തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യ സാക്ഷി പ്രശാന്ത് മൊഴിമാറ്റി. തിരുവനന്തപുരം അഡീഷണല്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് പ്രശാന്ത് മൊഴി നല്‍കിയത്.
ക്രൈം ബ്രാഞ്ച് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മെഴിയില്‍ പ്രശാന്ത് പറഞ്ഞത്. എന്നാല്‍ മൊഴിമാറ്റാനുണ്ടായ സാഹചര്യം അറിയില്ലെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആശ്രമത്തിന് തീയിട്ടത് സ്ഥലവാസിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സഹോദരന്‍ പ്രകാശും കൂട്ടുകാരും ചേര്‍ന്നാണെന്നായിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തല്‍. പ്രകാശ് ഈ വര്‍ഷം ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു.
പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് തന്നോട് ആശ്രമം കത്തിച്ച കാര്യം പറഞ്ഞു എന്നായിരുന്നു പ്രകാശ് ക്രെം ബ്രാഞ്ചിനോട് പറഞ്ഞത്.
ആര്‍.എസ്.എസ് നേതാവ് പ്രകാശിന്റെ മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ആശ്രമം കത്തിച്ച കേസിലെ നിര്‍ണായക വിവരം പുറത്തുവന്നത്.
‘അവന്‍(പ്രകാശ്) ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. ആശ്രമം കത്തിച്ച സംഭവത്തില്‍ തിരുവനന്തപുരം ജഗതിയില്‍ നിന്നും ഇവന്റെ ഒരു കൂട്ടുകാരനെ കഴിഞ്ഞ വര്‍ഷം അവസാനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അതോടെ അവന്‍ അസ്വസ്ഥനായിരുന്നു.
കൂട്ടുകാരനെ പൊലീസ് പിടിച്ച് രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഇവന്‍ എന്നോട് ഇക്കാര്യം തുറന്നു പറഞ്ഞത്. പിന്നീട് കുറച്ചു ദിവസത്തിന് ശേഷമായിരുന്നു ആത്മഹത്യ. അവന്റെ മരണശേഷം ഈ കൂട്ടുകാര്‍ എന്നു പറയുന്ന ആരേയും ഇങ്ങോട്ട് കണ്ടിട്ടില്ല.
ആത്മഹത്യ ചെയ്യുന്നതിന് തലേദിവസങ്ങളില്‍ പ്രകാശിനെ ഒപ്പമുള്ളവര്‍ മര്‍ദിച്ചിരുന്നു. കൊച്ചുകുമാര്‍, വലിയ കുമാര്‍, രാജേഷ് എന്നീ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അവനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുകള്‍. ഇവര്‍ തന്നെയാവും ഈ കൃത്യം ചെയ്തത് എന്നാണ് എന്റെ സംശയം,’ എന്നാണ് പ്രശാന്ത് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ശബരിമല വിവാദത്തിനിടെയായിരുന്നു ആക്രമണമുണ്ടായിരുന്നത്. ശബരിമല സത്രീപ്രവേശന വിഷയത്തിലടക്കം സംഘപരിവാറിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാടുകളെ വിമര്‍ശിക്കുന്നയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. തനിക്ക് നേരെ ആക്രമണ ഭീഷണികളുണ്ടായിരുന്നതായി സന്ദീപാനന്ദ ഗിരി പറഞ്ഞിരുന്നു.
നാല് വര്‍ഷം പിന്നിട്ടിട്ടും ആശ്രമം കത്തിച്ച കേസിലെ പ്രതികളെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം സിറ്റി പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
ഫോറന്‍സിക് തെളിവുകളില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചതാണെന്നല്ലാതെ എവിടെയാണ് തീ കത്തി തുടങ്ങിയതെന്നോ ആരാണ് പിന്നിലെന്നോ വ്യക്തമായിരുന്നില്ല. ആശ്രമത്തിലെ സി.സി.ടി.വി ക്യാമറകള്‍ തകരാറിലായതും തെളിവുകള്‍ കിട്ടാന്‍ തടസമായി.
സംഭവത്തിന് ഒരാഴ്ച മുമ്പ് ആശ്രമത്തിലേക്ക് മാര്‍ച്ച് നടത്തിയവരെ ഉള്‍പ്പെടെ പൊലീസ് നിരീക്ഷണത്തിലാക്കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. പ്രദേശത്തെ മറ്റ് സി.സി.ടി.വി ക്യാമറകളില്‍ നിന്നോ ഫോണ്‍ കോളുകളില്‍ നിന്നോ സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
ഇതിനെത്തുടര്‍ന്ന് കേസില്‍ അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുണ്ടായത്.