കോഹ്‌ലിപ്പടയെ വീഴ്ത്തിയ സഞ്ജുവിന് ചരിത്രനേട്ടം; ഇതിഹാസത്തിനൊപ്പമാണ് ഇനി സഞ്ജുവിന്റെ സ്ഥാനം
Cricket
കോഹ്‌ലിപ്പടയെ വീഴ്ത്തിയ സഞ്ജുവിന് ചരിത്രനേട്ടം; ഇതിഹാസത്തിനൊപ്പമാണ് ഇനി സഞ്ജുവിന്റെ സ്ഥാനം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd May 2024, 8:18 am

2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറില്‍. കഴിഞ്ഞദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നാല് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് ആണ് നേടിയത് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച ക്യാപ്റ്റന്‍ എന്ന ഇതിഹാസതാരം ഷെയ്ൻ വോണിന്റെ റെക്കോഡിനൊപ്പമെത്താനാണ് സഞ്ജുവിന് സാധിച്ചത്. 60 മത്സരങ്ങള്‍ രാജസ്ഥാനെ നയിച്ച സഞ്ജു 31 വിജയങ്ങളാണ് ടീമിനുവേണ്ടി നേടികൊടുത്തത്.

2021ലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. 2022ല്‍ സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലേക്ക് മുന്നേറിയിരുന്നു. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പരാജയപ്പെട്ടു കൊണ്ട് സഞ്ജുവിനും കൂട്ടര്‍ക്കും കിരീടം നഷ്ടമാവുകയായിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യപതിപ്പില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേക്ക് നയിച്ച ഇതിഹാസതാരം ഷെയ്ൻ വോൺ 55 മത്സരങ്ങളില്‍ നിന്നും 30 വിജയങ്ങള്‍ ആയിരുന്നു ഷെയ്ന്‍ വോണ്‍ രാജസ്ഥാന് വേണ്ടി നേടിക്കൊടുത്തത്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാന്‍ വീണ്ടും കിരീടം ചൂടുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

ബാറ്റിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു ഈ സീസണില്‍ നടത്തുന്നത്. 14 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 521 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.

ആവേശ് ഖാന്‍ മൂന്ന് വിക്കറ്റും ആര്‍. അശ്വിന്‍ രണ്ട് വിക്കറ്റും ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യുസ്വന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മെയ് 24നാണ് രണ്ടാം ക്വാളിഫയര്‍ മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍.

Content Highlight: Sanju Samson Highest Succesful Captain for Rajasthan Royals