രാജസ്ഥാന്‍-പഞ്ചാബ് ഐ.പി.എല്‍ മത്സരത്തിലെ അവസാന ഓവര്‍ എറിയാന്‍ നിയോഗിക്കപ്പെട്ടത് അര്‍ഷ്ദീപ് സിങ്ങായിരുന്നു. പഞ്ചാബിന് പ്രതിരോധിക്കാനുണ്ടായിരുന്നത് 12 റണ്ണുകള്‍. ആദ്യ മൂന്ന് പന്തുകളില്‍ അര്‍ഷ്ദീപ് രണ്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ബോളര്‍ കനിഞ്ഞുനല്‍കിയ ഒരു ഫുള്‍ടോസ് രാജസ്ഥാന്റെ പിഞ്ച് ഹിറ്ററായ ക്രിസ് മോറിസ് പാഴാക്കുകയും ചെയ്തു. ഇനി രാജസ്ഥാന് വേണ്ടത് 3 പന്തുകളില്‍ 11 റണ്‍സ്.
രാജസ്ഥാന്റെ ഡയറക്ടറായ കുമാര്‍ സംഗക്കാരയുടെ മുഖത്ത് വിഷാദം പരന്നിരുന്നു. പഞ്ചാബ് സ്‌കിപ്പര്‍ കെ.എല്‍ രാഹുല്‍ ആത്മവിശ്വാസത്തിലായിരുന്നു. ഈ കളി കൈവിട്ടുപോയി എന്ന് പല രാജസ്ഥാന്‍ ആരാധകരും വിശ്വസിച്ചുതുടങ്ങിയിരുന്നു. പക്ഷേ അങ്ങനെ ചിന്തിക്കാതിരുന്ന ഒരാള്‍ ഗ്രൗണ്ടിലുണ്ടായിരുന്നു. അയാള്‍ രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്നു. പേര് സഞ്ജു സാംസണ്‍!
അര്‍ഷ്ദീപ് നാലാമത്തെ പന്തെറിഞ്ഞു. സഞ്ജു അതിനെ കവറിനുമുകളിലൂടെ ഉയര്‍ത്തി. ക്രിക്കറ്റിലെ ഏറ്റവും പ്രയാസകരമായ ഷോട്ടാണത്. എന്നാല്‍ സഞ്ജുവിന് അത് നിസ്സാരമായിരുന്നു. 76 മീറ്റര്‍ അകലെ ഗാലറിയില്‍ പന്ത് പറന്നിറങ്ങി!
സഞ്ജു ആരാധകരോട് വിളിച്ചുപറയുകയായിരുന്നു-”ഭയപ്പെടേണ്ടതില്ല. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഇവിടെയുണ്ട്….!”
അടുത്ത പന്ത് സഞ്ജുവിന് ഉപയോഗപ്പെടുത്താനായില്ല. ഓടാമായിരുന്ന സിംഗിള്‍ നിഷേധിക്കുകയും ചെയ്തു. ആ തീരുമാനം നൂറുശതമാനം ശരിയായിരുന്നു. താളം കണ്ടെത്താന്‍ പാടുപെടുകയായിരുന്ന മോറിസിന് അവസാന പന്ത് നേരിടാന്‍ നല്‍കുന്നതില്‍ യാതൊരു യുക്തിയും ഉണ്ടായിരുന്നില്ല. രാജസ്ഥാന്റെ മുഴുവന്‍ പ്രതീക്ഷകളും സഞ്ജുവില്‍ കേന്ദ്രീകരിക്കപ്പെട്ടിരുന്നു.
ഇന്നിങ്ങ്‌സിന്റെ അവസാന പന്ത് അര്‍ഷ്ദീപിന്റെ ഇടതുകൈയ്യില്‍നിന്ന് പുറപ്പെട്ടു. സഞ്ജു വീണ്ടും ലോഫ്റ്റഡ് കവര്‍ഡ്രൈവ് കളിച്ചു. അതുവരെ സഞ്ജു പായിച്ച എല്ലാ ഷോട്ടുകളും ലക്ഷ്യം കണ്ടിരുന്നു. കാണികള്‍ മറ്റൊരു സിക്‌സറാണ് പ്രതീക്ഷിച്ചത്. പക്ഷേ അങ്ങനെ സംഭവിച്ചില്ല. ബൗണ്ടറിയ്ക്കരികില്‍ സഞ്ജുവിനെ പഞ്ചാബ് ഫീല്‍ഡര്‍ പിടികൂടി!
