എന്നെ പ്രേമലുവിലേക്ക് സെലക്ട് ചെയ്‌തെന്ന് മനസിലായത് അപ്പോഴായിരുന്നു: സംഗീത് പ്രതാപ്
Film News
എന്നെ പ്രേമലുവിലേക്ക് സെലക്ട് ചെയ്‌തെന്ന് മനസിലായത് അപ്പോഴായിരുന്നു: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th March 2024, 1:18 pm

ഓഡിഷനിൽ സെലക്ട് ആയപ്പോൾ തന്നോട് കാർ ഓടിക്കാൻ പഠിക്കാൻ പറഞ്ഞെന്ന് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. എന്നാൽ തനിക്ക് കാർ ഓടിക്കാൻ അറിയില്ലെന്ന് അവർക്ക് അറിയാമായിരുന്നെന്നും അതോടു കൂടെ താൻ സിനിമയിൽ ഉണ്ടാവുമെന്ന് ഉറപ്പായെന്നും സംഗീത് പ്രതാപ് പറഞ്ഞു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘രണ്ടാമത്തെ ഓഡിഷൻ വിളിച്ചു. ആദ്യത്തെ ഓഡിഷന് ടെൻഷൻ അടിച്ചാണ് പോകുന്നത്. രണ്ടാമത്തെത് ആയപ്പോൾ കുറച്ച് പ്രിപ്പയേർഡ് ആയിപ്പോയി. എന്തായാലും കിട്ടില്ല, ചെയ്തത് മോശമായി എന്ന് വിചാരിച്ചിട്ടാണ് ഞാൻ ഫസ്റ്റ് ടൈം ഇറങ്ങിപ്പോരുന്നത്. സെക്കൻഡ് ടൈം പോയപ്പോൾ എനിക്ക് മൂന്ന് സീനിന്റെ ഡയലോഗ് ഒക്കെ ഓർമയുണ്ട്.

അത് പ്ലാൻ ചെയ്തു പോയപ്പോഴേക്കും ഗിരീഷേട്ടൻ എന്നോട് പറഞ്ഞു കഴിഞ്ഞതവണ ചെയ്തത് നന്നായിരുന്നല്ലോ, ആ പരിപാടി എവിടെ എന്ന്. ഞാൻ ഓക്കേ ഏട്ടാ എന്ന് പറഞ്ഞു പോരുന്നു. കാർ ഡ്രൈവിങ് പഠിക്കണം എന്ന് പറഞ്ഞിരുന്നു. എനിക്ക് കാറോടിക്കാൻ അറിയില്ലെന്ന് ഇവർക്ക് നന്നായിട്ട് അറിയാം.

അപ്പോഴാണ് ഞാൻ ഏകദേശം സിനിമയിൽ ഉണ്ടെന്ന് എനിക്ക് മനസിലായത്. അപ്പോഴും അമൽ ഡേവിസിന്റെ വലിപ്പം എനിക്കറിയില്ല. ഒരു രണ്ടുമൂന്നു സീൻ വായിച്ചതിൽ നിന്ന് നമ്മൾ ഉണ്ടാക്കുന്ന കഥയിൽ നിന്ന് എവിടെയൊക്കെയോ ഉള്ള ക്യാരക്ടർ ആണെന്ന് മനസ്സിലായി. ഇത്രയും പ്രാധാന്യമുള്ള പരിപാടിയാണെന്ന് മനസിലായിരുന്നില്ല. സ്ക്രിപ്റ്റ് വായിച്ചപ്പോൾ എല്ലാ പേജിലും അമൽ ഡേവിസ് ഉണ്ട്. ഡയലോഗ് കൂടുതലാണല്ലോ എന്നാണ് തോന്നിയത്,’ സംഗീത് പ്രതാപ് പറഞ്ഞു.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെർഫെക്ട് റോം കോം എന്റർടൈനറാണ്.

മമിതയും നസ്‌ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ അഖില ഭാർഗവൻ പുറമെ സംഗീത് പ്രതാപ്, ശ്യാം മോഹൻ, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സച്ചിൻ എന്ന കഥാപാത്രത്തെ നസ്‌ലെനും റീനു എന്ന കഥാപാത്രത്തെ മമിതയുമാണ് അവതരിപ്പിച്ചത്.

Content Highlight: Sangeeth prathap about how he learned car driving