമെടുക്കും. പിന്നെ രാവിലെ തന്നെ ഹോര്‍സ് ഡ്രൈവിങ്ങിന് പോകാനുണ്ടാകും.

അതിനിടയില്‍ ഉറങ്ങണ്ടേയെന്ന് ചോദിച്ചാല്‍ ‘ഉറങ്ങണം, പക്ഷെ അതിന്റെയിടക്ക് കളരി പ്രാക്ടീസുണ്ട്. അതിനും പോകണം’ എന്നാണ് മറുപടി. അതൊക്കെ കഴിഞ്ഞാണ് ടൊവി വൈകുന്നേരം ഷൂട്ടിനായി വരുന്നത്. ആ സമയത്തും അവന്‍ വളരെ പ്ലസന്റായിട്ടാണ് ഇരിക്കുക. ഈ സിനിമയുടെ ഷൂട്ടിനായി ടൊവിക്ക് നൂറില്‍ അധികം ദിവസങ്ങള്‍ ആവശ്യമായിരുന്നു,’ സഞ്ജു ശിവറാം പറഞ്ഞു.


Content Highlight: Sanju Sivram Talks About ARM And Tovino Thomas