ഹൃദയം നുറുങ്ങുന്ന വേദനയോടെ സഞ്ജു തിരിച്ചുനടന്നു. ആ കണ്ണുകളില്‍ നനവ് പടര്‍ന്നിരുന്നു. സ്വന്തം ടീമിനെ വിജയരേഖ കടത്താന്‍ അയാള്‍ അത്രമേല്‍ ആഗ്രഹിച്ചിരുന്നു.
സാവകാശം തിരിച്ചുനടക്കുകയായിരുന്ന സഞ്ജുവിനെ ആദ്യം ആശ്വസിപ്പിച്ചത് കെ.എല്‍ രാഹുലായിരുന്നു. സഞ്ജു പഞ്ചാബിന്റെയും രാഹുലിന്റെയും എതിരാളിയായിരുന്നു. പക്ഷേ സഞ്ജു കളിച്ച ഇന്നിംഗ്‌സിന്റെ മഹത്വത്തെക്കുറിച്ച് അവര്‍ക്കും നല്ല ബോദ്ധ്യമുണ്ടായിരുന്നു.
കുറച്ചുനേരം ഒറ്റയ്ക്കിരിക്കാനാണ് സഞ്ജു ആഗ്രഹിച്ചത്. പക്ഷേ അവതാരകനായ സൈമണ്‍ ഡൂള്‍ സഞ്ജുവിനെ ഒരു അഭിമുഖത്തിനുവേണ്ടി വിളിച്ചു. ഡൂള്‍ ആരാഞ്ഞു-
”അവസാന ഷോട്ട് കളിച്ചപ്പോള്‍ താങ്കള്‍ക്ക് എന്താണ് തോന്നിയത് സഞ്ജൂ…? ‘
സഞ്ജു മറുപടി പറഞ്ഞു-
”ഷോട്ട് നന്നായി ടൈം ചെയ്തു എന്നാണ് ഞാന്‍ കരുതിയത്. ഈ ദിവസം ഇതില്‍ക്കൂടുതലൊന്നും എനിക്ക് ചെയ്യാന്‍ കഴിയുമായിരുന്നില്ല. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല…!”
സഞ്ജു പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ പലപ്പോഴും സങ്കടം പുറത്തേക്ക് തികട്ടിവന്നു. അഭിമുഖം ഒരുവിധം അവസാനിപ്പിച്ച് അയാള്‍ എങ്ങോ മറഞ്ഞു.
സഞ്ജു പറഞ്ഞത് സത്യമായിരുന്നു. ഒരു മനുഷ്യന് ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യാനാവുക? 222 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ പിന്തുടര്‍ന്നത്. അവര്‍ക്കുവേണ്ടി ഒറ്റയാള്‍ പോരാട്ടമാണ് സഞ്ജു നടത്തിയത്. 25 റണ്‍സ് നേടിയ റിയാന്‍ പരാഗാണ് രാജസ്ഥാന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍! സഞ്ജുവിന്റെ കഷ്ടപ്പാടുകള്‍ അതില്‍നിന്ന് വ്യക്തമല്ലേ?
ബിഗ് ഹിറ്ററായ ബെന്‍ സ്റ്റോക്‌സില്‍ രാജസ്ഥാന്‍ ഒരുപാട് വിശ്വാസമര്‍പ്പിച്ചിരുന്നു. പക്ഷേ ആദ്യ ഓവറില്‍ത്തന്നെ സ്റ്റോക്‌സ് അടിയറവ് പറഞ്ഞു. അവിടെനിന്ന് തുടങ്ങിയതാണ് സഞ്ജുവിന്റെ അങ്കം.മൊഹമ്മദ് ഷമിയുടെ വേഗമേറിയ പന്തുകള്‍ സഞ്ജുവിനെ ബുദ്ധിമുട്ടിച്ചിരുന്നു. ഏറുകൊണ്ട സഞ്ജു ഗ്രൗണ്ടില്‍ വീണുപോവുകയും ചെയ്തു. ടീം ഫിസിയോ പാഞ്ഞെത്തി. അതൊന്നും സഞ്ജുവിനെ തളര്‍ത്തിയില്ല. ഷാമിയുടെ അടുത്ത പന്തിനെ സഞ്ജു വേലികടത്തിവിട്ടു!
