national news
സംഘപരിവാര്‍ ഭീഷണി; ടി.എം കൃഷ്ണയുടെ സംഗീത കച്ചേരി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മാറ്റിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 15, 05:24 am
Thursday, 15th November 2018, 10:54 am

ന്യൂദല്‍ഹി: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞന്‍ ടി.എം കൃഷ്ണയുടെ സംഗീത കച്ചേരി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മാറ്റിവെച്ചു. പരിപാടി നടത്തുന്നതില്‍ പ്രതിഷേധിച്ച് കൃഷ്ണയെ ജീസസിനും അല്ലാഹുവിനും വേണ്ടി പാടുന്നവന്‍, “ഇന്ത്യാവിരുദ്ധന്‍”, “അര്‍ബന്‍ നക്‌സല്‍”, എന്നിങ്ങനെ അഭിസംബോധന ചെയ്ത് സംഘപരിവാര്‍ ഓണ്‍ലൈന്‍ പ്രചരണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പിന്മാറ്റം.

പരിപാടിക്കെതിരെ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, സുരേഷ് പ്രഭു എന്നിവരെയെല്ലാം ടാഗ് ചെയ്താണ് സംഘപരിവാര്‍ അനുകൂലികള്‍ പ്രചരണം നടത്തിയിരുന്നത്.

നവംബര്‍ 17, 18 തിയതികളിലായി ദല്‍ഹി ചാണക്യപുരിയിലെ നെഹ്‌റു പാര്‍ക്കില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് അധികൃതര്‍ പിന്‍വാങ്ങിയത്. പരിപാടി സംബന്ധിച്ച് പത്രമാധ്യമങ്ങളിലെല്ലാം വന്‍ തോതില്‍ പരസ്യവും വന്നിരുന്നു. തുടക്കത്തില്‍ പരിപാടിയുമായി മു്‌ന്നോട്ടു പോകുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നെങ്കിലും പരിപാടി മാറ്റിവെച്ചതായി കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു.

ക്രിസ്ത്യന്‍ ഗാനങ്ങള്‍ പാടുന്നുവെന്ന് പറഞ്ഞ് ആഗസ്റ്റില്‍ അമേരിക്കയിലെ മേരിലാന്‍ഡില്‍ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് കൃഷ്ണയുടെ പരിപാടി റദ്ദാക്കിയിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ (സെപ്റ്റംബര്‍ 9) ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹത്തിന്റെ മറ്റൊരു പരിപാടി സംഘടിപ്പിക്കുകയായിരുന്നു.