ഡിസംബര്‍ 17ന് ഇന്ത്യ- സൗത്ത് ആഫ്രിക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ ആരംഭിക്കുകയാണ്. സൗത്ത് ആഫ്രിക്കയുമായുള്ള ടി-ട്വന്റി പരമ്പര 1-1 ന് സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇപ്പോള്‍ ഏകദിന പരമ്പരയില്‍ കെ.എല്‍ രാഹുലിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു.
മത്സരം നടക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ രാഹുലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.
ടീമില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ തുടങ്ങിയ പ്രധാന കളിക്കാരില്ലാതെയാണ് ഇന്ത്യ കളിക്കളത്തില്‍ ഇറങ്ങുന്നത്. 2023ലെ മത്സരങ്ങളില്‍ നിന്നും 64.6 ശരാശരിയില്‍ 771 റണ്‍സ് ആണ് രാഹുല്‍ നേടിയത്. അതുകൊണ്ടുതന്നെ അഞ്ചാം നമ്പറില്‍ ഇറങ്ങുന്ന രാഹുലിന്റെ സ്ഥിരതയെ പറ്റിയാണ് മഞ്ജരേക്കര്‍ എടുത്ത് പറഞ്ഞു. രാഹുലിന്റെ കഴിവുകളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച സഞ്ജയ് മഞ്ജരേക്കര്‍ താരം ഒരു സ്ഥിരമായ പൊസിഷനില്‍ ബാറ്റിങ് തുടരണമെന്ന് അഭിപ്രായപ്പെട്ടു.
‘കെ.എല്‍ രാഹുല്‍ ബാറ്റിങ് പൊസിഷന്‍ മാറ്റരുത്. അദ്ദേഹം ഏഷ്യ കപ്പിലും 2023 ലോകകപ്പിലും അഞ്ചാം നമ്പറില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അഞ്ചാം നമ്പറില്‍ സ്ഥിരത പുലര്‍ത്താനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അത് ടീം മാനേജ്‌മെന്റിന്റെ പദ്ധതിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’സഞ്ജയ് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയില്‍ പറഞ്ഞു.
2023ലെ ഏഷ്യാ കപ്പില്‍ ആണ് രാഹുലിന്റെ തിരിച്ചുവരവ്. അത് മധ്യനിരയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.