ഷമിയേക്കാള്‍ വേഗതയുള്ള ഓസ്‌ട്രേലിയക്കാരന്‍ മെറിഡിത്ത് വന്നു. അയാള്‍ സഞ്ജുവിനെതിരെ തൊടുത്ത ഡെലിവെറികള്‍ ഗ്രൗണ്ടിന്റെ പല വശങ്ങളിലൂടെ അപ്രത്യക്ഷമായി. മെറിഡിത്തിന്റെ നാട്ടുകാരനായ റിച്ചാര്‍ഡ്‌സനും അതേ ഗതി തന്നെയായിരുന്നു.
കഴിഞ്ഞ സീസണില്‍ സഞ്ജു ഗൂഗ്ലികള്‍ക്കെതിരെ പതറിയിരുന്നു. ഗൂഗ്ലി സ്‌പെഷലിസ്റ്റായ മുരുകന്‍ അശ്വിന്‍ സഞ്ജുവിന് പറ്റിയ മരുന്നാകുമെന്ന് പഞ്ചാബ് കരുതി. പക്ഷേ വാംഖഡേയില്‍ മുരുകന്‍ എറിഞ്ഞ ഗൂഗ്ലി സൈറ്റ്‌സ്‌ക്രീനിനു സമീപത്തുനിന്നാണ് കണ്ടെടുത്തത്!
സെഞ്ച്വറി തികച്ചപ്പോള്‍ സഞ്ജു ആഘോഷിച്ചില്ല. ഹെല്‍മറ്റ് പോലും അഴിച്ചില്ല. അയാള്‍ക്ക് വ്യക്തിഗതനേട്ടങ്ങള്‍ അപ്രധാനമായിരുന്നു. രാജസ്ഥാന്‍ സ്‌കിപ്പറുടെ ഉന്നം ടീമിന്റെ വിജയം മാത്രമായിരുന്നു. കപ്പിനും ചുണ്ടിനും ഇടയില്‍വെച്ച് വിജയം കൈവിട്ടുപോയി. പക്ഷേ സഞ്ജുവിനെ ആരും പരാജിതനായി എണ്ണിയില്ല. മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കി സംഘാടകര്‍ അയാളെ ആദരിച്ചു.
ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു ഇനി തെരഞ്ഞെടുക്കപ്പെടില്ല എന്ന് വിശ്വസിക്കുന്ന ധാരാളം ആളുകളുണ്ട്. പക്ഷേ സഞ്ജുവിന്റെ മുമ്പില്‍ വാതിലുകള്‍ അടഞ്ഞിട്ടില്ല. സ്ഥിരതയുള്ള ഒരു ഐ.പി.എല്‍ സീസണ്‍ മാത്രമാണ് സഞ്ജുവിന് ആവശ്യം. അതിനുകഴിഞ്ഞാല്‍ സഞ്ജുവിനെ ആര്‍ക്കും അവഗണിക്കാനാവില്ല.
ഫോമിലുള്ള സഞ്ജുവിനോട് കളിയഴകില്‍ മത്സരിക്കാന്‍ എത്ര പേര്‍ക്ക് സാധിക്കും? ബ്രൂട്ടല്‍ ഷോട്ടുകള്‍ പോലും എലഗെന്റ് ആയി തോന്നിപ്പിക്കുന്ന സഞ്ജു മാജിക്കിനുനേരെ ഏത് സെലക്ടര്‍ക്ക് കണ്ണടയ്ക്കാനാകും?
ഈ പയ്യന്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്!
ഒന്നോ രണ്ടോ രാത്രികളില്‍ സഞ്ജു സമാധാനത്തോടെ ഉറങ്ങിയേക്കില്ല. അവസാന പന്തിലെ ഔട്ട് ദുഃസ്വപ്നമായി പ്രത്യക്ഷപ്പെട്ടേക്കാം. അപ്പോഴും അയാള്‍ സ്വയം ആശ്വസിപ്പിക്കും-
”ഒരു മനുഷ്യന് ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യാനാവുക….! ”
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sanju Samson Rajastan Royals IPL 2021 Sandeep Das